മൈനസ് 2 ഡിഗ്രി സെൽഷ്യസ്; കൊടുംതണുപ്പിന്റെ പിടിയിൽ മൂന്നാർ

Mail This Article
മൂന്നാർ ∙ മൂന്നാർ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്നലെ മൈനസ് 2 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. രാവിലെ പുൽമേടുകൾ ഉൾപ്പെടെ മഞ്ഞു പുതച്ച നിലയിലായിരുന്നു. മൂന്നാറിനു പിന്നാലെ വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പാമ്പാടുംചോലയിൽ ബുധനാഴ്ച രാവിലെ താപനില മൈനസ് ഒന്നിലെത്തി. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാർ,
കടവരി മേഖലകളിലും ശക്തമായ തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ 5 വർഷത്തിനിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്നു കർഷകർ പറയുന്നു. കാലാവസ്ഥയിലെ ഈ വ്യതിയാനം വരുംദിവസങ്ങളിൽ കുടിവെള്ളക്ഷാമം ഉണ്ടാക്കുമെന്നാണു പഴമക്കാർ പറയുന്നത്. വരുംദിവസങ്ങളിൽ താപനില താഴ്ന്നാൽ അതു കൃഷിയെയും ബാധിക്കും. തണുപ്പു ശക്തമായി തുടരുന്നതിനാൽ ഏറെ ആശങ്കയിലാണു വട്ടവടയിലെ പച്ചക്കറിക്കർഷകർ.