'ഇതാണ് ഫാഷൻ': ഈന്തപ്പന കൊണ്ട് വസ്ത്രങ്ങൾ; യുഎഇ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് അവാർഡ്

Mail This Article
അബുദാബി ∙ ആഗോള ഫാഷൻ വ്യവസായത്തിൽ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ ഫാഷൻ വസ്ത്ര പ്രദർശനത്തിൽ അബുദാബി മുറൂർ ഇന്ത്യ സ്കൂളിന് കൾചറൽ കച്ചൂർ അവാർഡ് ലഭിച്ചു. അയർലൻഡിലെ ഡബ്ലിനിൽ നടന്ന ജങ്ക് കച്ചൂർ ഗ്രാൻഡ് ഫിനാലെയിലായിരുന്നു പുരസ്കാര സമർപ്പണം.
ഈന്തപ്പന ഉൾപ്പെടെ പുനരുപയോഗ വസ്തുക്കൾകൊണ്ട് ഫാഷൻ വസ്ത്രങ്ങൾ രൂപകൽപന ചെയ്ത് അവതരിപ്പിച്ചതിനാണ് യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് പുരസ്കാരം ലഭിച്ചത്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്ന മത്സരത്തിൽ യുഎസ്എ, യുകെ, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള യുവ ഡിസൈനർമാർ പങ്കെടുത്തു. പുനരുപയോഗ വസ്തുക്കളിൽനിന്ന് നിർമിച്ച ഫാഷൻ വസ്ത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
ആഗോള വേദിയിൽ യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സമ്മാനം നേടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പൽ നീരജ് ഭാർഗവ പറഞ്ഞു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ സർഗാത്മകതയ്ക്കും സമർപ്പണത്തിനും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരം കൂടിയാണിത്. പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ യുവജനതയെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. അധ്യാപിക പ്രിയ ശിവദാസ് ബാലചന്ദ്രന്റെ മാർഗനിർദേശത്തിൽ നിഹാരിക പ്രമോദ്, വൈഗ വിനോദ്, കൃപ വർഗീസ് എന്നീ വിദ്യാർഥികളാണ് വസ്ത്രം രൂപകൽപന ചെയ്ത് അവതരിപ്പിച്ചത്. ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച് അന്തിമപട്ടികയിലെത്തിയ 10 പേർ വീതം പങ്കെടുത്തു.