ബെസോസ് വിരമിക്കുന്നു; ആമസോണിൽ ഇനി ജാസി യുഗം

Mail This Article
സിയാറ്റിൽ (യുഎസ്) ∙ ലോകത്തെ അതിസമ്പന്നരിൽ ഒന്നാമൻ ആമസോൺ ഡോട്കോം സാരഥി ജെഫ് ബെസോസ് ഇന്ന് സ്ഥാനമൊഴിയുന്നു. ആമസോൺ സ്ഥാപകനും സിഇഒയുമായ ബെസോസ് ഇനി തന്റെ ബ്ലൂ ഒറിജിൻ കമ്പനിയുമായി ബഹിരാകാശ സഞ്ചാരത്തിൽ പുതുവഴികൾ തേടും.
ആമസോണിന്റെ പുതിയ സിഇഒ ആയി ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവി ആൻഡി ജാസി ഇന്നു ചുമതലയേൽക്കും. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ 57 കാരൻ ബെസോസ് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.
അടുത്ത സുഹൃത്തും സഹോദരനുമായ മാർക്കിനൊപ്പം ബ്ല്യൂ ഒറിജിന്റെ ആദ്യ പേടകമായ ന്യൂ ഷെഫേഡിൽ 20ന് ബഹിരാകാശത്തേക്കു കുതിക്കുമെന്നും ബെസോസ് അറിയിച്ചിട്ടുണ്ട്.
ഹെഡ്ജ് ഫണ്ട് എക്സിക്യൂട്ടീവിൽ നിന്ന് ഗരാഷ് ഉടമയായി മാറി ആമസോൺ സംസ്കാരത്തിനു തുടക്കമിട്ട ബെസോസ് 19,700 കോടി ഡോളർ (14,38,100 കോടിയോളം രൂപ) ആസ്തിയുമായാണ് വിരമിക്കുന്നത്. ഒരു സാധാരണ അമേരിക്കക്കാരൻ വിരമിക്കുമ്പോഴുള്ള സമ്പാദ്യത്തിന്റെ 739,489 ഇരട്ടി.
പുതിയ സിഇഒ ജാസിയെ 20 കോടി ഡോളറിന്റെ (146 കോടിയോളം രൂപ) ഓഹരികൾ നൽകിയാണ് ആമസോൺ വരവേൽക്കുന്നത്. ഇന്ന് 61,000 ഓഹരികൾ (മൂല്യം 2.1 കോടി ഡോളർ) നൽകും. 10 വർഷം കൊണ്ട് 20 കോടി ഡോളറിന്റേതും. കമ്പനിയുടെ ആദ്യ സിഇഒ മാറ്റമാണിത്.
ജാസിയുടെ അടിസ്ഥാന ശമ്പളം 1,75,000 ഡോളർ. ഈ വർഷം 4.53 കോടി ഡോളറിന്റെയും 2020 ൽ 4.15 കോടി ഡോളറിന്റെയും ഓഹരികൾ ജാസിക്കു നൽകിയിരുന്നു.
English Summary: Jeff Bezos, World’s Richest Man, to Step Down as Amazon CEO Today