അഭിനയം തിരശീലയിൽ മാത്രം
Mail This Article
മുംബൈ ∙ മലയാളത്തിലെ ‘സ്ഫടികം’ എന്ന സിനിമ ഒരിക്കൽ ഞാൻ പറഞ്ഞിട്ട് ദീലീപ്കുമാർ കണ്ടു. തിലകൻ അവതരിപ്പിച്ചതുപോലൊരു കഥാപാത്രം ഇപ്പോൾ ഹിന്ദിയിൽ കിട്ടുമോയെന്ന് അദ്ദേഹം സങ്കടത്തോടെ ചോദിച്ചു. മികച്ച വേഷങ്ങൾക്കു വേണ്ടി അദ്ദേഹം ദാഹിച്ചിരുന്ന കാലമായിരുന്നു അത്. വെല്ലുവിളിയുയർത്തുന്ന വേഷങ്ങൾ കിട്ടാതായതോടെയാണ് അഭിനയത്തോടു വിടപറഞ്ഞത്.
62 സിനിമകൾ കൊണ്ടാണ് ദിലീപ്കുമാർ ഇന്ത്യയുടെ അഭിനയചക്രവർത്തിയായത്. അതിൽ അൻപതും ക്ലാസിക്. ഒരു വർഷം ഒരു സിനിമയിലേ അഭിനയിക്കുമായിരുന്നുള്ളൂ. ചെയ്യുന്ന സിനിമയ്ക്കായി ആ വർഷത്തെ സമയം മുഴുവൻ മാറ്റിവയ്ക്കും. മറ്റ് കഥാപാത്രങ്ങളും സാങ്കേതിക കാര്യങ്ങളും മെച്ചപ്പെടുത്താൻ ശ്രമിക്കും. താരത്തിന്റെ അനാവശ്യ ഇടപെടലുകളായി എതിരാളികൾ വ്യാഖ്യാനിച്ചെങ്കിലും സിനിമയോടുള്ള സമർപ്പണമായാണ് ദിലീപ്കുമാർ ഇതേക്കുറിച്ചു പറഞ്ഞത്.
നാടകീയത സിനിമയെ നയിച്ചിരുന്ന കാലത്ത് സ്വാഭാവിക അഭിനയത്തിലൂടെയാണ് ദിലീപ്കുമാർ ഹിന്ദി സിനിമയുടെ മുഖം മാറ്റിയത്. സമകാലികരായ രാജ് കപൂർ ചാർളി ചാപ്ലിനെയും ദേവാനന്ദ് ഗ്രിഗറി പെക്കിനെയും പിൻതുടർന്നപ്പോൾ ദിലീപ്കുമാർ സ്വന്തം ശൈലി കൊണ്ടുവന്നു. ‘ബോബി’യിൽ ഇഴുകിചേർന്നുള്ള രംഗങ്ങൾ ശരിയാകാതെ വന്നപ്പോൾ നായകനായ ഋഷി കപൂറിനോട് ദിലീപ്കുമാറിന്റെ സിനിമ കണ്ടശേഷം വന്ന് അഭിനയിക്കാനാണ് സംവിധായകനായ പിതാവ് രാജ് കപൂർ പറഞ്ഞത്. വെല്ലുവിളിയുള്ള കഥാപാത്രങ്ങൾ വരുമ്പോൾ ദിലീപ്കുമാറിന്റെ പഴയ സിനിമകൾ കണ്ട് പരിശീലിക്കുമായിരുന്നെന്ന് അമിതാഭ് ബച്ചനും പറഞ്ഞിട്ടുണ്ട്. ലതാ മങ്കേഷ്കർക്കൊപ്പം ദിലീപ്കുമാർ പാടിയിരുന്നതായുള്ള റിപ്പോർട്ടുകളുണ്ടെങ്കിലും അതു വാസ്തവമല്ല.
സ്ക്രീൻ മാഗസിനിൽ ട്രെയിനി ആയിരിക്കെ 1967 ലാണ് ദിലീപ്കുമാറിനെ ആദ്യം കാണുന്നത്. അന്നെനിക്കു 19 വയസ്സ്. അഭിമുഖത്തിനിരുന്നപ്പോൾ അദ്ദേഹമാണ് ചോദ്യങ്ങൾക്കു തുടക്കമിട്ടത്. ‘ഗോൺ വിത് ദ് വിൻഡ്’ എന്ന ഇംഗ്ലിഷ് ചിത്രത്തെക്കുറിച്ച് അറിയുമോ, അഭിനേതാക്കൾ ആര്, സംവിധായകന്റെ പേര് എന്നിങ്ങനെ നീണ്ട ചോദ്യങ്ങൾ. എല്ലാത്തിനും ഉത്തരം നൽകിയതോടെ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ‘എന്നാൽ നമുക്ക് അഭിമുഖം തുടങ്ങാം,’ 6 സഹോദരിമാരുണ്ടായിരുന്ന ദിലീപ്കുമാർ എന്നെ ഏഴാമത്തെ സഹോദരിയെന്നാണു വിശേഷിപ്പിച്ചിരുന്നത്. സൈറാ ബാനുവും കുടുംബാംഗം പോലെ കണക്കാക്കി. ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച വേളയിലാണ് ആത്മകഥ പകർത്തിയെഴുതാനുള്ള അവസരം ഒരുങ്ങിയത്.
‘ഞാൻ ജീവിതം പറയാം. ഒരാൾ കേട്ടെഴുതണം. പകർത്തിയെഴുതാൻ കുറെക്കാലം മാറ്റിവയ്‌ക്കാൻ തയാറുള്ള ആൾ വേണം. സിനിമയെക്കുറിച്ചും എന്നെക്കുറിച്ചും അറിവുള്ള ആളായിരിക്കണം’’ - ഇതായിരുന്നു അദ്ദേഹത്തിന്റെ വ്യവസ്ഥ. 2004ൽ ആണ് ദിലീപ്കുമാർ ജീവിതം പറയാൻ തുടങ്ങിയത്. റെക്കാർഡ് ചെയ്യുന്നതും എഴുതിയെടുക്കുന്നതും ഇഷ്ടമില്ലായിരുന്നു. പറയുന്നത് ഞാൻ കേട്ടിരിക്കും. വീട്ടിലെത്തി ഓർമയിൽ നിന്നു പകർത്തിയെഴുതും. പിറ്റേന്ന് വായിച്ചുകേൾപ്പിക്കും. ഇങ്ങനെ 8 വർഷത്തോളം ജീവിതകഥ കേട്ടു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളാണ് നീളാൻ കാരണം. ‘ദിലീപ് കുമാർ: ദ് സബ്സ്റ്റൻസ് ആൻഡ് ദ് ഷാഡോ ആൻ ഓട്ടോ ബയോഗ്രഫി’ എന്ന പുസ്തകം 2014 ലാണു പ്രകാശനം ചെയ്തു.
വലിയൊരു കാലഘട്ടം അവസാനിക്കുകയാണ്. 12 വയസ്സു മുതൽ അദ്ദേഹത്തെ പ്രണയിച്ച, പിന്നീട് ജീവിതസഖിയായ സൈറ ബാനു ഒറ്റയ്ക്കാവുന്നു. അവസാനമായി ഒരു നോക്ക് കാണാൻ എനിക്കു കഴിഞ്ഞില്ല. ശരീരം മാത്രമാണ് മറഞ്ഞുപോകുന്നത്. നല്ല ഓർമകളും കഥാപാത്രങ്ങളുമായി
(തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയാണ് മുംബൈ നിവാസിയായ ഉദയതാര നായർ)