അവറാനായി വിജയരാഘവനെ തന്നെ കണ്ടു: ‘ആന്റണി’ ക്ലീഷെ എന്നു പറയുന്നവരോട്: രാജേഷ് വർമ അഭിമുഖം
Mail This Article
രക്തച്ചൊരിച്ചിലിനപ്പുറം മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ ഏറെ സൂക്ഷ്മതയോടെ പ്രതിഫലിപ്പിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ‘ആന്റണി’. ‘വിശുദ്ധനും സാത്താനും’ എന്ന് വിളിപ്പേരുള്ള ആന്റണി എന്ന ഗ്യാങ്സ്റ്ററുടെ കഥപറയുന്ന ചിത്രത്തിൽ ആന്റണിയായി ജോജു ജോർജും ആൻ മരിയയായി കല്യാണി പ്രിയദർശനും അഭിനയിക്കുന്നു. രാജേഷ് വർമയാണ് ആന്റണിയുടെ തിരക്കഥ എഴുതിയത്. പണ്ടെങ്ങോ കേട്ട ഒരു സംഭവമാണ് ആന്റണിയുടെ കഥയെഴുതാനുള്ള പ്രേരണയായതെന്ന് രാജേഷ് പറയുന്നു. ഇമോഷൻ വളരെ നന്നായി ചെയ്യാൻ കഴിയുന്ന ജോജുവും കഠിനാധ്വാനിയായ, നിഷ്കളങ്ക മുഖമുള്ള കല്യാണിയും തന്റെ കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പായിരുന്നെന്നും രാജേഷ് വർമ പറയുന്നു. വിശുദ്ധനായ തന്റെ സാത്താനെ പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷം പങ്കുവച്ചുകൊണ്ട് രാജേഷ് വർമ മനോരമ ഓൺലൈനിലെത്തുന്നു.
കേട്ടുമറന്ന സംഭവത്തിൽ നിന്നൊരു ത്രെഡ് ‘ആന്റണി’ ആയി
ഞാൻ എവിടെയോ കേട്ട ഒരു സംഭവത്തിൽ നിന്നാണ് ആന്റണിയുടെ കഥ എഴുതാൻ പ്രേരണ കിട്ടിയത്. ഒരു ക്രിമിനലിനെ കൊന്ന പ്രതി, മരിച്ച ആളിന്റെ ഭാര്യയ്ക്ക് പത്തു സെന്റ് സ്ഥലം വാങ്ങി വീടുവച്ചു കൊടുത്ത് മൊഴി മാറ്റി പറയിക്കുന്നു. അവർ ആ കൊലയ്ക്ക് ദൃക്‌സാക്ഷി ആണ്. വാടക വീട്ടിൽ താമസിച്ചിരുന്ന അവർക്ക് രണ്ടു ആൺമക്കളാണ് ഉള്ളത്. ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. ആ സ്ത്രീക്ക് ഒരു പെൺകുട്ടി ആണെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്നു ചിന്തിച്ചിട്ട് അതിൽനിന്ന് എഴുതിയ കഥയാണ് ആന്റണിയുടേത്. ഒരു ത്രെഡ് മാത്രമേ ആ സംഭവത്തിൽനിന്ന് എടുത്തിട്ടുള്ളൂ. ബാക്കിയെല്ലാം എന്റെ ഭാവനയാണ് .
പ്ലോട്ട് കേട്ടപ്പോൾ ജോഷി സാർ പറഞ്ഞു, ‘മുഴുവൻ വായിക്കൂ’
ഞാൻ ഈ കഥ ആദ്യം പറയുന്നത് എന്റെ സുഹൃത്ത് എബ്രിഡ് ഷൈനോടാണ്. സാധാരണ ഞാൻ പറയുന്ന കഥ ഒന്നും ഷൈൻ ഗൗരവത്തോടെ എടുക്കാറില്ല. പക്ഷേ ഈ കഥ ഷൈൻ ഗൗരവത്തോടെ വായിച്ചു, എന്നിട്ട് എന്നോട് പറഞ്ഞു ‘‘എടോ ഇത് ജോഷി സർ ചെയ്താൽ ആയിരിക്കും നന്നാവുക’’. ഷൈൻ തന്നെയാണ് ജോഷി സാറിനോട് ഈ കഥയെപ്പറ്റി പറഞ്ഞത്. ഞാൻ സാറിനെ പോയി കണ്ടു. ഞാൻ പറഞ്ഞു, ‘‘സർ ഞാൻ ഇരുപതു പേജ് എഴുതിക്കൊണ്ടു വന്നിട്ടുണ്ട് അത് സർ കേൾക്കുമോ?’’. സാർ പറഞ്ഞു ‘‘താൻ പ്ലോട്ട് പറ. ഞാൻ ബാക്കി വായിക്കാം’’. പക്ഷേ ഞാൻ പ്ലോട്ട് പറഞ്ഞപ്പോൾ അദ്ദേഹം മുഴുവൻ വായിക്കാൻ പറഞ്ഞു. വായിച്ചു കേട്ടപ്പോൾത്തന്നെ അദ്ദേഹം സിനിമ ചെയ്യാം എന്ന് പറഞ്ഞു. പിന്നെ സാറിന്റെ രീതിയിൽ കഥ മാറ്റി എടുത്തു. അന്ന് ഞാൻ ആദ്യമായിട്ടാണ് സാറിനെ കാണുന്നത്.
അവറാൻ സിറ്റി എന്ന സ്ഥലം സാങ്കൽപികം
അതൊരു സാങ്കൽപ്പിക സ്ഥലമാണ്. ഇടുക്കിയിലെ പ്രകാശ് സിറ്റി, ബാലൻ പിള്ള സിറ്റി എന്നൊക്കെ കേട്ടിട്ടില്ലേ. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിൽ ഒരു ജംക്‌ഷൻ ഉണ്ടെങ്കിൽ എങ്ങനെ ഉണ്ടാകും എന്ന തോന്നലിലാണ് അവറാൻ സിറ്റി എന്ന് എഴുതിയത്. ഈരാറ്റുപേട്ട, വാഗമൺ ഒക്കെയാണ് ഷൂട്ട് ചെയ്തത്. അവറാൻ സിറ്റി ഉണ്ടാക്കി എടുക്കുകയായിരുന്നു.
ജോജു ഇമോഷൻ നന്നായി ചെയ്യും
കഥ എഴുതിയപ്പോൾ ഞാൻ ആരെയും മനസ്സിൽ കണ്ടിട്ടില്ല. എന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് ജോഷി സാർ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു. അവറാൻ ആയി ആദ്യമേ ഞാൻ മനസ്സിൽ കണ്ടത് വിജയരാഘവൻ ചേട്ടനെ ആണ്. ജോഷി സർ തന്നെയാണ് ജോജുവിനെ സജസ്റ്റ് ചെയ്തത്. വേറെ ഒന്നുരണ്ടു നടന്മാരുടെ കാര്യം സർ ചോദിച്ചിരുന്നു, പക്ഷേ ഒടുവിൽ ജോജുവിൽ എത്തി. ജോജു ഇമോഷൻ നന്നായി ചെയ്യുന്ന താരമാണ്. ഒരു മാസ്സ് പടം എന്നതിലുപരി ഈ സിനിമയിൽ ഇമോഷൻ കൂടുതൽ വർക്ക് ചെയ്തിട്ടുണ്ട്.
പടം കണ്ടു കഴിഞ്ഞാലും അതിലെ ഇമോഷൻ മനസ്സിൽ തങ്ങി നിൽക്കും. ജോജുവിന്റെ സ്ക്രീൻ പ്രസൻസും അടിപൊളിയാണ്. ഒരു ഇടി ഇടിച്ചാൽ ഒന്നൊന്നര ഇടിപോലെ തോന്നും. ജോജു ആ കഥാപാത്രം വളരെ നന്നായി ചെയ്തു. ഓരോ ഷോട്ടും കഴിഞ്ഞ് ജോജു ചോദിക്കും ‘‘എടാ ഞാൻ നിന്റെ ആന്റണി ആകുന്നുണ്ടോടാ?’’ ജോജുവിന് ചെറിയ ആശങ്ക ഉണ്ടായിരുന്നു. പിന്നെ പൊറിഞ്ചു മറിയം ജോസ് ടീമിനെ ഒന്നുകൂടി ഒന്നിപ്പിക്കണം എന്ന് സാറിന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് നൈല, ചെമ്പൻ തുടങ്ങിയവർ വരുന്നത്. കല്യാണിയും ഒരു വില്ലനായ നടനും മാത്രമേ പുതിയവർ ഉള്ളൂ.
കല്യാണി ഡെഡിക്കേറ്റഡ് ആയ താരം
കല്യാണി എങ്ങനെ ബോക്സിങ് താരമായി അഭിനയിക്കും എന്ന് ട്രോളുകൾ ഒക്കെ വന്നിരുന്നു. പക്ഷേ പടം കണ്ടപ്പോൾ കല്യാണി വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞു. കല്യാണി ഡെഡിക്കേറ്റഡ് ആയ താരമാണ്. കിക്ക് ബോക്സിങ് പരിശീലനം ഒക്കെ ചെയ്യുന്ന സമയത്ത് ഒരു മടിയുമില്ലാതെ എല്ലാം ചെയ്തു. ഇവിടെ നിന്ന് ട്രയിനറെ കൊണ്ടുപോയി ചെന്നൈയിൽ ഒരുമാസം ട്രെയിനിങ് കൊടുത്തു. നന്നായി ഇടി കൊണ്ടാണ് കല്യാണി കിക്‌ബോക്‌സിങ് ചെയ്തത്. അവരുടെ ഡയറ്റാണ് കല്യാണി പിന്നെ ഫോളോ ചെയ്തത്. പരിശീലനത്തിനിടയിൽ മുറിവും ചതവും ഒക്കെ ഉണ്ടായി.
ഡയലോഗ് മുഴുവൻ ആ സിനിമയിൽ വേണ്ട സ്ലാങ്ങിൽ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. കല്യാണി അത് മുഴുവൻ കാണാതെ പഠിച്ചു. കല്യാണി ഒരു നിഷ്കളങ്കയായ കുട്ടിയുടെ മുഖമുള്ള നടിയാണ്. എന്റെ കഥാപാത്രം ഞാൻ കല്യാണിയുടെ മുഖത്ത് കണ്ടു. ഏതു കഥാപാത്രം കൊടുത്താലും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ട് കല്യാണിക്ക്. ഷൂട്ടിങ് സമയത്ത് ഒട്ടും തളരാതെ വളരെ ഊർജസ്വലയായി ഉത്സാഹത്തോടെയാണ് കല്യാണി അഭിനയിച്ചത്. പല റേഞ്ച് ഉള്ള ആ കഥാപാത്രം കല്യാണി വളരെ നന്നായി കൈകാര്യം ചെയ്തു.
കഥ ക്ളീഷേ ആണ് എന്ന് എങ്ങനെ പറയും ?
പറഞ്ഞു പഴകിയ കഥയാണ് എന്നൊരു നെഗറ്റീവ് അഭിപ്രായം വന്നിരുന്നു. പക്ഷേ ആന്റണിയുടെ കഥ ക്ളീഷേ ആണെന്ന് എങ്ങനെ പറയും? കഥയിൽ പുതുമയുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ അത് എഴുതിയത്. ഒരു ക്രിമിനലിന് അയാൾ കൊല്ലുന്ന ആളുടെ മകളെ സംരക്ഷിക്കേണ്ടി വരുന്നു. അവർക്കിടയിൽ ഉടലെടുക്കുന്ന ഒരു അച്ഛൻ-മകൾ ബന്ധം, അതിനിടയിൽ ഉണ്ടാകുന്ന വെല്ലുവിളികൾ. ഇതൊരു കൊറിയൻ പടത്തിലൊക്കെ ആണെങ്കിൽ ഹോ ഭയങ്കര കഥ എന്ന് പറയും. പക്ഷേ നമ്മുടെ നാട്ടിൽ വരുമ്പോൾ ഓ സ്ഥിരം കഥ എന്ന് പറയും.
ജോഷി സാർ ഇടുക്കി ബേസ്ചെയ്ത സിനിമകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്. പക്ഷേ ജോഷി സർ ചെയ്തതുകൊണ്ട് ഞാൻ എഴുതിയ കഥയേക്കാൾ വളരെ നന്നായി സിനിമ വന്നു. ഇപ്പോൾ ഒരുപാട് പേര് സിനിമ ഏറ്റെടുത്തു, ഒരാഴ്ച കഴിഞ്ഞപ്പോൾ കൂടുതൽ പേര് സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. തിങ്കൾ, ചൊവ്വ ഒക്കെ തിയറ്ററിൽ അധികം ആള് കേറാറില്ല, പക്ഷേ ഇപ്പോഴും തിയറ്ററിൽ ആളുണ്ട്. സ്ത്രീകളും പെൺകുട്ടികളും കുടുംബ പ്രേക്ഷകരുമാണ് സിനിമ കൂടുതൽ ഏറ്റെടുത്തത്.
അടുത്തത് ഒരു പീരിയഡ് മാസ് പടം
ഇപ്പോൾ എഴുതിക്കൊണ്ടിരുന്നത് മാർഷ്യൽ ആർട്സ് ആയി ബന്ധപ്പെട്ട ഒരു പീരിയഡ് സിനിമയാണ്. കളരി, യക്ഷഗാനം, കുതിരപ്പന്തയം, ബോക്സിങ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മാസ് സിനിമയാകും. എഴുത്തു നടക്കുന്നതേയുള്ളൂ. കർണാടക, തമിഴ് നാട് ഇവിടെയൊക്കെ യാത്രചെയ്ത് തിരക്കഥ തയാറാക്കണം. അങ്ങനെയുള്ള പരിപാടികളിൽ ആണ് ഇപ്പോൾ.