16500 സ്ക്വയർഫീറ്റ്, വമ്പൻ ആഡംബരം : നാട്ടിലെ താരമായി കേരം ഉടമയുടെ വീട്; കാണാൻ ആൾത്തിരക്ക്

Mail This Article
എറണാകുളം പെരുമ്പാവൂരിലാണ് കേരം കോക്കനട്ട് ഓയിൽ ഉടമ നാരായണൻ നായരുടെയും കുടുംബത്തിന്റെയും പുതിയ വീട്. സത്യത്തിൽ ഇതിനെ 'വീട്' എന്നുവിളിച്ചാൽ കുറഞ്ഞുപോകും, വമ്പൻ ആഡംബരകാഴ്ചകൾ കോർത്തിണക്കിയ ഒരു കൊച്ചുകൊട്ടാരം തന്നെയാണിത്.

മുഴുനീളത്തിലുള്ള പ്രൗഢഗംഭീരമായ പുറംകാഴ്ചയാണ് വീടിന്റെ ഹൈലൈറ്റ്. നീളൻ പൂമുഖത്ത് ധാരാളം തൂണുകൾ കാണാം. ഇതിൽ സ്വർണ നിറത്തിലുള്ള ക്ളാഡിങ്ങാണ് പതിച്ചത്.
ഒരേക്കർ വിശാലമായ പ്ലോട്ടിൽ ധാരാളം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനംകണ്ടത്. വൈവിധ്യമാർന്ന സാമഗ്രികൾ ലാൻഡ്സ്കേപ്പിൽ ഹാജർ വയ്ക്കുന്നു. ബാംഗ്ലൂർ സ്റ്റോൺ, കടപ്പ, പേവിങ് ടൈൽ എന്നിവ ഡ്രൈവ് വേയിലുണ്ട്. മെക്സിക്കൻ ഗ്രാസിനൊപ്പം ടെർമിനാലിയ, കലാത്തിയ തുടങ്ങിയ ചെടികളും ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഇൻഡോർ ഗാർഡൻ, കോർട്യാർഡ്, അപ്പർ ലിവിങ്, ഡൈനിങ്, പാൻട്രി, മെയിൻ കിച്ചൻ, വർക്കിങ് കിച്ചൻ, വിശാലമായ അഞ്ചു കിടപ്പുമുറികൾ, ബാത്റൂമുകൾ, ഹോം തിയറ്റർ, ബാൽക്കണി, പാർട്ടി സ്‌പേസ്, ഓഫിസ് റൂം എന്നിങ്ങനെ എണ്ണമില്ലാത്ത കാഴ്ചകളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.

പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിലൊരുക്കിയ ഹാളിലേക്കാണ്. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. ഒത്തുചേരാനുള്ള നിരവധി ഇടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 4 ലിവിങ് സ്‌പേസുകൾ ഒരുക്കിയത് ഇതിനുദാഹരണമാണ്. സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. കൂടാതെ ഡബിൾഹൈറ്റ് സ്‌പേസുകളും ഇവിടെ ധാരാളമുണ്ട്.

എട്ടുപേർക്ക് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒരുക്കിയ ഡൈനിങ് ടേബിൾ മൊസൈക്ക് ഫിനിഷിലാണ്. ഇവിടെ സീലിങ് പാനലിങ് ചെയ്ത് ലൈറ്റുകൾ നൽകി കമനീയമാക്കി.
ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഇൻഡോർ ഗാർഡൻ മറ്റൊരു ഹൈലൈറ്റാണ്. സീലിങ്ങിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. ബാംഗ്ലൂർ സ്റ്റോൺ വിരിച്ച നിലത്ത് ധാരാളം ഇൻഡോർ പ്ലാന്റുകളും ക്രമീകരിച്ചു.

ജിഐ സ്ട്രക്ചറിൽ തേക്കിന്റെ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. കൈവരികൾ വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ്. പുതിയകാലത്ത് ലക്ഷ്വറി ബജറ്റിൽ പണിയുന്ന വീടുകളിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് ലിഫ്റ്റ്. വിശാലമായ ലിഫ്റ്റും ഇവിടെയൊരുക്കി.

റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധം പ്രൗഢമാണ് എല്ലാ കിടപ്പുമുറികളും. ഓരോന്നും വ്യത്യസ്‌ത തീമിൽ ചിട്ടപ്പെടുത്തി. ഡബിൾ ഹൈറ്റിലൊരുക്കിയ മാസ്റ്റർ ബെഡ്‌റൂമാണ് മാസ്സ്. ഇതിന്റെ ഹെഡ്‌സൈഡ് ഭിത്തി വെനീർ ടീക് ഫിനിഷിൽ പാനലിങ് ചെയ്തു.

ഹെഡ്ബോർഡ് പാനലിങ്, ഫോൾസ് സീലിങ്, ടെക്സ്ചർ വോൾ എന്നിവയെല്ലാം മുറികളിലുണ്ട്. ധാരാളം സ്‌റ്റോറേജ്, ഡ്രസിങ് സ്‌പേസ്, വിശാലമായ മോഡേൺ ബാത്റൂം എന്നിവയും അനുബന്ധമായുണ്ട്.

വിശാലമാണ് കിച്ചന്റെ കാഴ്ചകൾ. ഡൈനിങ്ങിലേക്ക് തുറന്ന പ്രധാന കിച്ചന്റെ എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്. അക്രിലിക്, ഫ്ലൂട്ടഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ് ഒരുക്കിയത്. ഇറ്റാലിയൻ മാർബിളാണ് കൗണ്ടറിൽ വിരിച്ചത്.

ഒന്നാം നിലയിലാണ് വിശാലമായ സ്വിമ്മിങ് പൂൾ. ഇതിനോടുചേർന്ന വോക് വേയിൽ ഡെക്ക് വുഡ് ഫ്ലോറിങ് ചെയ്തു. ലാൻഡ്സ്കേപ്പിന്റെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന നെടുനീളൻ ബാൽക്കണിയാണ് മുകളിലുള്ളത്. വീട്ടുകാർക്ക് വൈകുന്നേരങ്ങൾ ചെലവഴിക്കാനും ചെറിയ സൗഹൃദ സദസ്സുകൾക്കുള്ള വേദിയായുമൊക്കെ മാറുന്നത് ഇവിടമാണ്.

രാത്രിയിൽ വിളക്കുകൾ കൺതുറക്കുമ്പോൾ വീടും പരിസരവും സ്വർണനിറത്തിൽ കുളിച്ചുനിൽക്കുന്നു. ചുരുക്കത്തിൽ പെരുമ്പാവൂരിലെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് നാരായണൻ നായരുടെ ഈ വമ്പൻ വീട്.
Project facts
Location- Perumbavoor, Ernakulam
Plot- 1 Acre
Area- 16500 Sq.ft
Owner- Narayanan Nair
Architect- Bajio Baby
Meridian Associates, Perumbavoor
Y.C- 2024