ഉണ്ണി മുകുന്ദനെ പിന്തുണച്ചതാണ്, വിമർശിച്ചതല്ല: മറുപടിയുമായി സാധിക വേണുഗോപാൽ

Mail This Article
അഭിനയിച്ച കഥാപാത്രങ്ങളുടെ പേരിൽ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. വിജയങ്ങൾക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങിയ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ കരിയറിലെ മൂന്നു സൂപ്പർഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. ‘ഓർമക്കുറിപ്പ്’ എന്ന തലക്കെട്ടിൽ മാർക്കോ, വിക്രമാദിത്യൻ, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി.
സിനിമാ താരങ്ങളും ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾക്ക് കമന്റുമായി എത്തി. ‘മാർക്കോ നെഗറ്റീവ് ഇൻഫ്ളുവൻസ്, അയ്യപ്പൻ പൊളിറ്റിക്കൽ ഇൻഫ്ളുവൻസ്, വിക്രമൻ മാത്രമാണ് ഒരു കഥാപാത്രം’ എന്നാണു നടി സാധിക വേണുഗോപാൽ കമന്റ് ചെയ്തത്. സാധികയുടെ കമന്റിന് ഉണ്ണി മുകുന്ദന്റെ ആരാധകർ മറുപടിയുമായി എത്തി. ‘അയ്യപ്പൻ എങ്ങനെയാണ് രാഷ്ട്രീയമാകുന്നത്, അയ്യപ്പൻ ഒരു ദൈവീക പരിവേഷമാണ്. അയ്യപ്പനെ രാഷ്ട്രീയവൽക്കരിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല. അപ്പോൾ നിങ്ങൾ പറയുന്നത് അയ്യപ്പനെ ആരാധിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്നാണോ?’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
കമന്റിന് മറുപടിയുമായി സാധികയും എത്തി. ‘‘ഞാൻ അങ്ങനെ പറഞ്ഞോ സഹോ? അങ്ങനെ പറഞ്ഞവരോട് ചോദിക്കൂ, ഞാൻ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരുന്ന ഒരു നടനെ അയാളുടെ സിനിമയെ പോയിന്റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെൻഷൻ ചെയ്തു അത്രയേ ഉള്ളൂ. അല്ലാതെ ആ ഇൻഫ്ളുവൻസ് ഒന്നും എന്റെ അഭിപ്രായം അല്ല,’’ സാധിക കുറിച്ചു.
ഉണ്ണി മുകുന്ദന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. മാർക്കോ സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദും നടനെ പിന്തുണച്ചാണ് കമന്റ് ചെയ്തത്. ഉണ്ണി ഇനിയും പൊലീസ് വേഷങ്ങൾ ചെയ്യണം എന്നും, മല്ലു സിങ് വളരെ നല്ല കഥാപാത്രമായിരുന്നു എന്നും, ഉണ്ണി ഓരോ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും ഓരോ മാസ്റ്റർപീസ് പിറക്കുന്നു എന്ന തരത്തിലാണ് കമന്റുകൾ. മാർക്കോയെ ഇഷ്ടപ്പെടുന്ന കമന്റുകളും നിരവധിയാണ്. ഉണ്ണിക്ക് അല്ലാതെ മറ്റൊരാൾക്കും ഇത്ര നന്നായി ആ കഥാപാത്രം ചെയ്യാൻ കഴിയില്ല എന്നും ചിലർ അഭിപ്രായപ്പെട്ടു.