ഗോകുലം കോച്ച് വരേല പുറത്ത്
Mail This Article
കോഴിക്കോട് ∙ ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ സ്പാനിഷ് കോച്ച് ഫെർണാണ്ടോ സാന്തിയാഗോ വരേല പുറത്ത്. അടുത്ത സീസണിലെ പ്രതിഫലത്തെച്ചൊല്ലി ക്ലബ്ബുമായി ധാരണയിലെത്താത്തതാണു പ്രധാന കാരണം. ടീമിന്റെ ഐ ലീഗ് പ്രകടനത്തിൽ ക്ലബ് അധികൃതർ തൃപ്തരല്ലാതിരുന്നതും കോച്ചിന്റെ പുറത്താകലിനു കാരണമായി. കഴിഞ്ഞ വർഷം ഗോകുലം ഡ്യുറാൻഡ് കപ്പ് നേടിയതു വരേലയുടെ കീഴിലായിരുന്നു. ലോക്ഡൗൺ കാലയളവിൽ കോഴിക്കോട്ടായിരുന്ന വരേല, സ്പാനിഷ് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽനിന്നു നാട്ടിലേക്കു തിരികെപ്പോയതു 4 ദിവസം മുൻപാണ്.
ക്ലബ്ബ് അധികൃതർ പുതിയ കോച്ചിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഒരു വിദേശ കോച്ചും 2 ഇന്ത്യൻ കോച്ചുമാരുമാണ് അന്തിമ പട്ടികയിലുള്ളത്. കഴിഞ്ഞ ജൂലൈയിലാണു വരേല 2–ാം തവണ ഗോകുലത്തിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റത്. 2018ൽ 2 മാസം മാത്രം ടീമിനെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ, പ്രീസീസണിലെ മോശം പ്രകടനത്തെത്തുടർന്ന് അന്നു പുറത്തായി.
കഴിഞ്ഞ ഐ ലീഗിൽ ഗോകുലത്തിനു റണ്ണറപ്പാകാനെങ്കിലും സാധിക്കുമായിരുന്നുവെന്നാണു ക്ലബ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, 6–ാം സ്ഥാനത്തായിപ്പോയി.
യൂത്ത് ഐ ലീഗും കെപിഎല്ലും മഞ്ചേരിയിൽ
മലപ്പുറം ∙ യൂത്ത് ഐ ലീഗിലും കേരള പ്രീമിയർ ലീഗിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാൻ ഗോകുലം കേരള എഫ്സി. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലുമായി ക്ലബ് 3 വർഷത്തെ കരാറിൽ ഒപ്പിടും. അടുത്ത സീസൺ ഐ ലീഗിലെ 3 മത്സരങ്ങൾ മഞ്ചേരിയിൽ കളിക്കാനും പദ്ധതിയുണ്ട്.
ഇതിനു മുന്നോടിയായി ഗോകുലം സീനിയർ ടീം മഞ്ചേരിയിൽ പ്രദർശന മത്സരങ്ങൾ കളിക്കും. ക്ലബ് പ്രതിനിധികൾ ഇന്നലെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാറുമായി ചർച്ച നടത്തി. പയ്യനാട് സ്റ്റേഡിയത്തിൽ ഐ ലീഗ് മത്സരങ്ങൾ കളിക്കുന്നതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അനുമതി തേടുമെന്നു ക്ലബ് പ്രസിഡന്റ് വി.സി.പ്രവീൺ പറഞ്ഞു.