‘എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; മാർക്കോ വിവാദത്തിൽ സുരാജ് വെഞ്ഞാറമൂട്

Mail This Article
മാർക്കോ സിനിമയെക്കുറിച്ചു പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്. എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്റെ പ്രചാരണസമയത്തു നൽകിയ അഭിമുഖങ്ങളിലൊന്നിലാണ് താരം മാർക്കോ സിനിമയെക്കുറിച്ച് പരാമർശിച്ചത്. തന്റേത് ഒരു സൈക്കോ കഥാപാത്രമാണെന്നേയുള്ളൂവെന്നും സിനിമയിൽ വെട്ടും കുത്തും ഒന്നുമില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. എന്നാൽ ആ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഉണ്ണി മുകുന്ദന്റെ മാർക്കോ കണ്ടിരുന്നു. സിനിമ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന് മെസജ് ആയി അയയക്കുകയും ചെയ്തിരുന്നുവെന്ന് സുരാജ് പ്രതികരിച്ചു.
സുരാജിന്റെ വാക്കുകൾ: "മാർക്കോയെക്കുറിച്ചുള്ള എന്റെ പ്രതികരണം നൂറ് ശതമാനവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാനും അത് കണ്ടിരുന്നു. ഒരിക്കലും ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഇഡി സിനിമയിൽ എന്റെ കഥാപാത്രം സൈക്കോ കഥാപാത്രമായിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോൾ എന്നോട് ചോദിച്ചു, ആഹാ... സൈക്കോയാണോ? അപ്പോൾ നിങ്ങളുടേതിലും ഉണ്ടോ വെട്ടും കുത്തും എന്ന്. അപ്പോൾ ഞാൻ മറുപടിയായി പറഞ്ഞു. എന്റേത് സൈക്കോ കഥാപാത്രമാണെന്നേയുള്ളു അല്ലാതെ വെട്ടും കുത്തുമൊന്നുമില്ലെന്ന്. ഇങ്ങനെയാണ് പറഞ്ഞത്. പിന്നെ ഞാൻ ഉണ്ണി മുകുന്ദന്റെ മാർക്കോ കണ്ടിരുന്നു. എനിക്ക് ഭയങ്കരമായി ഇഷ്ടമായി.
ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ആ സിനിമയുടെ സംവിധായകൻ എന്റെ സുഹൃത്താണ്. എല്ലാ സിനിമകളും ഓടണ്ടേ..?. സമീപകാലത്ത് ഇറങ്ങിയ എല്ലാ സിനിമകളും ഞാൻ കണ്ടു. റൈഫിൾ ക്ലബ്ബും കണ്ടിരുന്നു. എനിക്ക് ഇഷ്ടമായി. മാർക്കോയിൽ ഉണ്ണി മുകുന്ദൻ തകർത്തിട്ടുണ്ട്. അത് ഒരു രക്ഷയുമില്ല. മലയാളത്തിലെ ആദ്യത്തെ വയലൻസ് സിനിമ തന്നെയാണ്."
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരാജിന്റെ പ്രതികരണം. ‘ഇ.ഡിയിൽ വെട്ടും കുത്തും ഇല്ല. ധൈര്യമായി പിള്ളേരുമൊത്ത് പോകാം’ എന്ന സുരാജിന്റെ വാക്കുകളാണ് വിമർശനത്തിന് വഴിയൊരുക്കിയത്. താരത്തിന് നേരെ വലിയ സൈബാറാക്രമണവും ഇതിനെ തുടർന്ന് നടന്നിരുന്നു. ഒരേ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന മറ്റൊരു നടന്റെ സിനിമയെക്കുറിച്ച് അത്തരമൊരു പരാമർശം നടത്തിയത് മോശമായിപ്പോയെന്നായിരുന്നു സുരാജിന് എതിരെ ഉയർന്ന വിമർശനം. ഈ വിഷയത്തിലാണ് താരം ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഇന്ത്യയ്ക്കകത്തും പുറത്തും വൻ വിജയം നേടിയിരുന്നു. 115 കോടിയാണ് ചിത്രത്തിന് ലഭിച്ച ആഗോള കലക്ഷൻ.