യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ; ജോസഫ് മാർ ഗ്രിഗോറിയോസ് പുതിയ കാതോലിക്കാ ബാവായാകും
Mail This Article
കൊച്ചി ∙ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ഉയർത്തും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവാ കാലം ചെയ്തതിനെത്തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കു ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കണമെന്നു സഭാ സമിതികൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായോട് അഭ്യർഥിച്ചിരുന്നു. ഇന്നലെ പുത്തൻകുരിശ് മലേക്കുരിശ് ദയറായിൽ കുർബാന മധ്യേ സഭാ സമിതികളുടെ അഭ്യർഥന അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അറിയിച്ചു. വൈകിട്ടു ചേർന്ന സഭാ സുന്നഹദോസിൽ ഇക്കാര്യം പ്രഖ്യാപിച്ചു. സ്ഥാനാരോഹണ തീയതിയും സ്ഥലവും പിന്നീടു തീരുമാനിക്കും.
ശാരീരിക അവശതകളെത്തുടർന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു സഭയുടെ ഭരണപരമായ ചുമതലകൾ മെത്രാപ്പൊലീത്തൻ ട്രസ്റ്റി, യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത എന്നീ നിലകളിൽ ജോസഫ് മാർ ഗ്രിഗോറിയോസ് വഹിച്ചു വരികയായിരുന്നു. ശ്രേഷ്ഠ ബാവായുടെ വിൽപത്രത്തിലും തന്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനാണു ജോസഫ് മാർ ഗ്രിഗോറിയോസ്. മുളന്തുരുത്തി മാർത്തോമ്മൻ ഇടവകയിൽ പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ 10 നു ജനിച്ചു. പരേതയായ ശാന്ത, വർഗീസ്, ഉമ്മച്ചൻ എന്നിവർ സഹോദരങ്ങൾ.