ADVERTISEMENT

കേരളത്തിലെ സ്വർണവിലയിലും ക്രിസ്മസ് ആവേശം. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്ന വിലയിൽ, ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. പവൻവില 57,000 രൂപയിലേക്ക് തിരികെയെത്തി. 7,125 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 20 രൂപ ഉയർന്ന് 5,885 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 95 രൂപ.

രാജ്യാന്തര വിപണിയിലെ വിലവർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔൺസിന് 2,616 ഡോളർ എന്നതിൽ നിന്ന് വില 2,629 ഡോളറിലേക്ക് വർധിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഇപ്പോൾ സ്വർണവിപണിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് തിരിച്ചെത്തുന്നത്, യുഎസിന്റെ സാമ്പത്തികനയങ്ങളിൽ കാതലായ മാറ്റത്തിനും വഴിവയ്ക്കും. ട്രംപിന്റെ നികുതിനയങ്ങൾ സ്വർണവിലയെ എങ്ങവെ ബാധിക്കുമെന്ന് നോക്കുകയാണ് സാമ്പത്തികലോകം.

Image : shutterstock/AI Image Generator
Image : shutterstock/AI Image Generator

മറ്റൊന്ന്, യുഎസിൽ തൊഴിലില്ലായ്മക്കണക്ക് ഏത് ദിശയിലേക്ക് നീങ്ങുന്നു എന്നതാണ്. കണക്കുകൾ ആശാവഹമെങ്കിൽ പലിശയിറക്കത്തിന് സാധ്യതമങ്ങും. ഇത് സ്വർണവിലയെ താഴേക്ക് നയിക്കും. എന്നാൽ, കണക്കുകൾ നിരാശപ്പെടുത്തിയാൽ പലിശ കുറയ്ക്കുന്നത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ആലോചിച്ചേക്കും. ഇത് സ്വർണത്തിനാണ് നേട്ടമാകുക. പുറമേ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ത്യയിൽ നിന്നുള്ള സ്വർണ ഡിമാൻഡ് എന്നിവയും വിലയെ സ്വാധീനിക്കും.

വിടപറയാൻ സുവർണവർഷം
 

സ്വർണവില രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ റെക്കോർഡുകൾ തകർത്ത വർഷമാണ് കടന്നുപോകുന്നത്. കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15ൽ നിന്ന് 6 ശതമാനമായി കുറച്ചിട്ടും സ്വർണവിലയിലെ കുതിപ്പിന് തടയിടാനായില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. രാജ്യാന്തരവില അന്ന് ഔൺസിന് 2,789 ഡോളർ എന്ന പുതിയ ഉയരവും തൊട്ടിരുന്നു. 2024 ജനുവരി ഒന്നിന് പവന് വില 46,840 രൂപയായിരുന്നു. ഗ്രാമിന് 5,855 രൂപയും. തുടർന്ന് ഇന്നുവെരയുള്ള കണക്കെടുത്താൽ പവന് വർധിച്ചത് 10,160 രൂപ. ഗ്രാമിന് 1,270 രൂപയും.

2025ൽ സ്വർണം എങ്ങോട്ട്?
 

2010ന് ശേഷം സ്വർണവില ഏറ്റവുമധികം കുതിച്ച വർഷമാണ് 2024. പുതുവർഷത്തിൽ രാജ്യാന്തരവില 2,800 ഡോളറും പിന്നിട്ട്, വർഷാന്ത്യത്തോടെ 3,000 ഡോളർ ഭേദിക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 65,000 രൂപ കടക്കും. യുഎസിന്റെ സാമ്പത്തിക നയങ്ങൾ, ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ, ഇന്ത്യയിലും ചൈനയിലും മറ്റും സ്വർണത്തിന് കിട്ടുന്ന വലിയ ഡിമാൻഡ് എന്നിവയും വിലയെ മുന്നോട്ട് നയിച്ചേക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price - Gold Prices Hit ₹57,000/8g in Kerala today. A surge in international gold prices and uncertainty in the US economy are key factors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com