ADVERTISEMENT

തൃശൂർ∙ പ്രശസ്ത കഥാകാരി അഷിത (63) അന്തരിച്ചു. രാത്രി ഒന്നിന് അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്. തൃശൂർ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പർ 13, ലക്ഷ്മി നാരായണ എൻക്ലേവിലെ അന്നപൂർണയിലായിരുന്നു താമസം.

1956 ഏപ്രിൽ 5-നു തൃശൂർ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫൻസ് റിട്ട. അക്കൗണ്ട്‌സ് ഓഫിസർ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രൻ നായർ) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. ഭർത്താവ് പ്രഫ. രാമൻകുട്ടി (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്റ്, കേരള സർവകലാശാല). മകൾ: ഉമ.

സ്‌കൂൾ വിദ്യാഭ്യാസം ഡൽഹിയിലും മുംബൈയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടി. വിസ്‌മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ഒരു സ്‌ത്രീയും പറയാത്തത്, മയിൽപ്പീലി സ്‌പർശം, കല്ലുവച്ച നുണകൾ, ശിവേന സഹനർത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികൾ. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.

2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിക്കു ലഭിച്ചു. ലളിതാംബിക അന്തർജനം അവാർഡ്, ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ആധുനികതയ്‌ക്കു ശേഷം വന്ന തലമുറയിലെ സ്‌ത്രീ കഥാകൃത്തുക്കളിൽ പ്രമുഖയാണ്. റഷ്യൻ കവിതകൾ പദവിന്യാസങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്. അലക്സാണ്ടർ പുഷ്കിന്റെ കവിതകൾ മലയാളത്തിലേക്കു മൊഴിമാറ്റിയത് അഷിതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com