ADVERTISEMENT

എം80 മൂസ സീരിയലിൽ മകളായി അഭിനയിച്ച അഞ്ജുവിനെ ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ വിനോദ് കോവൂർ. അഞ്ജു ഇപ്പോൾ എയർഹോസ്റ്റസ് ആണ്. സീരിയൽ സംപ്രേഷണം ചെയ്യുന്ന കാലത്ത് ഗൾഫിലേക്ക് പോകാനായി ആദ്യമായി വിമാനത്തിൽ കയറിയപ്പോഴാണ് എയർ ഹോസ്റ്റസ് ആകണമെന്ന് അഞ്ജുവിന് ആഗ്രഹമുണ്ടാകുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന വിനോദ് കോവൂറിനോടും സുരഭി ലക്ഷ്മിയോടും അഞ്ജു അത് പങ്കുവച്ചിരുന്നു. അഞ്ജുവിന്റെ സ്വപ്നം പൂവണിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിനോദ് കോവൂർ കുറിച്ചു. വിനോദ് കോവൂരും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ എം80 മൂസയിൽ ഇവരുടെ മകൾ റസിയയെ ആണ് അഞ്ജു അവതരിപ്പിച്ചത്. 

വിനോദ് കോവൂറിന്റെ കുറിപ്പ്:

വലിയ ഒരു ഇടവേളക്ക് ശേഷം എം80 മൂസയിലെ എന്റെ മകൾ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽവച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ. കൂടുതൽ നേരവും ആകാശത്താണ്. നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു. എം80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം. വിമാനത്തിലെ എയർ ഹോസ്റ്റസ്മാരെ കണ്ടപ്പോ ഓൾക്കും എയർ ഹോസ്റ്റസ് ആകണമെന്ന ഒരാഗ്രഹം മനസ്സിൽ ഉദിച്ചു, അത് നടക്കുമോ എന്ന് എന്നോടും സുരഭിയോടും ചോദിച്ചു. ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായി അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ്, അഭിമാനമാണ്. എയർഹോസ്റ്റസ് ആയിട്ടും മോൾ കലയെ ഉപേക്ഷിച്ചില്ല ട്ടോ. റസിയ നായികയായുള്ള ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞു നില്ക്കുകയാണ് ജനുവരിയിൽ റിലീസ് ഉണ്ട്. ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിങ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കുമെന്നും പിന്നെ വീണ്ടും വീണ്ടും യാത്ര എന്നും ചിരിച്ചോണ്ട് പറഞ്ഞപ്പോൾ, 14 ന് ഉപ്പ ബഹ്റൈനിലേക്ക് പോകുന്നുണ്ടെന്നും 17 ന് തിരിച്ചും വരുമെന്നും ഞാൻ പറഞ്ഞു. തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും  ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന് ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു. ആകാശത്തിൽവച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ.

മൂസക്കായിന്റെ പൊന്നുമോൾ റസിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com