‘സ്കീം തൊഴിലാളികൾക്ക് പൂർണ തൊഴിലാളി പദവി നൽകണം’; ആശാ വർക്കർമാർക്ക് വേണ്ടി കത്തെഴുതി ശിവൻകുട്ടി

Mail This Article
തിരുവനന്തപുരം∙ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂർണ തൊഴിലാളി പദവി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇതു സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയ്ക്ക് വി.ശിവൻകുട്ടി കത്തെഴുതി. അങ്കണവാടി തൊഴിലാളികൾ, ആശാ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും കത്തിൽ മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ന്യായമായ വേതനം ഉറപ്പാക്കുന്ന 1948ലെ മിനിമം വേതന നിയമം അവശ്യ സേവനങ്ങൾ നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, സ്കീം തൊഴിലാളികൾക്ക് നിലവിൽ ഇത് ബാധകമല്ലെന്ന് കത്തിൽ പറയുന്നു. അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകുകയും തൊഴിൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന 1947 ലെ വ്യാവസായിക തർക്ക നിയമം സെക്ഷൻ 2 പ്രകാരം ‘തൊഴിലാളി’ എന്നതിന്റെ നിർവചനത്തിൽ ആശവർക്കർമാർ അടക്കമുള്ള സ്കീം തൊഴിലാളികളെ ഉൾപ്പെടുത്തണമെന്നും കത്തിലൂടെ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഇതിനു പുറമെ സ്കീം തൊഴിലാളികള്‍ക്ക് മിനിമം വേതനം, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, പ്രസവാനുകൂല്യങ്ങൾ, ഇപിഎഫ് നിയമം, ഇഎസ്ഐ നിയമം തുടങ്ങിയ നിയമങ്ങൾക്ക് കീഴില്‍ വരുന്ന മറ്റ് അവകാശങ്ങൾ ലഭ്യമാക്കണമെന്നും അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത്, പൂർണ സേവന ആനുകൂല്യങ്ങളോടെ സ്ഥിര ജീവനക്കാരായി അവരെ ഉൾപ്പെടുത്തുന്നതിന് ഒരു ഘടനാപരമായ ചട്ടക്കൂട് വികസിപ്പിക്കണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.