അനൂപ് മേനോൻ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടനും തിരക്കഥാകൃത്തുമാണ്. ടെലിവിഷനിൽ അഭിനയിച്ചായിരുന്നു അഭിനയരംഗത്തേക്ക് അനൂപ് മേനോൻ കടന്നുവന്നത്. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി.
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കിയ അനൂപ് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലിനോക്കിയിരുന്നു. സൂര്യാ ടി വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ സിനിമാരംഗത്തെത്തുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥരചിച്ചിട്ടുണ്ട്.
2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും അനൂപ് ഏറെ ശ്രദ്ധേയനായി. തിരകഥയ്ക്ക് ശേഷം പ്രദർശിപ്പിച്ച ലൗഡ്സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്, പ്രണയം എന്നി ചലച്ചിത്രങ്ങളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.