‘എമ്പുരാനെ’ ചീത്ത പറയുന്ന സംഘപരിവാറിനോട്: രമ്യ ഹരിദാസ് പറയുന്നു

Mail This Article
‘എമ്പുരാൻ’ ഗംഭീര സിനിമയെന്ന് കോൺഗ്രസ് പ്രവർത്തകയായ രമ്യ ഹരിദാസ്. സിനിമയ്ക്കെതിരെ നെഗറ്റീവ് പോസ്റ്റുകളുമായി വരുന്ന സംഘപരിവാർ ആളുകളോട് ഒന്നേ പറയാനുള്ളൂ, ‘ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും..’–രമ്യ കുറിച്ചു.
രമ്യ ഹരിദാസിന്റെ വാക്കുകൾ:
‘എമ്പുരാൻ’ കണ്ടു. ഗംഭീരം. ലാലേട്ടൻ, മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരന്റെ മികച്ച സംവിധാനം. മുരളി ഗോപിയുടെ സ്ക്രിപ്റ്റ്. ആകെ മൊത്തം കിടിലൻ. രാജ്യത്തിന്റെ ശത്രുക്കളെ, വർഗീയതയെ, മയക്കുമരുന്ന് മാഫിയയെ അടിച്ചൊതുക്കാൻ എന്നും ഓരോ പുലിക്കുട്ടികൾ രാജ്യത്ത് ജന്മം എടുത്തിട്ടുണ്ട്. അവരുടെ പേരുകൾ വ്യത്യസ്തമായിരുന്നു.
ഒറ്റപ്പെട്ടുപോയവനും നിസ്സഹായരായി പോയവർക്കും അഭയം നൽകിയ നാട്, അത് സ്നേഹത്തിന്റെ മണ്ണായ ഇന്ത്യ തന്നെയാണ്... ഓരോ ഹിന്ദുസ്ഥാനിയുടെയും മനസ്സ് അങ്ങനെയാണ്. അതിൽ വിഷം ചേർക്കാൻ നടന്നവരെ എന്നും ഈ ജനത ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ‘പ്രിയദർശിനി രാംദാസിന്റെ’ കിടിലൻ ഡയലോഗ് പോലെ ഞാൻ തടയും. നിങ്ങൾ തടയും. നമ്മൾ തടയും. പിറന്നുവീണ രാജ്യത്തെ വർഗീയത മാത്രമല്ല മയക്കുമരുന്ന് ലഹരി മാഫിയയെയും.
ചിത്രത്തിനെതിരെ നെഗറ്റീവ് പോസ്റ്റുകളുമായി വരുന്ന സംഘപരിവാർ ഹാൻഡിലുകളോട് ഒന്നേ പറയാനുള്ളൂ...‘‘ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും..’’
നിങ്ങളുടെ മനസ്സ് നന്നായാൽ മതി, സിനിമ സൂപ്പർ ആണ്. ഗോകുലം മൂവീസ് അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. എല്ലാവരും തിയറ്റർ എക്സ്പീരിയൻസിൽ തന്നെ സിനിമ കാണുക. കിടിലൻ പടം. എനിക്ക് ഇഷ്ടമായി. രാജ്യസ്നേഹിയായ ഓരോ ഇന്ത്യക്കാരനും ഇഷ്ടമാകും.