ADVERTISEMENT

ഒരു തെറ്റും ചെയ്യാതിരുന്നിട്ടും പഴയ വിവാദത്തിന്റെ പേരിൽ ആളുകൾ ഇപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് നടൻ സുധീർ സുകുമാരൻ. ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ ശ്രമിച്ചിട്ടില്ലെന്നും പത്തു വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുകയാണെന്നും സുധീർ പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫിലിമിഹുഡ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘‘ഗൂഗിളിൽ നടൻ സുധീർ സുകുമാരൻ എന്നു തിരഞ്ഞാൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങൾ സത്യമായി പറയുന്നു, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല. അന്നത്തെ കാലത്ത് ഇങ്ങനെയൊരു ആരോപണം വന്നപ്പോൾ ഞാനതിനെതിരെ പ്രതികരിക്കാൻ പോയതാണ്. അന്ന് എന്റെ ഗുരുതുല്യനായ വിനയൻ സർ പറഞ്ഞു, ‘എടാ നീ അഭിനയിക്കുന്ന സിനിമയാണ് ഡ്രാക്കുള, അതിൽ അഭിനയിക്കുന്ന ആളാണ് നിനക്കെതിരെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നീ വാ പൊളിച്ചാൽ ഫസ്റ്റ് ഷോട്ടിൽ ആളുകൾ കൂവും. അത് നിനക്കുള്ള കൂവലല്ല, അങ്ങനെ കൂവിയാൽ സിനിമ താഴെ വീഴും, നിന്റെ ഈ രണ്ട് വർഷത്തെ കഷ്ടപ്പാട് ഇല്ലാതാകും. അതുകൊണ്ട് മിണ്ടാതിരിക്ക്, ഇതങ്ങനെയങ്ങ് പൊയ്ക്കോളുമെന്നു പറഞ്ഞു.

പക്ഷേ പോയില്ല. പത്ത് വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേൾക്കുന്നു. ഞാൻ വയ്യാതിരുന്നപ്പോൾ കാൻസർ ആണെന്ന് തുറന്നു പറഞ്ഞ സമയമുണ്ട്. ‘ഞാൻ തിരിച്ചുവരും, നിങ്ങളുടെ പ്രാർഥന വേണ’മെന്നു സമൂഹമാധ്യമത്തിൽ കുറിച്ചപ്പോൾ, ‘‘നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’’ എന്നായിരുന്നു കമന്റ്. ഇതൊക്കെ കാണുന്ന എന്റെ മാനസികാവസ്ഥ ഓർത്തിട്ടുണ്ടോ? തെറ്റു ചെയ്യാതിരുന്നിട്ടും ഇതാണ് അവസ്ഥ.

ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാൽ ഒരു ശതമാനം ആളുകൾ നെഗറ്റീവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം െതളിയിക്കാൻ പറ്റും. അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാൻ അതൊക്കെ പുറത്തുവിട്ടാൽ നശിക്കാൻ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാൽ ചിലപ്പോൾ ചെയ്തുപോകും. എനിക്ക് സിനിമയിൽ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂർവം ടാർഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളിൽ പലരും ശത്രുക്കളായി.

കാൻസർ വന്നിട്ട് വരെ ദൈവം എന്നെ ഉയർത്തെഴുന്നേൽപിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളർത്തുന്നില്ല. അടുത്തറിയാവുന്നവർക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയിൽ വിജയിച്ചിട്ടും എന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു. ഒരു കുഴപ്പവുമില്ല, എന്റെ മക്കൾ നല്ല നിലയിലായി. ഭാര്യ ഒരു സ്ഥാപനം നടത്തുന്നു. അതുകൊണ്ട് എനിക്കൊരു സങ്കടവുമില്ല.’’–സുധീർ പറഞ്ഞു.

English Summary:

Sudhir Sukumaran about his personnal life

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com