ADVERTISEMENT

അക്ഷരാർഥത്തിൽ സകലകലാവല്ലഭയായിരുന്നു സുബി സുരേഷ്. അഭിനയത്തിലും അവതരണത്തിലും മിമിക്രിയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങി. സുബിയുടെ വിയോഗം കലാലോകത്തിനു നികത്താനാകാത്ത നഷ്ടമാണെന്നതിൽ സംശയമില്ല. നർത്തകിയായാണ് സുബി മുഖ്യധാരയിലെത്തുന്നത്. 15ാം വയസ്സിൽ ആദ്യ പ്രകടനത്തിലൂടെ നൃത്താസ്വാദകരുടെ കയ്യടി നേടി. പിന്നീടിങ്ങോട്ട് നിരവധി വേദികളിൽ തിളങ്ങി. നൃത്തവേദികളിൽ ജ്വലിച്ചുദിച്ച സുബിക്ക് ആരാധകരും ഏറെ. 

 

സുബിയുടെ കുടുംബത്തിന് സ്വന്തമായി ഒരു നൃത്ത ട്രൂപ്പ് ഉണ്ടായിരുന്നു. അമ്മ ലളിത ആയിരുന്നു അതിന്റെ നടത്തിപ്പുകാരി. ക്ലാസിക്കൽ നർത്തകിയായ അമ്മയില്‍ നിന്നാണ് സുബി നൃത്തത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. അഭിനയവും അവതരണവുമായി തിരക്കിലായപ്പോഴും നൃത്തവേദികളിൽ ചുടലമായ ചുവടുകളുമായി സുബി സജീവമായിത്തന്നെ നിന്നു. തികഞ്ഞ ഊർജത്തോടെയുള്ള സുബിയുടെ പ്രകടനം എല്ലായ്പ്പോഴും ആസ്വാദകരെ അതിശയിപ്പിച്ചു.  ഇപ്പോഴിതാ സുബിക്കൊപ്പം വേദി പങ്കിട്ടതിന്റെ ഓർമകൾ പങ്കിടുകയാണ് നടനും നർത്തകനുമായ വിനീത്. വളരെ ചടുലമായ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്ന സുബി എപ്പോഴും പോസിറ്റിവിറ്റി പകരുന്ന കലാകാരിയായിരുന്നുവെന്ന് വിനീത് കുറിക്കുന്നു. 

 

‘എന്തൊരു ഊര്‍ജ്ജസ്വലയായ പെർഫോമർ! വളരെ പോസിറ്റിവിറ്റിയും സ്നേഹവും ഉള്ള ഒരു ആരാധ്യ വ്യക്തിത്വമായിരുന്നു സുബി. യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ഇപ്പോഴും കഴിയുന്നില്ല. പ്രിയപ്പെട്ട ഒരാൾ വിടപറഞ്ഞകലുന്നത് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതും മനസ്സിനെ തകർക്കുന്നതുമാണ്. സുബി മികച്ച ഒരു സ്റ്റേജ് പെർഫോമർ ആണ്. എനിക്ക് സുബിയെ നന്നായി അറിയാം. ഞങ്ങൾ നിരവധി വേദികൾ ഒരുമിച്ചു പങ്കിട്ടു. അതെല്ലാം അവിസ്മരണീയമായി നിലനിൽക്കുന്നു. 

 

‌2017ൽ അമേരിക്കയിൽ വച്ചു നടന്ന സ്റ്റേജ് ഷോയിലാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു നൃത്തം ചെയ്തത്. സുബിക്കൊപ്പം നൃത്തം ചെയ്യുമ്പോൾ വലിയ സന്തോഷവും ആഹ്ലാദവുമൊക്കെയാണു തോന്നുക. ഇപ്പോൾ ദുഃഖം താങ്ങാനാകുന്നില്ല. സുബിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കു ഇതു താങ്ങാൻ കരുത്ത് ലഭിക്കട്ടെ. സുബിയുടെ ആത്മാവിനു ശാന്തി ലഭിക്കട്ടെ’, വിനീത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

കരൾ രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയവെ ബുധൻ രാവിലെ എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ചാണ് സുബി സുരേഷ് അന്തരിച്ചത്. തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സുബി. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധേയയായ സുബി, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com