കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ജീവിതം മാറി മറിയും, ചില ഉത്തരങ്ങൾ ഇതുവരെ കിട്ടിയില്ല: മലൈക അറോറ
Mail This Article
2024 കടന്നു പോകുമ്പോൾ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് നടിയും മോഡലുമായ മലൈക അറോറ. കടന്നുപോയ വർഷം ഏറെ ക്ലേശകരമാണെന്നാണ് മലൈക സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. വ്യക്തി ജീവിതത്തിൽ വലിയ നഷ്ടമുണ്ടായ വർഷമാണിതെന്നും മലൈക പറയുന്നു.
‘‘2024, ഞാൻ നിന്നെ വെറുക്കുന്നില്ല. പക്ഷേ, വളരെ പ്രയാസങ്ങൾ നിറഞ്ഞ വർഷമായിരുന്നു. വെല്ലുവിളികൾ നിറഞ്ഞതും മാറ്റങ്ങളുടെയും വർഷമായിരുന്നു. വലിയ പാഠങ്ങൾ പഠിപ്പിച്ച വർഷം കൂടിയാണ് കടന്നു പോകുന്നത്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് ജീവിതം മാറിമറിയുന്നതെന്ന് നീ എന്നെ പഠിപ്പിച്ചു. എല്ലാത്തിലും ഉപരി ഞാൻ എന്നെ വിശ്വസിക്കണം. ശാരീരികവും മാനസീകവുമായ ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പഠിച്ചു. ചിലതൊന്നും എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. കാലം എല്ലാത്തിനും ഉത്തരം നൽകും.’’– മലൈക അറോറ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പിതാവ് അനിൽ മേഹ്തയുടെ മരണം മലൈകയെ തളർത്തിയിരുന്നു. അർജുൻ കപൂറുമായി ദീർഘകാലമായുള്ള ബന്ധം വേർപിരിഞ്ഞത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഒക്ടോബറിലാണ് അർജുൻ കപൂറുമായുള്ള ബന്ധം വേർപിരിഞ്ഞ കാര്യം മലൈക ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു പൊതു പരിപാടിയിൽ താൻ സിംഗിളാണെന്ന് അർജുനും വ്യക്തമാക്കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പൊതുയിടത്തിൽ സംസാരിക്കാൻ താത്പര്യമില്ലെന്നായിരുന്നു അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മലൈക പ്രതികരിച്ചത്. അർജുൻ എന്തു പറയണം എന്നത് അയാളുടെ സ്വാതന്ത്ര്യമാണെന്നും മലൈക പറഞ്ഞിരുന്നു. ഏഴുവർഷം നീണ്ട ഡേറ്റിങ്ങിനു ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.