ADVERTISEMENT

∙അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ്, കമൽഹാസൻ, ശോഭന തുടങ്ങി വമ്പൻ താരനിരയുമായാണ് കൽക്കി 2898 എഡി ചിത്രം പുറത്തിറങ്ങുന്നത്. എന്തൊക്കെയാണ് കൽക്കിയിലെ കൈറയുടെ വിശേഷങ്ങൾ?

 സയൻസ് ഫിക്‌ഷൻ ആക്​ഷൻ സിനിമയാണു കൽക്കി. ഒരുപാട് സർപ്രൈസുകളുണ്ട് സിനിമയിൽ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, നന്നായി സംസാരിക്കുന്ന, എന്നാൽ അതേസമയം റിബലായ ഒരു പെൺകുട്ടി. ആദ്യമായാണ് ഞാൻ സ്റ്റണ്ട് സീനുകളിൽ‍ അഭിനയിക്കുന്നത്. സാധാരണ ‘അടിപിടി’ മാത്രമല്ല, ക്രെയിൻ, റോപ്, മെഷീൻ തുടങ്ങിയവ ഉപയോഗിച്ചുള്ള ഫൈറ്റ് ഷോട്ടുകൾ ഉണ്ടായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും ചതവും മുറിവുമൊക്കെ പറ്റും. ഒരിക്കൽ കാൽ ഉളുക്കി. ഷൂട്ട് നിർത്തിവയ്ക്കേണ്ടി വന്നു. ഡ്യൂപ്പില്ലാതെയാണു ഫൈറ്റ് സീൻ ചെയ്തത്. 

∙ ഫൈറ്റ് സീനുകൾക്കു വേണ്ടി തയാറെടുപ്പുകൾ‍ നടത്തിയിരുന്നോ?

ജിമ്മിൽ പോകാൻ മടിയുള്ള ആളാണു ഞാൻ. അങ്ങനെയാണ് ബോക്സിങ് പരിശീലിക്കുന്നത്. കൈറയ്ക്കായി ശരീരം ഫിറ്റാക്കണമായിരുന്നു. കൈറയുടെ സീനുകൾ കുറവാണെങ്കിലും പല ഷെഡ്യൂളുകളായിട്ടായിരുന്നു ചിത്രീകരണം. എന്റെ ഷൂട്ടിങ് പൂർത്തിയാകാൻ രണ്ടു വർഷമെടുത്തു. 

∙ തെലുങ്കിലെ ആദ്യ ചിത്രമാണല്ലോ?

ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളെക്കാൾ പതിന്മടങ്ങ് ബജറ്റിലാണ് കൽക്കി ഒരുക്കിയിരിക്കുന്നത്. സംവിധാനം, തിരക്കഥ എന്നിങ്ങനെ എല്ലാറ്റിലും വ്യത്യസ്ത കാണാം. ആദ്യമായാണ് ഗ്രീൻ‍ ഫ്ലോറിൽ അഭിനയിക്കുന്നത്. അവിടെ ക്യാൻവാസ് ശൂന്യമാണ്. കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നു സംവിധായകന്റെ സഹായത്തോടെ നമ്മൾ തീരുമാനിക്കുകയാണ്. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലും ഡബ് ചെയ്തു. ദീപിക പദുക്കോണിന്റെ കൂടെ സീനുണ്ടായിരുന്നു. എല്ലാക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേത്രി ശോഭനയാണ്. അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു.

∙ തമിഴിലും അരങ്ങേറ്റംകുറിച്ച വർഷമാണിത്. ആദ്യ ചിത്രമായ കൊട്ടുകാളി തന്നെ ട്രാൻസിൽവാനിയ രാജ്യാന്തര ചലച്ചിത്രമേളയിൽ സ്പെഷൽ ജൂറി അവാർഡ് ലഭിച്ചു. ബർലിൻ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.

കപ്പേള വഴിയാണ് കൊട്ടുകാളിയിലെ മീനയാകാനുള്ള അവസരം ലഭിച്ചത്. വിനോദ്​രാജാണു ചിത്രത്തിന്റെ സംവിധായകൻ. സൂരിയാണ് നായകൻ. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ഇഷ്ടപ്പെട്ട പുരുഷനെ തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികൾ, പോരാട്ടം തുടങ്ങിയവ വിശ്വാസങ്ങളുടെ ചരടിൽ കോർത്തുകൊണ്ടാണ് കൊട്ടുകാളി സംവദിക്കുന്നത്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ തിയറ്റർ റിലീസ്.

∙ വെറുതേ വന്നുപോകുന്ന നായികയായിരുന്നില്ല അന്ന ബെൻ. എല്ലാ കഥാപാത്രങ്ങളും നായകനൊപ്പം പ്രാധാന്യമർഹിക്കുന്നത്. ബോധപൂർവമുള്ള തിരഞ്ഞെടുപ്പായിരുന്നോ അത്? 

തമാശയ്ക്കുവേണ്ടിയോ സ്ത്രീക്കു പ്രാധാന്യം കൊടുക്കാൻ വേണ്ടി മാത്രമോ ഒരു കഥാപാത്രമല്ല സിനിമയ്ക്കു വേണ്ടത്. കഥാപാത്രത്തിന് അതിന്റേതായ ഭംഗിയും വ്യക്തിത്വവും ഉണ്ടാകണം. കൈറ താരതമ്യേനെ വളരെ ചെറിയ കഥാപാത്രമാണ്. പക്ഷേ, ആ കഥയിൽ കൈറയ്ക്ക് ഒരു സ്ഥാനമുണ്ട്. ഞാൻ കേൾക്കുന്ന കഥകളിൽ ഞാൻ നോക്കുന്നതും അത്തരമൊരു സ്പേസാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com