വിമാന സീറ്റ് കവറുകളിൽ നിന്ന് ട്രാവൽ ബാഗുകൾ, 'മതാക'യിലൂടെ ശ്രീലങ്കൻ എയർലൈൻസ്
Mail This Article
ശ്രീലങ്ക ഡിസൈന്‍ ഫെസ്റ്റിവലില്‍(എസ്എല്‍ഡിഎഫ്) മതാക ബ്രാന്‍ഡിനു കീഴില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. സിനമണ്‍ ലൈഫില്‍ നവംബര്‍ ആറു മുതല്‍ 11 വരെയാണ് എസ്എല്‍ഡിഎഫ് നടന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായിരുന്ന വിവിധ ഉത്പന്നങ്ങളെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി അവതരിപ്പിക്കുകയാണ് 'മതാക' വഴി ചെയ്യുന്നത്.
കാലാവധി കഴിയുന്ന ഉത്പന്നങ്ങള്‍ എന്തു ചെയ്യുമെന്ന വെല്ലുവിളി ലോകമെങ്ങുമുള്ള സ്ഥാപനങ്ങളെ പോലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സും നേരിട്ടിരുന്നു. വിമാനങ്ങളിലെ സീറ്റ് കവറുകള്‍, ബ്ലാങ്കറ്റ്, കര്ട്ടന്, യൂണിഫോം, മരംകൊണ്ടുള്ള എയര്‍ കാര്‍ഗോ തട്ടുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മതാക എന്ന ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കുകയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ചെയ്തത്.
ട്രാവല്‍ ബാഗ്, തോള് സഞ്ചികള്‍, ചെറുപാവകള്, ടേബിള്‍ മാറ്റുകള്‍ എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാണ് മതാകക്കു കീഴില്‍ പുതുതായി അവതരിപ്പിച്ചത്. മൂന്നു വനിതാ സംരംഭകരുടെ സഹകരണത്തിലാണ് ഇവ മൂല്യ വര്‍ധിത ഉത്പന്നങ്ങളായി അവതരിപ്പിക്കുന്നത്. ലൊണാലി റോഡ്രിഗോയുടെ ഹൗസ് ഓഫ് ലൊണാലി, റൂത്ത് വീരസിംഗെയുടെ എസ്ഒ4, ഷമിന് അബിദീന്റെ പോംസ് ഐലന്‍ഡ് എന്നീ സംരംഭങ്ങളാണ് മതാക ഉത്പന്നങ്ങളൊരുക്കാന് ശ്രീലങ്കന്‍ എര്ലൈന്സുമായി സഹകരിക്കുന്നത്.
'തുടക്കം മുതല്‍ പരിസ്ഥിതിക്ക് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ശ്രമിക്കുന്നുണ്ട്. പുതിയ ഉത്പന്നങ്ങള്‍ മതാക്കക്കു കീഴില്‍ എസ്എല്ഡിഎഫില് അവതരിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്' എന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സിഇഒ റിച്ചാര്‍ഡ് നുട്ടല്‍ പറഞ്ഞത്. ഉത്പന്നങ്ങള്‍ പുനരുപയോഗിക്കുന്നതിനൊപ്പം പ്രാദേശിക സംരംഭകരേയും വനിതാ സംരംഭകരേയും പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കുന്നുവെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്വിയോണ്മെന്റല് അഫയേഴ്സ് മാര്‍ക്കറ്റിങ് ഹെഡ് സമിന്ദ പെരേര പ്രതികരിച്ചത്.
2009 ല്‍ പരിസ്ഥിതി സൗഹൃദ വിമാനയാത്രകള്‍ ഏഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച വ്യോമയാന കമ്പനിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. 2016 ല്‍ ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും കുറവ് കാര്‍ബണ്‍ പുറന്തള്ളുന്ന രണ്ടാമത്തെ കമ്പനിയായി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ ബിസിനസ് ട്രാവല്‍ തിരഞ്ഞെടുത്തിരുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ പ്രധാനമാണ് മതാകക്കു കീഴിലുള്ള ഉത്പന്നങ്ങള്‍.