ഇൻഷുറൻസ് തുക തട്ടാൻ ശ്രമം: എസ്ഐ ഉൾപ്പെടെ രണ്ടു പേർക്കെതിരെ കേസ്

Mail This Article
പോത്തൻകോട് (തിരുവനന്തപുരം)∙ വ്യാജ രേഖകൾ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽനിന്നു തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വട്ടപ്പാറ പൊലീസ് കേസെടുത്തു. എസ്ഐ എ.ഷാ, വെമ്പായം കൊഞ്ചിറ പ്ലാങ്കാല അൻസർ മൻസിലിൽ എ.അൻസർ എന്നിവർക്കെതിരെയാണു കേസ്. അൻസറും ഷായും ചേർന്ന് വിശ്വാസവഞ്ചന നടത്തിയെന്നാരോപിച്ച് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നൽകിയ പരാതിയിലാണു കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
-
Also Read
ആർഎസ്എസ് കാൻസർ തന്നെ: തുഷാർ ഗാന്ധി
ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നെന്ന് ചൂണ്ടിക്കാട്ടി 2019 ഫെബ്രുവരി 21ന് വട്ടപ്പാറ സ്റ്റേഷനിൽ അൻസർ പരാതി നൽകിയിരുന്നു. ഇതുപ്രകാരം പൊലീസ് കേസെടുത്തു. അൻസാറിന്റേതു വ്യാജ മൊഴിയാണെന്ന് അറിഞ്ഞുതന്നെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന്, അന്ന് വട്ടപ്പാറ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഷാ സഹായിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. ചികിത്സാ രേഖകളടക്കം എല്ലാ രേഖകളും വ്യാജമായി നിർമിച്ചതായും ഇൻഷുറൻസ് കമ്പനി നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കമ്പനി അധികൃതർ ഡിജിപിക്ക് പരാതി നൽകി. എഫ്ഐആറിൽ എസ്എച്ച്ഒയുടെ വ്യാജ ഒപ്പോടെയാണ് കോടതിയിൽ കേസ് ഫയൽ ഹാജരാക്കിയത്. ഈ കേസിൽ അന്വേഷണം നടത്തിയതും ഷാ ആയിരുന്നു. കള്ള സാക്ഷിമൊഴികളും മഹസറുകളിൽ വ്യാജ ഒപ്പുകളുമായിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു. ശരിയായ രേഖകളാണെന്ന് എസ്എച്ച്ഒയെ തെറ്റിദ്ധരിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനുശേഷം തുടർ നടപടികളുണ്ടാകുമെന്ന് വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഷാ നിലവിൽ ജോലി ചെയ്യുന്നത്.