കസിൻസുമായി റിലേഷൻ ഉണ്ടായിരുന്നവരെ എനിക്കറിയാം: ‘നാരായണീന്റെ മൂന്നാൺമക്കൾ’ നായിക പറയുന്നു

Mail This Article
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്‍റെ മൂന്നാൺമക്കൾ’ ചർച്ചയാകുന്നത് സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ്. സിനിമയിൽ രണ്ടു സഹോദര കഥാപാത്രങ്ങൾ തമ്മിൽ ഉടലെടുക്കുന്നതായി കാണിക്കുന്ന സൗഹൃദ–പ്രണയ ബന്ധം വ്യാപക വിമർശനത്തിന് വഴിയൊരുക്കി. ചിത്രത്തിൽ ഈ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ച പെൺകുട്ടി തിയറ്റർ ആർട്ടിസ്റ്റായ ഗാർഗി അനന്തനാണ്. ന്യൂയോർക് ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഗാർഗി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദ പഠനവും പോണ്ടിച്ചേരി സർവകലാശാലയിൽ പെർഫോർമിങ് ആർട്സിൽ പിജിയും പൂർത്തിയാക്കിയിട്ടുണ്ട്. ‘നാരായണീന്റെ മൂന്നാണ്മക്കൾ’ പ്രേക്ഷക പ്രശംസ നേടുന്നതിനിടെ സിനിമയെക്കുറിച്ചും കഥാപത്രങ്ങളെക്കുറിച്ചും മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ഗാർഗി അനന്തൻ...
നാടകത്തിൽ നിന്ന് സിനിമയിലേക്ക്
ഞാൻ ഇതുവരെ ഏഴു സിനിമകൾ ചെയ്തു, അതിൽ ഏഴാമത്തേതാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ‘റൺ കല്യാണി’ എന്ന സിനിമയാണ് ആദ്യത്തേത്. അത് ഫെസ്റ്റിവലിനൊക്കെ പോയ സിനിമയാണ്. തിയറ്റർ ആർട്സ് ആണ് ഞാൻ പഠിച്ചത്. അഭിനയം ആണ് എന്നും എനിക്കിഷ്ടം. പഠിക്കുന്ന സമയത്ത് ഓഡിഷനൊക്കെ പോകുമായിരുന്നു. ഹൈദരാബാദ് ഒക്കെ സിനിമ പ്രൊഡക്‌ഷൻ കാസ്റ്റിങ് ഒക്കെ ചെയ്യുന്ന സുനിത സി.വി. ചേച്ചി ആണ് എന്നോട് ഒരു വിഡിയോ ചെയ്ത് അയയ്ക്കാൻ പറഞ്ഞത്. അത് കണ്ടു അവർ വിളിച്ചു അങ്ങനെയാണ് റൺ കല്യാണിയിലേക്ക് എത്തിയത്. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കുമാരനാശാന്റെ ഒരു ബയോപിക് ആണ് മറ്റൊരു സിനിമ, നോർമൽ എന്നൊരു ആന്തോളജി, ഏകൻ അനേകൻ, വടക്കൻ, നാരായണീന്റെ മൂന്നാണ്മക്കൾ, ചേര എന്നിവയാണ് മറ്റു സിനിമകൾ. ചേര ഇനി റിലീസ് ആകാനുണ്ട്.

സിനിമയും നാടകവും
എനിക്ക് സിനിമയും നാടകവും ഇഷ്ടമാണ്, ഏതായാലും അഭിനയം ആണല്ലോ. രണ്ടും തമ്മിൽ മീഡിയത്തിന്റെ വ്യത്യാസമുണ്ട്. സിനിമയിൽ റീടേക്ക് ചെയ്യാൻ കഴിയും, തിയറ്ററിൽ അത് പറ്റില്ല. തിയറ്റർ ചെയ്തു കഴിഞ്ഞ് അപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ കിട്ടും, സിനിമ ചെയ്ത് കുറെ കാലം കഴിഞ്ഞാണ് അതേപ്പറ്റിയുള്ള അഭിപ്രായങ്ങൾ കിട്ടുക. അത്തരത്തിൽ കുറച്ചു വ്യത്യാസങ്ങൾ രണ്ടും തമ്മിൽ ഉണ്ട്. പക്ഷേ രണ്ടും അഭിനയമാണല്ലോ ഏതായാലും ചെയ്യാൻ കഴിയുമ്പോൾ സന്തോഷം.

ശരൺ വേണുഗോപാലിന്റെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ‘വടക്കൻ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ശരൺ വിളിച്ച് ഈ സിനിമയുടെ കാര്യം പറയുന്നത്. വടക്കൻ കഴിഞ്ഞ് നാരായണിയിൽ ജോയിൻ ചെയ്തു. ഞങ്ങൾ ഒരു വർക്ക്ഷോപ്പ് പോലെ സീനുകൾ ഒക്കെ ചെയ്തു നോക്കി. അങ്ങനെ ആണ് നാരായണിയിലേക്ക് വന്നത്.

‘നാരായണീന്റെ മൂന്നാണ്മക്കൾ’ മനോഹരമായ സിനിമ
രണ്ട് വർഷം മുൻപാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സത്യം പറഞ്ഞാൽ ഈ സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ഞാൻ മറന്നുപോയിരുന്നു. സിനിമ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, മനോഹരമായ സിനിമ. അതിൽ എല്ലാ കഥാപാത്രങ്ങളും ഭയങ്കര ഡെപ്ത് ഉള്ളവയാണ്. പിന്നെ ടെക്നിക്കൽ സൈഡ് നോക്കിയാലും വിഷ്വൽസ് ആണെങ്കിലും മനോഹരമായിട്ടുണ്ട്. സിങ്ക് സൗണ്ട് ആയിരുന്നു ഉപയോഗിച്ചത്. സാധാരണ സിങ്ക് സൗണ്ട് ചെയ്യുമ്പോൾ ചെറിയ ക്ലാരിറ്റി കുറവുണ്ടാകും. പക്ഷേ ഇത് എനിക്ക് തോന്നുന്നു ഡബ്ബ് ചെയ്യുമ്പോൾ ഉള്ള ക്ലാരിറ്റി സിങ്ക് സൗണ്ടിൽ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ ജെഡിയോട് കഴിഞ്ഞ ഒരു ഇന്റർവ്യൂവില്‍ കണ്ടപ്പോൾ ചോദിച്ചായിരുന്നു എങ്ങനെയാണ് ഇത് ചെയ്തത് എന്ന്.

സിങ്ക് സൗണ്ട് ആണെന്ന് തോന്നിയതേ ഇല്ല. എനിക്ക് സിങ്ക് സൗണ്ട് ആണ് ഇഷ്ടം കാരണം നമ്മൾ അഭിനയിക്കുന്ന സമയത്ത് കുറെ പ്രിപ്പയർ ചെയ്ത് ആണല്ലോ ചെയ്യുന്നത്, ഈ സിനിമ ഷൂട്ട് കഴിയുമ്പോഴേക്കും നമ്മൾ ചിലപ്പോൾ വേറെ പല പ്രോജക്ട്സുമായിട്ട് പോകും. അത് കഴിഞ്ഞ് പിന്നെ ഇതിന്റെ ഡബ്ബിങ്ങിലേക്ക് തിരിച്ചു വരുമ്പോൾ ചിലപ്പോൾ അന്ന് ഉണ്ടാക്കി വെച്ച ന്യൂവാൻസസ് ചിലപ്പോൾ അതുപോലെ തന്നെ കൊണ്ടുവരാൻ പറ്റണമെന്നില്ല. പിന്നെ അഭിനയിക്കുന്ന സമയത്ത് സഹതാരങ്ങളുടെ കൊടുക്കൽ വാങ്ങലിലൂടെ ഉണ്ടാകുന്ന കൊറേ കാര്യങ്ങളുണ്ട്, പിന്നെ ഡബ്ബ് ചെയ്യുമ്പോൾ അത് ഇല്ലാതാകും. സിനിമയുടെ സ്ക്രിപ്റ്റ് ഡയലോഗുകൾ എല്ലാം മനോഹരമാണ്. ബന്ധങ്ങൾ ഭയങ്കര രസമായിട്ട് ശരൺ കാണിച്ചു.

ഒരു വാക്ക് പറയാൻ പോലും റീടേക്ക് എടുത്തിട്ടുണ്ട്
എന്നോട് ആരും അങ്ങനെ ഒരു നെഗറ്റീവ് ആയി ഞങ്ങളുടെ കഥാപാത്രത്തെപ്പറ്റി സംസാരിച്ചിട്ടില്ല. എനിക്ക് തോന്നുന്നു അതൊക്കെ സംവിധായകനോടും എഴുത്തുകാരനോടും ആകും ചോദിക്കുക. എന്നോട് അഭിനയത്തെപ്പറ്റി ആണ് പറയുന്നത്, ഇതുവരെ എല്ലാവരും നല്ല അഭിപ്രായമാണ് അറിയിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് അതിൽ ഭയങ്കര സന്തോഷമുണ്ട്. ആരൊക്കെയോ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു ഇതിലെ ബന്ധങ്ങളെപ്പറ്റി പല ചർച്ചകൾ ഉണ്ടെങ്കിലും പെർഫോമൻസിനെ പറ്റി ആർക്കും ഒരു പ്രശ്നവും പറയാനില്ല, രണ്ടുപേരും സൂപ്പർ ആയിട്ട് ചെയ്തു എന്നൊക്കെ ആണ് പറയുന്നത്. ഞങ്ങൾ ഷൂട്ടിന് മുൻപ് കുറെ റിഹേഴ്സൽ ചെയ്തിരുന്നു.
ശരൺ ഭയങ്കര രസമായിട്ട് പറഞ്ഞു തരും. ചില സീനൊക്കെ ചെയ്യുമ്പോൾ നമ്മൾ എല്ലാം സിംഗിൾ ഷോട്ട് ആയിരിക്കും ചെയ്യുക, അപ്പൊ ശരൺ പറയും ഒരു ലൈനിന്റെ മാത്രം വേറൊരു വേരിയേഷൻ ഇട്ടിട്ട് ബാക്കിയെല്ലാം ഇതുപോലെ വേണം, ബാക്കിയെല്ലാം ഇതേ മീറ്ററിൽ കൊടുക്കും വേണം ഒരു വാക്കൊക്കെ ആയിരിക്കും ചിലപ്പോൾ മാറ്റാൻ പറയുന്നത്. അപ്പോൾ അങ്ങനെ വീണ്ടും അതേപോലെ ഇരുന്നു ട്രൈ ചെയ്യും. ഏതെങ്കിലും ഒരു കുഞ്ഞു വാക്കിനൊക്കെ വേണ്ടിയിട്ട് ഞങ്ങൾ ഫുൾ വീണ്ടും എടുക്കും. അപ്പോൾ അങ്ങനെ കുറെ ശ്രമിച്ചിട്ടുണ്ട്, ഏതോ ഒരു സമയത്ത് എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്, ചിരി ഒരു മില്ലിമീറ്റർ കുറയ്ക്കാമോ എന്ന്. അങ്ങനെ ഒക്കെ കഷ്ടപ്പെട്ട് ചെയ്തത് നന്നായി വർക്ക്ഔട്ട് ആയി എന്ന് തോന്നുന്നു.

കസിൻസുമായി ബന്ധം ഉണ്ടാകുന്നത് പുതിയ കാര്യമല്ല
ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത കഥാപാത്രം നന്നായി ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ഉത്തരവാദിത്തം. ഭയങ്കര രസമുള്ള, ഒരുപാട് ലെയേഴ്സ് ഉള്ള കഥാപാത്രമാണ്. അത് എങ്ങനെ ചെയ്തെടുക്കാം എന്നത് മാത്രമാണ് ഞാൻ ആലോചിച്ചിട്ടുള്ളത്. പിന്നെ കഥാപാത്രത്തിന്റെ വീക്ഷണത്തിൽ നോക്കിയാൽ ആതിരയും നിഖിലും തമ്മിൽ ഒട്ടും പരിചയമില്ല, അവർ അപരിചിതരാണ്. ജീവിതത്തിൽ ഇതുവരെ ഒരു തവണ പോലും സംസാരിച്ചിട്ടില്ലാത്ത ആളുകൾ. അവരുടെ മാതാപിതാക്കൾ പോലും ചിലപ്പോൾ മറ്റേ ആളെ പറ്റി ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകൾ തമ്മിൽ എന്ത് തരത്തിൽ ഒരു സഹോദര ബന്ധമാണ് ഉണ്ടാവുക. അവരുടെ അച്ഛന്മാരുടെ ബന്ധം തന്നെ കണ്ടില്ലേ അത് കുഴഞ്ഞുമറിഞ്ഞതാണ്.

അപ്പോൾ പിന്നെ ഇവര്‍ തമ്മിൽ അങ്ങനെ ഒരു ഒരു സഹോദര ബന്ധം ഉണ്ടാവാനുള്ള ഒരു സാധ്യതയും ഇല്ല. പിന്നെ വേറൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിൽ ഈ മുറപ്പെണ്ണും മുറചെറുക്കൻ സമ്പ്രദായം ഒക്കെ ഉണ്ടായിരുന്നല്ലോ, ഇപ്പോഴും പലയിടത്തും ഉണ്ട്. അതിൽ തന്നെ അമ്മയുടെ ആങ്ങളയുടെ മകനും ആയി ആണെങ്കിൽ ആ ബന്ധം ഓക്കേ ആണ്, സഹോദരിയുടെയും സഹോദരന്റെയും മക്കൾ ആണെങ്കിൽ എല്ലാവരും അംഗീകരിക്കും. സഹോദരന്മാരുടെ മക്കൾ ആണെങ്കിൽ പറ്റില്ല, രണ്ടു ബന്ധത്തിലും ഒരേ തരത്തിലുള്ള രക്തബന്ധം ആണ്.

നമ്മുടെ നാട്ടിൽ പുരുഷന്മാരാണ് രക്തബന്ധം തുടരുന്നത് എന്നൊരു വിശ്വാസം ഉണ്ട്, സഹോദരന്മാരുടെ മക്കൾ ആണെങ്കിൽ ഒരേ രക്തം ആണെന്നും സഹോദരിയുടെ മക്കൾ ആണെങ്കിൽ അത് അവരുടെ ഭർത്താവിന്റെ രക്തം ആണെന്നും ആണ് കരുതുന്നത്. അങ്ങനത്തെ ഒരു റിലേഷൻ ആയിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ല. കസിൻസുമായി ഇതുപോലെ റിലേഷൻ ഉണ്ടായിരുന്ന ഒരുപാട് പേരെ എനിക്ക് അറിയാം. അങ്ങനെ ആളുകൾ എന്നോട് സംസാരിച്ചിട്ടുണ്ട്, അങ്ങനത്തെ ആളുകളും ഉണ്ട്, ഇവരൊന്നിച്ച് ടീനേജ് കടന്നു പോകുന്ന ആളുകളുണ്ട്, അപ്പോൾ ഈ സമയത്ത് സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാവാം. അതുപോലെ തന്നെ കസിൻസിൽ നിന്ന് പീഡനം നേരിടുന്നവർ ഉണ്ട്, അങ്ങനെ ഒരുപാടുപേരുണ്ട്. ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

സിനിമയിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ട് എന്നേ പറയുന്നുള്ളൂ. അല്ലാതെ ഇതിനെ ഒന്നും മഹത്വവൽക്കരിക്കുന്നില്ല. സേതുവിന്റെ കഥാപാത്രം ഈ കുട്ടികൾക്ക് വാണിങ് കൊടുക്കുന്നുണ്ട് ബന്ധങ്ങളിൽ അതിർവരമ്പുകൾ വേണം എന്ന്. ബന്ധങ്ങൾ തമ്മിൽ അതിരുകൾ വേണം എന്നുതന്നെയാണ് സിനിമയിൽ പറയുന്നത്. പക്ഷേ അവർ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉടലെടുക്കുന്നു. എന്നാൽ ഇവർ അവസാനം രണ്ടു വഴിക്ക് പോവുകയാണ്.

‘വടക്കൻ’ ഞെട്ടിച്ചു
ഇപ്പോൾ ‘വടക്കൻ’ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിൽ ആണ്. വടക്കന് നല്ല റെസ്പോൺസ് ആണ് കിട്ടുന്നത്. അത് തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ്. അതിന്റെ ടെക്നിക്കൽ സൈഡ് ഒക്കെ അതുപോലെ അനുഭവിക്കണം എങ്കിൽ തിയറ്ററിൽ തന്നെ കാണണം. സിനിമയിൽ കാണിക്കുന്നതുപോലെ ഷൂട്ടിങ് മുഴുവൻ രാത്രി ആയിരുന്നു. അതുപോലെ തന്നെ ആരുമില്ലാതെ ഒരു സ്ഥലത്ത് കാടിന്റെ ഒക്കെ നടുക്കായിട്ട് ഒരു ബംഗ്ളാവ്. കാരവാൻ വഴിയിൽ പാർക്ക് ചെയ്തിട്ട് നമ്മൾ മുകളിലേക്ക് നടന്നു കയറണം. വാഷ് റൂമിൽ പോകണമെങ്കിൽ വീണ്ടും താഴെ ഇറങ്ങി വരണം, ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പോകുന്നതും വരുന്നതും. അതിൽ അഭിനയിച്ച മെത്തേഡ് ഭയങ്കര വ്യത്യസ്തമായിരുന്നു.

ക്യാമറ എവിടെയാണെന്ന് നമുക്ക് അറിയില്ല, ഷൂട്ട് കഴിഞ്ഞപ്പോഴാണ് അറിയുന്നത് 17 ക്യാമറ ഉണ്ട്. ഷൂട്ട് തുടങ്ങി കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങനെ പെർഫോം ചെയ്ത് നടക്കും, ഓരോരുത്തരും ഓരോ പല റൂമിൽ ആയിരിക്കും, ശബ്ദം കൊണ്ടാണ് തമ്മിൽ തമ്മിൽ മനസ്സിലാക്കുന്നത്. നമ്മുടെ എക്സ്പ്രഷൻ മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്, അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ക്യാമറയ്ക്ക് ഇതേ ബുദ്ധിമുട്ട് ഉണ്ടാകും, അപ്പോൾ നമ്മൾ ആക്ടിങ് രീതി മാറ്റേണ്ടിയിരിക്കുന്നു, നമ്മുടെ ശരീരം മുഴുവൻ ഉപയോഗിക്കണം മുഖം മാത്രം അഭിനയിച്ചാൽ പോരാ എന്ന് മനസ്സിലായി.
എന്നെ ഒരു പ്രേതം പേടിപ്പിക്കുന്നത് രണ്ട് രീതിയിൽ ഷൂട്ട് ചെയ്തു. ഞാൻ മാത്രമേ റൂമിൽ ഉള്ളൂ, ക്യാമറ എവിടെ എന്നുപോലും അറിയില്ല, നമ്മുടെ കഴുത്തിന്റെ അടുത്ത് ഒരു ശ്വാസം വിടുന്നതുപോലെ അനുഭവപ്പെടും. ശരിക്കും ഒരു ഭീകരാന്തരീക്ഷം തന്നെ ആയിരുന്നു. രണ്ടാമത് ചെയ്തപ്പോൾ ഒരാളെ ഗ്രീൻ ഡ്രസ്സ് ഒക്കെ ഇട്ട് കൊണ്ടുവന്ന് നിർത്തിയിരുന്നു. അത് കാണുമ്പൊൾ ശരിക്കും ചിരി വരും. പ്രേതം വരുന്ന പോലെ അടുത്തടുത്ത് വരുമ്പോൾ എനിക്ക് ചിരിവരും. പടം ഇപ്പോൾ റിലീസ് ചെയ്തപ്പോഴാണ് ഞങ്ങൾ എന്തൊക്കെയാണ് ചെയ്തു വച്ചേക്കുന്നത് എന്ന് മനസ്സിലായത്. കിഷോർ, ശ്രുതി എന്നിവരുമായി ഞങ്ങൾക്ക് കോമ്പിനേഷൻ ഇല്ലായിരുന്നു. പക്ഷേ ഞങ്ങൾ ഉള്ളപ്പോൾ തന്നെ അവരും അവിടെ ഉണ്ടായിരുന്നു. അവർക്കും അവിടെ ഷൂട്ട് ഉണ്ടായിരുന്നു, വല്ലപ്പോഴും കാണും സംസാരിക്കും അല്ലാതെ ഷൂട്ട് ഒരുമിച്ച് ഉണ്ടായിരുന്നില്ല. സിനിമ കണ്ടപ്പോൾ ഞെട്ടിപ്പോയി, കിഷോർ ഒക്കെ എന്തൊരു പെർഫോമൻസ് ആയിരുന്നു. ടെക്നിക്കലി ഒരുപാട് മികച്ച സിനിമയാണ് വടക്കൻ, അത് തിയറ്ററിൽ തന്നെ കണ്ട് അറിയേണ്ടതാണ്.