എച്ച്ഐവിക്ക് മരുന്ന്; ശാസ്ത്ര സാങ്കേതികരംഗത്തെ 2024 ലെ ശ്രദ്ധേയമായ കുതിപ്പുകൾ
Mail This Article
ശാസ്ത്ര, സാങ്കേതികരംഗത്തു ശ്രദ്ധേയമായ കുതിപ്പുകൾക്കാണ് 2024 സാക്ഷ്യം വഹിച്ചത്. അവയിൽ ചിലതു പരിചയപ്പെടാം.
എച്ച്ഐവിക്ക് മരുന്ന്
എച്ച്ഐവി ബാധയ്ക്കെതിരായ ഗവേഷണങ്ങളിലെ ശ്രദ്ധേയമായ കാൽവയ്പുകളിലൊന്നാണ് ലെനകാപവീർ. വൈറസ് വ്യാപനം തടയാൻ 96 ശതമാനത്തോളം ഫലപ്രദമാണ് മരുന്നെന്ന് 3200ലേറെ പേരിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ തെളിഞ്ഞു. വർഷത്തിൽ രണ്ടുവട്ടം എടുക്കേണ്ട കുത്തിവയ്പാണിത്. ‘സയൻസ്’ മാഗസിൻ ‘ബ്രേക്ത്രൂ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തതു ലെനകാപവീറിനെയായിരുന്നു.
ഇലാസ്റ്റോകലോറിക്സ്
ഇലാസ്തികതയുള്ള പദാർഥങ്ങളുപയോഗിച്ച് കാര്യക്ഷമമായ താപീകരണവും ശീതീകരണവും ഉറപ്പാക്കുന്ന പുതിയ സാങ്കേതികവിദ്യ. ഇതിൽ വലിയ കുതിപ്പുകളുണ്ടാക്കാൻ സമീപകാല ഗവേഷണങ്ങൾക്കായി. ചില പദാർഥങ്ങളിൽ മർദം ഏൽപിക്കുന്നതിലൂടെ ചൂടിനെ വലിച്ചെടുക്കാനും പുറന്തള്ളാനും കഴിയുമെന്നതാണ് പ്രത്യേകത.
വില്ലോ ചിപ്
അതിവേഗ കംപ്യൂട്ടറുകൾ 10 സെപ്റ്റില്യൺ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വർഷങ്ങൾകൊണ്ട് ചെയ്യുന്ന ജോലി അഞ്ചുമിനിറ്റ് കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ചിപ് സങ്കൽപിക്കാമോ? അതാണു ഗൂഗിൾ വികസിപ്പിച്ചെടുത്ത വില്ലോ. പ്രപഞ്ചത്തിന്റെ പ്രായത്തേക്കാൾ അധികം വർഷങ്ങൾകൊണ്ട് തീർക്കേണ്ട ജോലിയാണ് അഞ്ചുമിനിറ്റിൽ തീർക്കുന്നത്. മരുന്നു ഗവേഷണത്തിലടക്കം വലിയ മാറ്റമുണ്ടാക്കാൻ ഇതിനാകുമെന്നാണു കരുതുന്നത്.