ADVERTISEMENT

"ജോലിയിൽനിന്നു വിരമിച്ചാൽ കൃഷിക്കാരനായി മാറണം എന്നത് മുൻപേ തീരുമാനിച്ചതാണ്. അങ്ങനെയാണ് റംബുട്ടാനിലേക്ക് തിരിഞ്ഞത്. റംബുട്ടാൻ കൃഷി ചെയ്യാനുള്ള തീരുമാനവും നേരത്തെതന്നെ തീരുമാനിച്ചിരുന്നു." - ഇടുക്കി കുടയത്തൂരിലെ റംബുട്ടാൻ തോട്ടത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ രാജു സി ഗോപാൽ എന്ന രാജു സാറും അജിത കുമാരി എന്ന അജിത ടീച്ചറും തങ്ങൾ വെറുതെ തുടങ്ങിയതല്ല ഈ കൃഷി എന്ന് വ്യക്തമാക്കി. ഒരു സുഹൃത്തു നൽകിയ തൈ വീട്ടുമുറ്റത്തു നട്ടു വളർത്തിയതാണ് റംബുട്ടാനിലേക്കു തിരിയാൻ പ്രേരിപ്പിച്ചതെന്ന് രാജുസാർ. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കോളപ്രയിലെ വീട്ടിൽ അന്ന് റംബുട്ടാൻ ആദ്യമായി വിളഞ്ഞപ്പോൾ ഒരുപാട് ആവശ്യക്കാരുണ്ടായി. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1.7 ഏക്കറിലെ റബർ വെട്ടിമാറ്റി റംബുട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.

അജിതകുമാരി ടീച്ചറും രാജു സാറും മലങ്കര ഡാമിനു സമീപത്തെ റംബുട്ടാൻ തോട്ടത്തിൽ
അജിതകുമാരി ടീച്ചറും രാജു സാറും മലങ്കര ഡാമിനു സമീപത്തെ റംബുട്ടാൻ തോട്ടത്തിൽ

ശാസ്ത്രീയ അറിവുകളില്ലാത്ത തുടക്കം

2013ൽ കൂവപ്പള്ളി ഹൈസ്കൂളിൽ പ്രധാനാധ്യാപകനായിട്ടാണ് രാജു സാർ റിട്ടയർ ചെയ്തത്. ആ വർഷംതന്നെ റംബുട്ടാൻ കൃഷിയും ആരംഭിച്ചു. അന്ന് ശാസ്ത്രീയ കൃഷി രീതിയെക്കുറിച്ച് അത്ര അറിവില്ല. അതുപോലെ കൃത്യമായ അളവോ നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടുതന്നെ 1.7 ഏക്കറിൽ 188 തൈകളായിരുന്നു നട്ടത്. എന്നാൽ, ഇന്ന് ഈ തോട്ടത്തിലുള്ള മരങ്ങളുടെ എണ്ണം വെറും 66. ഒരു ദാക്ഷണ്യവുമില്ലാതെ 122 മരങ്ങൾ വെട്ടിക്കളഞ്ഞു. വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രമേ ഈ പണിക്ക് ഇറങ്ങാവൂ എന്ന് രാജുസാർ പറയും. കാരണം വളരുംതോറും മരങ്ങൾ തമ്മിൽ കൂട്ടിമുട്ടും. ഇങ്ങനെ കൂട്ടിമുട്ടിയാൽ ഉൽപാദനം ഗണ്യമായി കുറയും. കൂട്ടി മുട്ടാൻ പാടില്ല എന്നുമാത്രമല്ല ഒരു മരത്തിന്റെ നിഴൽ മറ്റൊരു മരത്തിന് മുകളിലാവാൻ പാടില്ല. ഈ അറിവ് അന്ന് ഇല്ലായിരുന്നു. 6 വർഷം വളർച്ച എത്തിയതോടെ മരങ്ങൾ കൂട്ടിമുട്ടി. ഉൽപാദനവും കുറഞ്ഞു. മരങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചപ്പോൾ 188 മരങ്ങളിൽനിന്നു ലഭിച്ചതിലും വിളവും ഉണ്ടായി. കഴിഞ്ഞ വർഷം ഈ തോട്ടത്തിൽനിന്നു മാത്രം ലഭിച്ചത് 14 ടൺ പഴം. 

വെള്ളം വേണം, പക്ഷേ...

നല്ല രീതിയിൽ വെള്ളം വേണ്ട മരമാണ് റംബുട്ടാൻ. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. അതുകൊണ്ടുതന്നെ നീർവാർച്ചയുള്ള സ്ഥലത്തായിരിക്കണം റംബുട്ടാൻ നടേണ്ടതെന്ന് അജിത ടീച്ചർ. ആദ്യത്തെ കൃഷിയിടത്തിലെ കൃഷിയും വിളവും മികച്ചവരുമാനം നേടിത്തന്നതോടെ വീടിന് രണ്ടു കിലോമീറ്റർ അകലെ മലങ്കര ഡാമിനോടു ചേർന്നുകിടക്കുന്ന മൂന്നേക്കർ സ്ഥലംകൂടി വാങ്ങി റംബുട്ടാൻ നട്ടു. നല്ല ചെരിവുള്ള സ്ഥലം വാങ്ങിയപ്പോൾത്തന്നെ എല്ലായിടത്തും എത്താൻ പറ്റുന്ന വിധത്തിൽ വഴി വെട്ടി. പ്രഫഷനൽ ആയിട്ടുള്ള ആളുടെ സഹായം പ്രയോജനപ്പെടുത്തിയായിരുന്നു ഈ വഴി ഡിസൈൻ ചെയ്തതെന്നും അജിത ടീച്ചർ പറഞ്ഞു. കച്ചവടക്കാർക്ക് അനായാസം തോട്ടത്തിൽ എത്തി പഴങ്ങൾ കൊണ്ടുപോകാനും അതുപോലെ വളം എത്തിക്കാനുമെല്ലാം വഴി ആവശ്യമാണല്ലോ.

rambutan-3

തമിഴ്നാടിനോടിനോട് മത്സരിക്കാം

കേരളത്തിൽ കൃഷിയിൽ പിടിച്ചുനിൽക്കണമെങ്കിൽ തമിഴ്നാട്ടിൽ കൃഷിയില്ലാത്ത വിള വേണം. നിലവിൽ റംബുട്ടാനാണ് സാധ്യത. കേരളത്തിൽ ഇടുക്കി (ലോ റേഞ്ച്), കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വ്യാവസായിക കൃഷി നടക്കുന്നത്. ഇവിടെനിന്ന് കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പഴം പോകുന്നുണ്ട്. അവിടുത്തെ കാലാവസ്ഥയിൽ വാവസായിക കൃഷി സാധ്യമല്ല എന്നതുകൊണ്ടുതന്നെ വിപണിയിൽ ഇടിവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ, കാലാവസ്ഥ ഇത്തവണ വില്ലനായി. ചൂട് കൂടിയതും മഴ നിൽക്കാൻ താമസിച്ചതും ഉൽപാദനത്തിൽ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. 

കാടുപിടിച്ചുകിടന്ന ചെരിവുള്ള സ്ഥലം വെട്ടി റംബുട്ടാൻ കൃഷി ചെയ്തപ്പോൾ ഒപ്പം വാഴയും വച്ചിരുന്നു. 20-22 കിലോ തൂക്കമുള്ള നേന്ത്രക്കുലകൾ വിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടി. മെച്ചപ്പെട്ട വിലയും ലഭിച്ചില്ല. അതുകൊണ്ടുതന്നെ പിന്നീട് മറ്റു വിളകളിലേക്ക് ശ്രദ്ധിച്ചില്ലെന്ന് രാജു സാർ പറയുന്നു. പുതുതായി വാങ്ങിയ മൂന്നേക്കറിൽ 40x40 അടി അകലത്തിൽ 120 റംബുട്ടാൻ നട്ടു. അഞ്ചു വർഷം പിന്നിട്ട ഈ മരങ്ങളിൽനിന്ന് 60 കിലോയ്ക്കു മുകളിൽ പഴം ലഭിക്കുന്നുണ്ട്. മൂന്നേക്കറിൽനിന്ന് വർഷം 10 ലക്ഷം രൂപയോളം വരുമാനം. റബറിന് വിലയുണ്ടായിരുന്ന കാലത്ത് ഇത്രയും സ്ഥലത്തുനിന്ന് ഇതിന്റെ പകുതി നേട്ടം പോലും ലഭിച്ചില്ലെനും ഇരുവരും പറയുന്നു.

rambutan-2

കരാർ ഉറപ്പിച്ച് വിൽപന

പ്ലാന്റേഷൻ രീതിയിൽ കൃഷി ചെയ്യുന്നതുകൊണ്ടുതന്നെ വിൽപനയ്ക്ക് ബുദ്ധിമുട്ടില്ലെന്ന് രാജു സാർ. കരാറിൽ ഒപ്പിട്ട് തോട്ടം അടങ്കൽ കൊടുക്കുന്നു. സീസണായാൽ അവർതന്നെ വല വിരിക്കുതയും വിളവെടുക്കുകയും ചെയ്യും. മരങ്ങളുടെ സംരക്ഷണം മാത്രം കർഷകർ നോക്കിയാൽ മതി. വർഷങ്ങളായി ഒരു കച്ചവടക്കാരനുതന്നെയാണ് തോട്ടം നൽകുന്നത്. വിളവെടുത്ത് തൂക്കി വില അക്കൌണ്ടിൽ തരുന്ന രീതിയാണുള്ളത്. 

കുടയത്തൂർ മേഖലയിലെ ആദ്യകാല തോട്ടമാണ് രാജുസാറിന്റേത്. ഇന്ന് മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഒട്ടേറെ തോട്ടങ്ങളുണ്ട്. മാത്രമല്ല, കുടയത്തൂരിനെ ഒരു റംബുട്ടാൻ ഹബ്ബെന്നും വിളിക്കാം. തോട്ടങ്ങളും മരങ്ങളും ഏറെയുള്ളതുകൊണ്ടുതന്നെ കൂടുതൽ കച്ചവടക്കാരും എത്തുന്നുണ്ട്. അത് കൃഷിക്കാരെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. കൂടുതൽ ഉൽപാദനമുണ്ടായാൽ വിപണി കൂടുതൽ സുഗമമാകുമെന്നും രാജുസാർ.

rambutan-6

സ്ലറിയും നേർ വളവും

പൂർണമായും ജൈവ രീതിയിൽ റംബുട്ടാൻ കൃഷി പ്രായോഗികമല്ലെന്ന് രാജുസാർ പറയും. ഇത്രയേറെ ഉൽപാദനം മരങ്ങളിൽ ഉണ്ടാകുന്നതുകൊണ്ടുതന്നെ മണ്ണ് പരിശോധിച്ച് ആവശ്യമായ മൂലകങ്ങൾ വളമായി നൽകുന്നുണ്ട്. നൈട്രജനു വേണ്ടി യൂറിയയും ഫോസ്ഫറസിനു വേണ്ടി റോക്ക് ഫോസ്ഫേറ്റും പൊട്ടാഷിനു വേണ്ടി മ്യൂറേറ്റ് ഓഫ് പൊട്ടാഷും നേർവളമായി നൽകും. ഒരു മരത്തിന് ശുപാർശ ചെയ്യുന്ന വളത്തിന്റെ മൂന്നിൽ രണ്ടു ഭാഗം വിളവെടുപ്പിനു ശേഷം നൽകുന്നു. അതിനു ശേഷമാണ് പ്രൂണിങ്. മൂന്നിലൊന്നു ഭാഗം മൂന്നു മാസത്തിനു ശേഷവും നൽകും. അതോടൊപ്പം ചാണക സ്ലറിയും നൽകുന്നുണ്ട്. മാത്രമല്ല ഇതിനൊപ്പം പച്ചച്ചാണകവും ചേർക്കും. ഇത് മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണം കൂടാൻ സഹായിക്കും. വീട്ടിലെ കുഞ്ഞൻ നാടൻപശുക്കളുടെ ചാണകമാണ് ഇതിനായി ഉപയോഗിക്കുന്നത്. 

rambutan-7

കയ്യാല കെട്ടാത്ത തോട്ടം

കുന്നിൻചെരിവിലാണ് റംബുട്ടാൻ വളരുന്നതെങ്കിലും ഇവിടെ കയ്യാലകൾ തീരെ ഇല്ലെന്നുതന്നെ പറയാം. മണ്ണെടുത്ത് തിട്ടകളാക്കിയ സ്ഥലങ്ങളിൽ കല്ലിനു പകരം കാണാനാകുന്നത് ചകിരിനാരുകളാണ്. മണ്ണൊലിപ്പ് തടയുന്നുവെന്ന് മാത്രമല്ല മികച്ച പുതയാണ് ഇവയെന്ന് അജിത ടീച്ചർ പറയുന്നു. പഴത്തോട്ടത്തിനൊപ്പം ടൂറിസവും ലക്ഷ്യം വയ്ക്കുന്ന രീതിയിൽ വളരെ ഭംഗിയുള്ള ഒരു ഓപ്പൺ കോട്ടജും ഈ റംബുട്ടാൻ തോട്ടത്തിൽ പണികഴിപ്പിച്ചിട്ടുണ്ട്. വൈകാതെ പണി പൂർത്തിയാകുന്ന ഈ കോട്ടജിലിരുന്നാൽ മലങ്കര ഡാമിലെവള്ളവും റംബുട്ടാൻ തോട്ടവും ഒപ്പം ഇലവീഴാപ്പൂഞ്ചിറ ഉൾപ്പെടെയുള്ള മലനിരകളുടെയും ദൃശ്യഭംഗി ആസ്വദിക്കാം.

പ്രൂണിങ് മുഖ്യം

ഓരോ വിളവെടുപ്പിനു ശേഷവും പ്രൂൺ ചെയ്ത് ഒരുക്കിയെങ്കിൽ മാത്രമേ അടുത്ത വർഷം മികച്ച വിളവ് കാഴ്ചവയ്ക്കാൻ മരങ്ങൾക്കാവൂ എന്ന് രാജു സാർ. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ, തമ്മിൽ കൂട്ടിമുട്ടാതെ വെട്ടിയൊരുക്കണം. മരങ്ങൾ തമ്മിൽ 40 അടി അകലമാണ് ശുപാർശ ചെയ്യപ്പെടുന്നതെങ്കിലും 50 അടി അകലമെങ്കിലും വേണമെന്നാണ് രാജുസാറിന്റെ അഭിപ്രായം. ആദ്യ നാളുകളിൽ 25 അടി അകലത്തിൽ തൈകൾ നട്ടശേഷം മരങ്ങൾ കൂട്ടിമുട്ടുന്ന രീതിയിൽ എത്തുമ്പോൾ ഒന്നിടവിട്ടുള്ള മരങ്ങൾ വെട്ടിമാറ്റുന്ന രീതിയും സ്വീകരിക്കാം. കൂടുതൽ മരങ്ങളല്ല, നല്ല മരങ്ങളാണ് മികച്ച ഉൽപാദനം നൽകുക. മികച്ച ഇടയകലമുള്ള തോട്ടങ്ങളിൽ 10 വർഷമായ മരങ്ങളിൽനിന്ന് ശരാശരി 200 കിലോ പഴം ലഭിക്കും.

ഫോൺ: 97453 12423

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com