പ്രമേഹം, പോഷകക്കുറവ്, തൈറോയ്ഡ്: മരണനിരക്കിൽ വൻവർധന; കോവിഡിനു ശേഷം കേരളത്തിൽ മരണം കൂടി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണനിരക്കിൽ വൻവർധന. മുൻവർഷത്തെക്കാൾ 6.79% വർധനയാണ് 2023 ൽ ഉണ്ടായത്. മറ്റു രോഗങ്ങളാലുള്ള മരണങ്ങളിൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണു വർധന. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയാറാക്കിയ വാർഷിക പഠനറിപ്പോർട്ടിലാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും കാരണമാണ്– 26.44%. 13.60% പേരുടെ മരണകാരണം കാൻസറാണ്.
പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണം 2022ൽ 13.66 ശതമാനമായിരുന്നത് ഒരു വർഷം കൊണ്ട് 20.45 ശതമാനമായി. ഇൗ ഗണത്തിൽ 93.34% പേരും ജീവൻ വെടിഞ്ഞത് പ്രമേഹം കൊണ്ടുതന്നെ. ശ്വസനസംബന്ധമായ രോഗങ്ങൾ കാരണമുള്ള മരണനിരക്കിൽ 7.95 ശതമാനത്തിൽനിന്ന് 7.99 ശതമാനമെന്ന നേരിയ വർധന മാത്രം. ദഹനസംവിധാനത്തിലെ തകരാറുകൾ കൊണ്ടുള്ള മരണനിരക്കിൽ കുറവാണുണ്ടായത്. 7.15 ശതമാനത്തിൽ നിന്ന് 5.87 ശതമാനത്തിലേക്ക്.
മരിക്കുന്ന പുരുഷൻമാരിൽ 46% പേരും 70 വയസ്സിനു മേൽ പ്രായക്കാരാണ്. സ്ത്രീകളിൽ ഇത് 59%. 65–69 പ്രായഗണത്തിൽപെട്ട പുരുഷൻമാർ 14 % മരിക്കുമ്പോൾ അതിനെക്കാളേറെ മരണം 55–64 പ്രായക്കാരിൽ സംഭവിക്കുന്നു: 22%. സ്ത്രീകളിൽ ഇത് യഥാക്രമം 13 ശതമാനവും 16 ശതമാനവുമാണ്. സംസ്ഥാനത്ത് വർഷം ശരാശരി രണ്ടര ലക്ഷം പേരാണു മുൻപു മരിച്ചിരുന്നതെങ്കിൽ കോവിഡിനു ശേഷമുള്ള വർഷങ്ങളിൽ മരണം 3 ലക്ഷത്തിലേറെയാണ്. 2021ൽ 3.39 ലക്ഷം പേരും 2022 ൽ 3.23 ലക്ഷം പേരും 2023 ൽ 3.04 ലക്ഷം പേരും മരിച്ചു.