പകിട്ടേറിയ പ്രഫഷൻ എന്ന നിലയിൽ ഏറെ പെൺകുട്ടികളെ ആകർഷിക്കുന്ന കരിയറാണ് എയർഹോസ്റ്റസിന്റേത്. പക്ഷേ, ആ പകിട്ടിനും തിളക്കത്തിനും പിന്നിൽ കഠിനാധ്വാനവും അസൗകര്യങ്ങൾ സഹിക്കാനുള്ള സന്നദ്ധതയും ഉണ്ടെന്ന കാര്യം മറന്നുകൂടാ. യാത്രക്കാർ വിമാനത്തിൽ കയറുന്ന നിമിഷം മുതൽ അവരുടെ സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന ചുമതല ഹോസ്റ്റസിനുണ്ട്. പുഞ്ചിരിയോടെ വണങ്ങി അവരെ സ്വീകരിച്ച് നിർദിഷ്ട സീറ്റിൽ കൊണ്ടിരുത്തുക, ഹാൻഡ് ബാഗേജ് യഥാസ്ഥാനം വയ്ക്കാൻ സഹായിക്കുക, ടേക്കോഫിനു മുൻപ് അവർ സീറ്റ് ബെൽറ്റ് കെട്ടിയെന്ന് ഉറപ്പുവരുത്തുക, സുരക്ഷ സംബന്ധിച്ച അറിയിപ്പു നൽകുക, ഓക്സിജൻ മാസ്ക്, ലൈഫ് ജാക്കറ്റ് എന്നിവയുടെ ഉപയോഗരീതി പ്രദർശിപ്പിക്കുക, സീറ്റിന്റെ നില വേണ്ടവിധമാക്കാൻ നിർദേശിക്കുക, വിമാനത്തിന്റെ വാതിലുകൾ ഭദ്രമായി അടച്ചെന്ന് ഉറപ്പുവരുത്തുക എന്നിവ യാത്ര തുടങ്ങുന്നതിനു മുൻപ് ഹോസ്റ്റസ് ചെയ്യേണ്ടതുണ്ട്. യാത്രക്കാർ വന്നിരിക്കുന്നതിനു മുൻപു തന്നെ വിമാനത്തിന്റെ ഉള്ളിലെ ശുചിത്വം ഉറപ്പുവരുത്തുകയും, സീറ്റ് പോക്കറ്റുകളിൽ സുരക്ഷാ നിർദേശങ്ങളും വായനയ്ക്കുള്ള പ്രസിദ്ധീകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.