ഗുജറാത്തിൽ കനത്ത മഴ: നിറഞ്ഞ് കവിഞ്ഞ് ‘മുതലകളുടെ പുഴ’
Mail This Article
ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയെത്തുടർന്ന് വിശ്വാമിത്രി നദിയിൽ വെള്ളം പൊങ്ങി. പ്രളയ സാധ്യത കണക്കിലെടുത്ത് വലിയ ജാഗ്രതയാണ് ഇവിടെയുള്ളത്. വിശ്വാമിത്രി നദി ദേശീയതലത്തിൽ വളരെ പ്രശസ്തമാണ്. മുതലകളുടെ സാന്നിധ്യമാണ് ഇതിനു കാരണം. ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. വിശ്വാമിത്രി നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയിൽ കൂടിയാണ് ഒഴുകുന്നത്. മുതലകളുടെ സാന്നിധ്യം മൂലം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നദികളിലൊന്നായാണു വിശ്വാമിത്രി കണക്കാക്കപ്പെടുന്നത്. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുതലകൾ നഗരത്തിലിറങ്ങുന്നതിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും വഡോദരയിൽ നിന്നു പ്രചരിക്കാറുണ്ട്.
മഗ്ഗർ അഥവാ മാർഷ് ക്രോക്കഡൈൽ വിഭാഗത്തിൽ പെടുന്ന മുതലകളാണ് ഇവിടെ അധികവും. ഇത്തരം മുതലകൾ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മാത്രമേ ഉള്ളൂവെന്നതിനാൽ ഇവ സംരക്ഷിത വിഭാഗങ്ങളാണ്.2019ൽ നടത്തിയ ഒരു സർവേയിൽ ഈ നദിയുടെ ഓരോ കിലോമീറ്റർ ദൂരത്തിലും 6 മുതലകൾ വീതമുണ്ടെന്ന് വെളിവായി.
മുതലകൾ പെരുകുന്നതു മൂലം ഭീതിയുടെ ജലമൊഴുകുന്ന പല നദികളുമുണ്ട് ലോകത്തിൽ. ഇതിൽ ഏറെ പ്രശസ്തം ലോകത്തിലെ ഏറ്റവും നീളമുള്ള നദിയായ നൈൽ തന്നെയാകും. മനുഷ്യരെ ആക്രമിക്കാൻ ഒട്ടും മടിയില്ലാത്ത നൈൽ ക്രോക്കഡൈൽ എന്ന വിഭാഗത്തിലുള്ള മുതലകൾ ഇവിടെയുണ്ട്.ദക്ഷിണാഫ്രിക്കയിലും മൊസാംബിക്കിലുമായി ഒഴുകുന്ന ഒലിഫാന്റ്സ് നദിയിലും മുതലശല്യം കലശലാണ്.
ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ പാർക്ക് വനോദ്യാനത്തിന്റെ തെക്കേ അതിർത്തിയിലുള്ള ഒരു നദിയുടെ പേര് തന്നെ ക്രോക്കൊഡൈൽ നദിയെന്നാണ്. ഈ നദിയിൽ ധാരാളം മുതലകളുണ്ട്. ഇതു പോലെ തന്നെ പേരിൽ മുതലയുള്ള നദിയാണ് ഓസ്ട്രേലിയയിലെ ഈസ്റ്റ് അലിഗേറ്റർ റിവർ.
എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുതലകൾ അധിനിവേശം നടത്തിയിട്ടുള്ള നദി ഇതൊന്നുമല്ല. കോസ്റ്റ റിക്കയിലെ ടാർക്കോലിസ് എന്ന നദിയാണ്. വലിയ അളവിൽ മലിനമാക്കപ്പെട്ടിട്ടുള്ള ഈ നദി മുതലകളുടെ ഒരു ആവാസകേന്ദ്രമാണ്.