പാതിരാത്രിയിൽ മോഹൻലാലിന്റെ പിറന്നാളോഘോഷം; തിയറ്റർ ഇളക്കി മറിച്ച് ആരാധകർ

Mail This Article
മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി മനോരമ ഓൺലൈനും മൈ ജിയും. കേട്ടും പറഞ്ഞും പേര് 'ലാലേട്ടൻ' എന്നായിപ്പോയ ആളാണ് താനെന്നു മോഹൻലാൽ പറഞ്ഞതിനെ അന്വർത്ഥമാക്കും വിധത്തിലായിരുന്നു ആരാധകരുടെ ആഘോഷം. നൃത്തം ചെയ്തും ആർപ്പുവിളിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കി. കൊച്ചി ഇടപ്പള്ളിയിലെ വനിത–വിനീത തിയറ്ററിലായിരുന്നു മനോരമ ഓൺലൈനും മൈ ജിയും ചേർന്നൊരുക്കിയ 'എന്റെ ലാലേട്ടൻ' ആഘോഷം.
തിങ്കളാഴ്ച രാത്രി 11.30ന് കൊച്ചി ഇടപ്പള്ളിയിലെ വനിത–വിനീത തിയറ്ററിൽ ഒത്തുചേർന്ന ആരാധകർക്കു മുൻപിൽ മനോരമ ഓൺലൈൻ തയാറാക്കിയ മോഹൻലാൽ സ്പെഷൽ വിഡിയോ പ്രദർശിപ്പിച്ചു. മോഹൻലാലിന്റെ അഭിനയമുഹൂർത്തങ്ങളും ഹൃദ്യമായ രംഗങ്ങളും ചേർത്ത ഒന്നരമണിക്കൂർ വിഡിയോ ആരാധകർക്ക് നവ്യാനുഭവമായി. വലിയ കരഘോഷത്തോടെയാണ് ആരാധകർ പ്രിയതാരത്തിന്റെ ജന്മദിന സ്പെഷൽ വിഡിയോ സ്വീകരിച്ചത്.
പ്രിയതാരത്തിനു ആശംസകൾ നേർന്നും ജയ് വിളിച്ചും ആഘോഷരാവ് ആരാധകർ ഉത്സവമാക്കി. 12 മണിക്ക് താരത്തിനു ജന്മദിനാശംസകളെഴുതിയ സ്പെഷൽ കേക്ക് മുറിച്ചു. പരസ്പരം മധുരം പങ്കുവച്ച ആരാധകർ മോഹൻലാലിന്റെ ഹിറ്റ് ഗാനങ്ങൾക്കു ചുവടു വച്ചതോടെ തിയറ്റർ ഇളകിമറിഞ്ഞു. മനോരമ ഓൺലൈനും മൈ ജിയും സംഘടിപ്പിച്ച മോഹൻലാൽ ക്വിസ് മൽസരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു പ്രത്യേക പരിപാടിയുടെ ഭാഗമായത്. ഇതാദ്യമായാണ് ഒരു നടന്റെ ജന്മദിനം തിയറ്ററിൽ ആഘോഷിക്കുന്നത്.