‘ഏത് ലിയോ.. ലിയോ ഒക്കെ പോയി’: ഒന്നാംദിന കലക്‌ഷനിൽ എമ്പുരാൻ ഇനി ‘തമ്പുരാൻ’

Mail This Article
കേരളത്തിലെ ആദ്യ ദിന കലക്‌ഷനിൽ റെക്കോർഡിട്ട് മോഹൻലാൽ ചിത്രം എമ്പുരാൻ. 14.07 കോടി രൂപ നേടിയാണ് വിജയ് ചിത്രമായ ‘ലിയോ’യുടെ 12 കോടി എമ്പുരാൻ പഴങ്കഥയാക്കിയത്. ആദ്യ ദിനത്തിൽ ചിത്രത്തിന് ആകെ ലഭിച്ച കലക്‌ഷൻ 67 കോടിയാണ്. രണ്ടു ദിവസം കൊണ്ട് 100 കോടി നേടിയും സിനിമ ചരിത്രം സൃഷ്ടിച്ചു.
കേരളത്തിലെ കലക്‌ഷനിൽ അടുത്ത കാലത്തൊന്നും ആർക്കും മറികടക്കാൻ സാധിക്കാത്ത പുതുചരിത്രമാണ് എമ്പുരാൻ രചിച്ചത്. 100 കോടിയെന്ന മാന്ത്രിക സംഖ്യ പോലും രണ്ടാം ദിനം പൂർത്തിയാക്കും മുമ്പ് ചിത്രം കടന്നു.
കർണാടകയിൽ നിന്ന് 3.8 കോടി, തമിഴ്നാട്ടിൽ നിന്ന് 2 കോടി, ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 1.5 കോടി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 2.5 കോടി എന്നിങ്ങനെയാണ് ചിത്രത്തിന് ആദ്യ ദിനം കലക്‌ഷൻ ലഭിച്ചത്. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ചലച്ചിത്രാസ്വാദകരില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്‍.
വിവിധ വിദേശ രാജ്യങ്ങളിലായി ചിത്രീകരിക്കുകയും മുന്‍നിര വിദേശ താരങ്ങളെ അണിനിരത്തുകയും ചെയ്ത ചിത്രം റിലീസ് മുമ്പ് തന്നെ മലയാള സിനിമയിലെ വിവിധ റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.