ശബരി റെയിൽ പദ്ധതി പ്രതീക്ഷകളുടെ ട്രാക്കിൽ
Mail This Article
കൊച്ചി ∙ അങ്കമാലി – എരുമേലി ശബരി പാത പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ ബോർഡ് പുനഃപരിശോധിക്കും. പകുതി ചെലവു വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കെ–റെയിലിനോട് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ) എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടെന്നും അതു ലഭിക്കുന്ന മുറയ്ക്ക് അന്തിമ തീരുമാനം ഉണ്ടാകുമെന്നും റെയിൽവേ അറിയിച്ചു.
2017 ൽ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2815 കോടി രൂപയാണു പദ്ധതിക്കു വേണ്ടത്. എസ്റ്റിമേറ്റ് പുതുക്കുന്നതിന്റെ ഭാഗമായി രാമപുരം മുതൽ എരുമേലി വരെ ആകാശ സർവേ (ലിഡാർ) നടത്താനുള്ള കരാർ കെ–റെയിൽ ക്ഷണിച്ചിട്ടുണ്ട്. 6 മാസത്തിനുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നാണ് അറിയുന്നത്.
പദ്ധതിക്കായി 2000 കോടി രൂപ കിഫ്ബി വഴി നൽകുമെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പിൻവലിക്കാതെ ഈ പണം ഉപയോഗിച്ചു ഭൂമിയേറ്റെടുക്കാൻ കഴിയില്ല. പദ്ധതിക്ക് ഇതുവരെ റെയിൽവേ 254 കോടി രൂപ ചെലവിട്ടു. കാലടി വരെ റെയിൽപാതയും പെരിയാറിൽ പാലവും നിർമിച്ചിട്ടുണ്ട്.
സ്ഥലം വിൽക്കാനോ വീടു വയ്ക്കാനോ വായ്പയെടുക്കാനോ കഴിയാതെ ഭൂവുടമകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കാലടി മുതൽ രാമപുരം വരെ (63 കിലോമീറ്റർ) ഭാഗത്തു ആദ്യം സ്ഥലം ഏറ്റെടുക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
കുന്നത്തുനാട് താലൂക്കിൽ സാമൂഹിക ആഘാത പഠനം നടത്തിയെങ്കിലും പണമില്ലാത്തതിനാൽ സ്ഥലം ഏറ്റെടുത്തിട്ടില്ല. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടക്കേണ്ട പബ്ലിക് ഹിയറിങ്ങും നടന്നിട്ടില്ല. സംസ്ഥാന സർക്കാർ വൻകിട പദ്ധതികൾക്കായി രൂപീകരിച്ച സ്വതന്ത്ര വകുപ്പിന്റെ പരിധിയിൽ ശബരി പാത ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Content Highlight: Sabari Rail Project