കൊട്ടാരരഹസ്യമായി ട്രാവൻകൂർ പാലസ്; ആശയക്കുഴപ്പം പരിഹരിക്കാൻ തയാറാകാതെ ഇ.ഡി ഉദ്യോഗസ്ഥർ

Mail This Article
കൊച്ചി ∙ കൊടകര കള്ളപ്പണക്കേസിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് ‘കൊട്ടാരരഹസ്യമായി’ തുടരുന്നു. ഇതുസംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ ഇ.ഡി ഉദ്യോഗസ്ഥരും തയാറാകുന്നില്ല. കൊടകരയിൽ കൊള്ളയടിക്കപ്പെട്ട 3.56 കോടി രൂപ ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ കേസിലെ കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷാംജീർ കൈവശം കാറിൽ കൊടുത്തുവിട്ടതാണെന്നാണ് ഇ.ഡി നിലപാട്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ ചേർത്തലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പേര് ട്രാവൻകൂർ പാലസ് എന്നാണ്. എന്നാൽ, കുറ്റപത്രത്തിൽ പറയുന്ന ട്രാവൻകൂർ പാലസിന്റെ ഉടമസ്ഥൻ താനല്ലെന്നാണു തുഷാർ പ്രതികരിച്ചത്.
2021 ഏപ്രിൽ 3നു പുലർച്ചെയാണു കവർച്ച നടന്നത്. 7ന് ഇതുസംബന്ധിച്ചു പരാതിപ്പെട്ട ധർമരാജൻ പൊലീസിനു നൽകിയ മൊഴിയിൽ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ കൊണ്ടുപോയ തുകയാണു കവർച്ച ചെയ്യപ്പെട്ടതെന്നു പറയുന്നില്ല. കേസിൽ 2022 നവംബർ 15ന് രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതു വരെ ധർമരാജൻ ഈ വിവരം വെളിപ്പെടുത്തിയിട്ടില്ല. ഇ.ഡി കഴിഞ്ഞ 25ന് പിഎംഎൽഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ‘കൊട്ടാരം’ ആദ്യമായി കടന്നുവരുന്നത്.
കൊടകര ലോക്സഭയിൽ; നടുത്തളത്തിൽ പ്രതിഷേധം
ന്യൂഡൽഹി ∙ കൊടകര കുഴൽപണക്കവർച്ചക്കേസിൽ കോൺഗ്രസ് അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷാണു വിഷയം ഉന്നയിച്ചത്. ഭരണപക്ഷപ്പാർട്ടിയുടെ കള്ളപ്പണശൃംഖലയ്ക്കു കവചമൊരുക്കാനുള്ള നീക്കമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് കൊടിക്കുന്നിൽ ശൂന്യവേളയിൽ പറഞ്ഞു. പാർട്ടി കേന്ദ്ര നേതൃത്വത്തിൽനിന്ന് ഒഴുകിയ ഹവാലപ്പണം കേരള പൊലീസ് കണ്ടെത്തിയെങ്കിലും ഇ.ഡി അന്വേഷണം പരിമിതപ്പെടുത്തി. സൂത്രധാരന്മാരെ കണ്ട ഭാവം നടിച്ചില്ല. രാഷ്ട്രീയബന്ധങ്ങളും ഗൂഢാലോചനയും അവഗണിച്ചു. ഭരണപക്ഷത്തിന്റെ കയ്യിലെ പാവയായി ഇ.ഡി മാറരുതെന്നു പറഞ്ഞ കൊടിക്കുന്നിൽ, കേസിൽ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടു.
പ്രസംഗം പൂർത്തിയാക്കാൻ സഭാധ്യക്ഷൻ അനുവദിക്കാതിരുന്നതോടെയാണ് പ്രതിഷേധവുമായി കോൺഗ്രസ് നടുത്തളത്തിലിറങ്ങിയത്. അരമണിക്കൂർ പ്രതിഷേധത്തിനു ശേഷം കോൺഗ്രസ്, ആർഎസ്പി, മുസ്‍ലിം ലീഗ് അംഗങ്ങൾ ഇറങ്ങിപ്പോയി.
തന്റെ പ്രസംഗത്തിലെ ‘ബിജെപി’ എന്ന വാക്ക് സഭാരേഖകളിൽനിന്നു നീക്കിയെന്ന് കൊടിക്കുന്നിൽ പിന്നീടു പറഞ്ഞു. ബിജെപി ആരോപണനിഴലിലായതിനാൽ സഭാധ്യക്ഷൻ ബോധപൂർവമാണ് ഇതു ചെയ്തതെന്നും ആരോപിച്ചു. ബിജെപിയുമായി ബന്ധപ്പെട്ട 5 പരാമർശങ്ങളാണു നീക്കിയത്. രാജ്യസഭയിൽ കൊടകര വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സന്തോഷ്കുമാർ നോട്ടിസ് നൽകിയെങ്കിലും സഭാധ്യക്ഷൻ അംഗീകരിച്ചില്ല.