ADVERTISEMENT

അസ്തമയ സൂര്യന്‍റെ പൊന്‍പ്രഭ വള്ളിമുല്ല ചെടികള്‍ക്കിടയിലൂടെ തേച്ചു മിനുക്കി വെച്ചിരിക്കുന്ന അമ്മാളുവമ്മയുടെ നിലവിളക്കില്‍ തട്ടി അതിമനോഹര പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നു. ഏറയനും പെരയും തൂത്തു തുടച്ച് കുളിച്ച് വന്നതിനുശേഷം, തേച്ചു മിനുക്കി വച്ചിരിക്കുന്ന നിലവിളക്ക് കത്തിക്കുന്ന തിരക്കിലേക്ക് അമ്മാളുവമ്മ നീങ്ങി. ഇടയ്ക്കിടയ്ക്ക് കൈ നിറുകയില്‍ ചാച്ച് ഇടവഴിയില്‍ ആരെയൊക്കയോ തിരയുന്നു. വിളക്ക് കത്തിച്ച് നാമം ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ ഇടവഴിയിലൂടെ കുട്ടികള്‍ രണ്ടുപേരും ഓടിക്കിതച്ചു വന്നു. അമ്മാളു അമ്മയുടെ മകളുടെ കുട്ടികളാണ് ആര്യയും ആര്യനും മകള്‍ ബാംഗ്ലൂരില്‍ നഴ്സ് ആണ്. മരുമകന്‍ ഗള്‍ഫിലും അതുകൊണ്ട് അമ്മാളു അമ്മയുടെ കൂടെയാണ് രണ്ടാളും. 60 വയസ്സ് കഴിഞ്ഞ അമ്മാളുഅമ്മ ഇപ്പോഴും നല്ല ഉഷാറാണ്. കുട്ടികളെയും നല്ല രീതിയില്‍ നോക്കും. അതുകൊണ്ടുതന്നെ മകള്‍ നിഷയ്ക്ക് അമ്മയുടെ അടുക്കല്‍ കുട്ടികളെ ആക്കിയിട്ട് പോകാന്‍ ഒരു ഭയവുമില്ല. 

ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ആര്യനും ആര്യയും കൂട്ടുകാരുടെ കൂടെ കളിച്ചു കഴിഞ്ഞ് സന്ധ്യയാകും വീട്ടിലെത്താന്‍ അമ്മാളുഅമ്മ എപ്പോഴും ആ കാര്യത്തില്‍ വഴക്കിടും സ്കൂള്‍ വിട്ടാല്‍ ചായകുടിച്ചെന്നു വരുത്തിയിട്ട് ഒറ്റ ഒരോട്ടമാണ് കൂട്ടുകാരുടെ കൂടെ. കുറച്ചു ദൂരെ മാറി ഒരു റബ്ബര്‍ തോട്ടത്തിനിടയ്ക്ക് കാടുകയറി കിടക്കുന്ന ഒരു വീടുണ്ട് അവിടെയാണ് കുട്ടികളുടെ ഇപ്പോഴത്തെ കളികള്‍. വീട്ടുകാര്‍ എത്ര പിണങ്ങിയാലും അവര്‍ക്ക് ഒരു കൂസലും ഇല്ല. അവര്‍ കണ്ണു തെറ്റിച്ച് അവിടേക്ക് പോകും. കൂടെ വടക്കേതിലെ രമയുടെ മക്കളും കിഴക്കേതിലെ സ്വാതിയുടെ മക്കളും എല്ലാം ഉണ്ട്. എല്ലാവരും കൂടി ആയതിനാല്‍ അമ്മാളുഅമ്മയ്ക്ക് അത്ര ടെന്‍ഷന്‍ ഇല്ല. കുട്ടികളല്ലേ കളിക്കട്ടെയെന്ന് രമയോട് പറയും. അപ്പോള്‍ രമ പറയും. എന്‍റെ അമ്മാളുമ്മേ, അവിടെയാ ഇടിഞ്ഞുവീഴാറായ വീട്ടില്‍ വല്ല ഇഴ ജന്തുക്കളും കാണും. ആരും അങ്ങോട്ട് പോകാറില്ല. അവര്‍ എത്ര പറഞ്ഞാലും കേള്‍ക്കത്തില്ല നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് ഭേദം. കളിച്ചു മടുക്കുമ്പോള്‍ തിരിച്ചു വരും. അമ്മാളുവമ്മ അങ്ങനെ മറുപടിയും പറയും.

പിറ്റേന്ന് പതിവുപോലെ അമ്മാളുവമ്മ കുട്ടികള്‍ക്ക് കൊണ്ടുപോകാനുള്ള ചോറ് എടുത്തുവച്ചതിനുശേഷം, അലമാരിയില്‍ തേച്ച് മടക്കിവച്ച യൂണിഫോം കുട്ടികള്‍ക്കിടാനായി പുറത്തേക്ക് വച്ചു. അവര്‍ തനിയെ അവരുടെ കാര്യങ്ങളെല്ലാം നോക്കിക്കോളും. നിഷ അവര്‍ക്ക് സ്വന്തമായി ചെയ്യേണ്ട കാര്യങ്ങളൊക്കെ പഠിപ്പിച്ചിട്ടാണ് പോയേക്കുന്നത്. പരമാവധി മുത്തശ്ശിയെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞിരുന്നു. അവര്‍ അത് ഇതുവരെയും തെറ്റാതെ പാലിച്ചു പോരുന്നു. സ്കൂള്‍ വണ്ടിയില്‍ അവരെ കയറ്റി വിട്ടതിനുശേഷം അമ്മാളുഅമ്മ പ്ലാവിന്‍റെ മുകളില്‍ ഇരുന്നു വിളിക്കുന്ന ഇണകാക്കകള്‍ക്ക് ചോറ് എടുത്ത് ഇലയിലിട്ട് പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടുവന്നു വയ്ക്കും. ഈ പ്രവര്‍ത്തി നിത്യവും ഉള്ളതാണ്. അവര്‍ രണ്ടുപേരും അമ്മാളുവമ്മ വച്ച ചോറും കഴിച്ച് മിണ്ടാതെ പ്ലാവിന്‍റെ മണ്ടയില്‍ കയറിയിരിക്കും. കുറച്ചുനേരം അവരെയും നോക്കി പ്ലാവിന്‍റെ ചുവട്ടില്‍ അങ്ങനെ നില്‍ക്കും. പിന്നീട് ചെവി അൽപം കൂര്‍പ്പിച്ച് അകലെയുള്ള അരുവിയുടെ മനോഹരമായ സംഗീതവും പക്ഷികളുടെ ചിലക്കലും ആസ്വദിച്ച് കുറച്ചുസമയം മുറ്റത്തും പറമ്പിലുമായി നടക്കും. ഇന്ന് അങ്ങനെ നടക്കുമ്പോളാണ് സ്കൂളില്‍ പേരന്റ്സ്മീറ്റിംഗ് ഉള്ള കാര്യം കുട്ടികള്‍ പറഞ്ഞത് അമ്മാളുവമ്മ ഓര്‍ത്തത്.

അടുക്കള ജോലികളെല്ലാം വേഗത്തില്‍ തീര്‍ത്തതിനുശേഷം സ്കൂളിലേക്ക് പോകാന്‍ ദാസപ്പന്‍റെ ഓട്ടോറിക്ഷ വിളിച്ചു. രമയും, സ്വാതിയും അമ്മളുവമ്മയുടെ ഒപ്പം ഓട്ടോറിഷയില്‍ സ്കൂളിലേക്ക് പോയി. വൈകിട്ട് കുട്ടികളുടെ സ്കൂള്‍ ബസ്സിലാണ് മൂവരും തിരിച്ചു വന്നത്. ആര്യനും ആര്യയും നന്നായി പഠിക്കുന്നുണ്ടെന്നറിയാന്‍ കഴിഞ്ഞതില്‍ അമ്മാളുവമ്മയ്ക്ക് സന്തോഷമായി. ആര്യന്‍ പറഞ്ഞു. 'മുത്തശ്ശി ഇനി ഞങ്ങള്‍ കളിക്കാന്‍ പോകുന്നതില്‍ മുത്തശ്ശി പിണങ്ങില്ലല്ലോ, ഞങ്ങള്‍ നന്നായി പഠിക്കുന്നുണ്ട് ടീച്ചര്‍മാര്‍ക്ക് ഞങ്ങളെ വലിയ കാര്യവുമാണ്.' അമ്മാളുവമ്മ ആര്യന്‍റെ കൊഞ്ചലുപോലെയുള്ള ആ വര്‍ത്തമാനം കേട്ട് ആസ്വദിച്ച് ഒന്നും പറയാതെ നിന്നു. ആര്യനും ആര്യയും വൈകിട്ടത്തെ ചായകുടിച്ച് കൂട്ടുകാരുടെ കൂടെ റബര്‍ത്തോട്ടത്തിലെ വീട്ടിലേക്കോടി. കുട്ടികളെയും കാത്ത് എന്നത്തെ പോലെ ഇന്നും അവിടെ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. അവളാണ് ആ വീടിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥ ചെമ്പകം. വീടിനകത്ത് നിന്നും ചന്ദനത്തിരിയുടെയും പല ജാതി സുഗന്ധദ്രവ്യങ്ങളുടെയും സുഗന്ധം കുട്ടികളുടെ മൂക്കിനെ സുഗന്ധ പൂര്‍ണമാക്കി. 

'ഇവിടെ വരുമ്പോള്‍ എന്തൊരു സുഗന്ധമാണല്ലേ!' ആര്യ മറ്റു കൂട്ടുകാരോട് ആയി പറഞ്ഞു. 'അതെ അതെ' അവര്‍ അത് സമ്മതിച്ചു. 'നമ്മുടെ ചേച്ചിയെ കണ്ടില്ലല്ലോ?' അവര്‍ പരസ്പരം പറഞ്ഞു. കുട്ടികള്‍ പറഞ്ഞു തീര്‍ന്നതും ചെമ്പകം മുന്നില്‍. ചുരുളിമയാര്‍ന്ന മുടി, നല്ല തിളങ്ങുന്ന കണ്ണുകളില്‍ വാലിട്ട് കണ്ണെഴുതിയിരിക്കുന്നു. തലയില്‍ മുല്ലപ്പൂവ്, നെറ്റിയില്‍ വട്ടപൊട്ട്, വട്ടപൊട്ടിനു മുകളില്‍ ചന്ദനക്കുറി, സീമന്തരേഖയില്‍ സിന്ദൂരം, കസവുള്ള സെറ്റ് സാരിയുടുത്ത നല്ല ചന്ദനത്തിന്‍റെ നിറമുള്ള അവരുടെ ഇപ്പോഴത്തെ പുതിയ കൂട്ടുകാരി ചെമ്പകം. ആര്യന്‍റെയും ആര്യയുടെയും മുത്തശ്ശിയടക്കമുള്ള നാട്ടുകാര്‍ക്ക് ഇതുവരെയും അറിയാത്ത ചെമ്പകം കുട്ടികള്‍ക്ക് എങ്ങനെ കൂട്ടുകാരിയായി. 

'ഇന്നലെ ചേച്ചി പറഞ്ഞു നിര്‍ത്തിയ കഥയുടെ ബാക്കി കേള്‍ക്കാനാണ് ഞങ്ങള്‍ ഓടിവന്നത്. ഇന്ന് കഥ കേട്ട് നേരത്തെ ചെല്ലണം. അല്ലേല്‍ ഞങ്ങളുടെ മുത്തശ്ശി പിണങ്ങും.' 'ശരി, ശരി ഞാന്‍ ഇന്നലെ എന്താണ് പറഞ്ഞത്. ഞാന്‍ അങ്ങോട്ട് മറന്നു.' ചെമ്പകം പറഞ്ഞു. 'ചേച്ചി പറഞ്ഞു നിര്‍ത്തിയത്, കട്ടിമീശയും ഒത്ത വണ്ണമുള്ള ശേഖര്‍ നല്ല ഭവ്യതയും പാവത്താനെ പോലെ തോന്നിക്കുന്ന ശേഖര്‍. പക്ഷെ കൂര്‍മ്മ ബുദ്ധിയുള്ള ശേഖര്‍ വളരെ വിനയ ഭാവത്തോടെ നടന്നു ധാരാളം പെണ്‍കുട്ടികളെ തന്‍റെ വക്രബുദ്ധിയാലും ദയ, കാരുണ്യമൊക്കെ കാട്ടി വരുതിയിലാക്കുന്നു. അവര്‍ ശേഖരനെ സ്നേഹിക്കുന്നു. യഥാര്‍ഥ ശേഖരനെ മനസ്സിലാക്കിയവര്‍ ശാപവചനങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഓടിയകലുന്നു. ചിലരെ മാനസികമായി ഇല്ലാതാക്കിയും മോശം പ്രചരണം നടത്തിയും ഭൂമിയില്‍ നിന്നു തന്നെ അവരെ ഇല്ലാതാക്കി മറ്റൊരു ലോകത്തേക്ക് പറഞ്ഞുവിടുന്നു അങ്ങനെയൊക്കെയാണ് ചേച്ചി പറഞ്ഞത്.' 'ശരി. ആര്യമോളെ' ചെമ്പകം കഥയുടെ ബാക്കി തുടര്‍ന്നു.

'വളരെ ചെറുപ്പത്തിലെ വീട്ടുകാരാലും വീട്ടുകാരെയും ഉപേക്ഷിച്ചു പോയ ശേഖര്‍ പണത്തിനുവേണ്ടി എല്ലാത്തരം ജോലികളും ചെയ്തു. അയാളുടെ വഴികളില്‍ ഉപദേശം നല്‍കുവാന്‍ ഒരു ദുര്‍മന്ത്രവാദിയുണ്ടായിരുന്നു. മന്ത്രവാദി എന്നു പറഞ്ഞാല്‍ നീചശക്തികളെ കൂട്ടുപിടിച്ച് നല്ല ശക്തികളുടെ ചൈതന്യം ആവാഹിച്ചെടുക്കുന്ന മൂര്‍ത്തി എന്നൊരാള്‍. ഇതിനിടയില്‍ നാടും വീടും മറന്ന ശേഖര്‍ നമ്മുടെ ഈ നാട്ടില്‍ വന്നതിനു ശേഷം ഒരു കല്യാണം കഴിച്ചു. ആ കല്ല്യാണവും മൂര്‍ത്തിയുടെ ഉപദേശത്താലായിരുന്നു. എന്നാല്‍ അധികകാലം അവര്‍ക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. അവരുടെ ഇടയില്‍ വാക്ക് പോരുകള്‍ പതിവായി. അയാളുടെ ഭാര്യ പൂര്‍ണ്ണമായും അയാളെ വെറുക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. അയാളുടെ സ്വഭാവം അവളെ സ്വന്തം ഇഷ്ടങ്ങള്‍ മാത്രം നോക്കാന്‍ പാകത്തിനുള്ള വ്യക്തിയാക്കി മാറ്റിയിരുന്നു. അവളും അവളുടെതായ ഇഷ്ടങ്ങളിലേക്ക് നീങ്ങി. ശേഖറിനുമേലുള്ള ശാപങ്ങള്‍ നീങ്ങിയാല്‍ മാത്രമേ നല്ലൊരു ജീവിതം അയാള്‍ക്ക് ലഭിക്കുകയുള്ളൂവെന്ന് മൂര്‍ത്തി ശേഖറിനോട് പറയുകയും അതിന് ചില ഉപദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ മൂര്‍ത്തി പറഞ്ഞ കാര്യങ്ങളിലെ തലയും വാലും ഒഴുവാക്കി മറ്റൊരു രീതിയില്‍ ശേഖര്‍ ഭാര്യയെ പറഞ്ഞു കേള്‍പ്പിച്ചു. അയാളുടെ ഭാര്യ പറഞ്ഞു. നിങ്ങളുടെ ശാപം തീരാന്‍ നിങ്ങള്‍ക്ക് എന്ത് പ്രവര്‍ത്തി വേണമെങ്കിലും ചെയ്യാം. പക്ഷെ അതൊന്നും എന്നെ ഒഴിവാക്കിയാകരുത്. അവളുടെ ആ അനുവാദം എന്തു നീചകൃത്യങ്ങളും ചെയ്യാനുള്ള ലൈസന്‍സ് ആയി ശേഖറിന് മാറി. 

പിന്നീട് ശേഖര്‍ ഭാര്യയെ അയാളുടെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞു വിടുകയും ജോലിയുടെ ഭാഗമാണന്ന പേരില്‍ അയാള്‍ മറ്റെങ്ങോട്ടോ പോകുകയും ചെയ്തു. ഇടയ്ക്ക് മൂര്‍ത്തിയെ പോയി കണ്ടു. ശേഖര്‍ നിന്‍റെ ശാപം പൂര്‍ണമായും മാറണമെങ്കില്‍ ദൈവീക തേജസ്സുള്ള പെണ്‍കുട്ടികളെ ഏത് വിധേനയും നിന്‍റെ വരുതിയിലാക്കുക. അത് നിനക്ക് സ്നേഹത്തോടെയോ ദേഷ്യത്തോടെയോ ആകാം. മാര്‍ഗ്ഗം എങ്ങനെയായാലും നീ ലക്ഷ്യത്തിലെത്തണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലി കൊടുക്കുക മൂലം നിന്‍റെ തേജസും ഓജസ്സും വര്‍ധിക്കുമെന്നും ദുര്‍മന്ത്രവാദി മൂര്‍ത്തി പറഞ്ഞു. പക്ഷേ എവിടെയെങ്കിലും പാളിയാല്‍ ശാപം വലുതായി നിന്‍റെ അധഃപതനം സംഭവിക്കും. മൂര്‍ത്തിയുടെ ഉപദേശം സ്വീകരിച്ച ശേഷം ശേഖര്‍ അന്നുമുതല്‍ അന്വേഷണം ആരംഭിച്ചു. പലരും അയാളുടെ ലിസ്റ്റില്‍ വന്നു പോയിക്കൊണ്ടിരുന്നു. പത്തുപതിനഞ്ചോളം പേരെ അയാള്‍ സെലക്ട് ചെയ്തു. അയാളുടെ ആവശ്യം കഴിഞ്ഞാല്‍ പല കാരണങ്ങള്‍ നിരത്തി ഒഴിവാക്കി. ഒഴിവായിപോകുന്നവര്‍ ശാപശരങ്ങളെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ 

ശേഖറിനു മനസ്സിലായി, ഇങ്ങനെയുള്ള ഒഴിവാക്കല്‍ പിന്നീട് തനിക്ക് വിനയാകും. അതുകൊണ്ട് തന്നെ ആരും അറിയാതെ ഓരോരുത്തരെയായി ഭൂമിയില്‍ നിന്നുതന്നെ തുടച്ചുനീക്കണം. രാത്രിയും പകലുമെന്നില്ലാതെ അയാളുടെ മനസ്സില്‍ പലതരത്തിലുള്ള കണക്കുകൂട്ടലുകള്‍ ആരംഭിച്ചു. സ്നേഹത്തോടെ പലരെയും ഒഴിവാക്കാം. അപ്പോള്‍ ഒരിക്കലും തനിക്ക് ശാപം ഏല്‍ക്കേണണ്ടിവരില്ലന്ന് അയാള്‍ മനസ്സില്‍ കരുതി. 

കുട്ടികള്‍ ചെമ്പകത്തിന്‍റെ കഥ കാത് കൂര്‍പ്പിച്ച് കേട്ടുകൊണ്ടിരിക്കുകയാണ്. ചെമ്പകം പറഞ്ഞു. 'നേരം വളരെ ഇരുട്ടി തുടങ്ങി. കുട്ടികളെ.. ബാക്കി നാളെ നിങ്ങള്‍ വേഗം പൊയ്ക്കോളൂ എല്ലാവരുടെയും മാതാപിതാക്കള്‍ അന്വേഷിച്ചിറങ്ങാന്‍ തയാറാവുകയാണ്. നിങ്ങള്‍ ഇനി ഇവിടെ നിന്ന് താമസിച്ചാല്‍ അവര്‍ ഇവിടെ വരും പിന്നീട് ബാക്കി കഥ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.' 'അയ്യോ ശരിയാണ്, നേരം സന്ധ്യ കഴിഞ്ഞു. അവര്‍ എല്ലാവരും എണീറ്റ് ഓടി വീട്ടിലേക്കുള്ള വഴിയില്‍ കയറി തിരിഞ്ഞുനോക്കി. ദേ നോക്കിക്കേ.. നമ്മള്‍ പോയ വീട് ഇപ്പോള്‍ കാണാനേയില്ല. ഇരുട്ടു മൂടിയിരിക്കുന്നു. നമ്മള്‍ പോന്ന വഴിയില്‍ വരെ നല്ല വെളിച്ചം ഉണ്ടായിരുന്നു അല്ലേ, അതെന്താ പെട്ടന്ന് ഇരുട്ട് വന്നത്. ഇവിടെയൊക്കെ നല്ല വെളിച്ചം ഉണ്ടല്ലോ? കുട്ടികള്‍ പരസ്പരം പറഞ്ഞു. ചിലപ്പോള്‍ അവിടെ കരണ്ട് പോയിതാവും. ആര്യ പറഞ്ഞു. വേഗം വാ.. മുത്തശ്ശി അന്വേഷിക്കുന്നുണ്ട്. രാത്രിയില്‍ കിടക്കുമ്പോഴും കഥയുടെ ബാക്കി എന്താകുമെന്ന് കുട്ടികള്‍ ചിന്തിക്കുകയായിരുന്നു. ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്ന ആര്യനെ കുലുക്കി വിളിച്ച് ആര്യ പറഞ്ഞു. 'ചേട്ടായി ശേഖര്‍ എത്ര ദുഷ്ടനാണല്ലേ?' കണ്ണുതുറക്കാതെ തന്നെ ആര്യന്‍ പറഞ്ഞു. 'അയാള്‍ ഭയങ്കര ദുഷ്ടന്‍ തന്നെയാണ്. നമുക്ക് നാളെ സ്കൂള്‍ വിട്ടിട്ട് നേരത്തെ ചെല്ലാം ബാക്കി കഥ കൂടി കേള്‍ക്കണ്ടേ.. നമുക്ക് നേരത്തെ ചെല്ലാം. ഇപ്പോള്‍ വേഗം ഉറങ്ങിക്കോ.. മുത്തശ്ശി വഴക്കിടും' 'ഈ കുട്ടികള്‍ക്ക് ഉറക്കമില്ലേ...' കുട്ടികളുടെ വര്‍ത്തമാനം കേട്ട് അമ്മാളുവമ്മ ഉറക്കെ വിളിച്ചു ചോദിച്ചു. പുതപ്പ് കൊണ്ട് വേഗം തല മുഴുവന്‍ മൂടി അവര്‍ രണ്ടാളും ഉറക്കം നടിച്ചു കിടന്നു. അൽപസമയത്തിനുശേഷം രണ്ടാളും ഉറങ്ങിപോയി.

പിറ്റേദിവസം പതിവുപോലെ കുട്ടികളെല്ലാം റബര്‍മലയിലെ വീട്ടില്‍ ഒത്തുകൂടി. കുട്ടികളുടെ പോക്കും വരവുമെല്ലാം ശ്രദ്ധിച്ച് അവരറിയാതെ ഒരാള്‍ കൂടി അവരെ പിന്തുടരുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല കാഷായ വസ്ത്രം ധരിച്ച ദുര്‍മന്ത്രവാദി എന്നു പേരുകേട്ട വയസ്സന്‍ മൂര്‍ത്തിയായിരുന്നു. മൂര്‍ത്തിയെ അയാളുടെ ഗ്രാമത്തില്‍ നിന്നും അവിടത്തെ ഗ്രാമവാസികള്‍ അടിച്ചോടിച്ചു. ഇപ്പോള്‍ വേഷം മാറി നടക്കുകയാണ് പറ്റിയ ഒരു താവളം അന്വേഷിച്ചു കൊണ്ട്. കുട്ടികള്‍ അറിയാതെ ആ വീടിന്‍റെ ഒരിടത്ത് മൂര്‍ത്തി പതുങ്ങിയിരുന്നു. ഒരു കരിമ്പടം അയാളുടെ കണ്ണുകള്‍ ഒഴിച്ച് ബാക്കിയെല്ലാ ശരീരഭാഗങ്ങളെയും മൂടിയിരുന്നു. പൊളിഞ്ഞു വീഴാറായ ഈ വീട്ടില്‍ കുട്ടികള്‍ എങ്ങനെ ഇരിക്കുന്നു. ഒരു പേടിയും ഇല്ലല്ലോ ഇവര്‍ക്ക്. അയാള്‍ ചിന്തിച്ചു. തനിക്ക് പറ്റിയ ഒരിടമാണിത്. കുട്ടികളെ എങ്ങനെലും പേടിപ്പിച്ചോടിക്കണം. രണ്ടുമൂന്നെണ്ണത്തിനെ ബലിയും കൊടുക്കാം എന്‍റെ ദേവതകള്‍ക്ക്. എന്തായാലും ഇവര്‍ എന്താണിവിടെയെന്നൊന്നു അറിഞ്ഞു കളയാം. എന്നിട്ട് എന്താണ് വേണ്ടതെന്നു ചിന്തിക്കാം. അയാളുടെ മൂക്കിനെ അലോസരപ്പെടുത്തികൊണ്ട് ശവനാറിപൂക്കളുടെ മണം മൂക്കിലേക്കിരച്ചു കയറി. അട്ടയും, ഒച്ചും, പാമ്പുകളും അയാളുടെ അടുത്തുകൂടി ഇഴഞ്ഞു നീങ്ങി. ഒച്ചുകള്‍ അവിടവിടയായി പറ്റിയിരിക്കുന്നു. ചിലന്തിവലകള്‍ എല്ലായിടത്തും ഉണ്ട്. ഒരൊച്ചിന്‍റെ പുറത്ത് കൈ സ്പര്‍ശിച്ചപ്പോള്‍ അയാള്‍ക്ക് വല്ലാത്ത അറപ്പ് തോന്നി. പട്ടിയും കരിമ്പൂച്ചയും പലയിടത്തായി ഇരുന്ന് തുറിച്ചു നോക്കുന്നതായി മൂര്‍ത്തിക്ക് തോന്നി. മരണ സുഗന്ധം അയാളെ പൊതിഞ്ഞു. 

കുറച്ചു സമയത്തിനുശേഷം കുട്ടികളുടെ അടുക്കലേക്ക് വെള്ള വസ്ത്രം ധരിച്ച് മുടിയെല്ലാം അഴിച്ചു ചിരിക്കുമ്പോള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന രണ്ടു പല്ലുകളോടു കൂടിയ ഒരു സ്ത്രീ രൂപം വന്നു. ചേച്ചിയെന്നു വിളിച്ചുകൊണ്ട് കുട്ടികള്‍ അവളുടെ അടുക്കലേക്ക് ഓടിയണയുന്നു. അവള്‍ സ്നേഹത്തോടെ കുട്ടികളെ തലോടി ഇരിക്കാന്‍ പറഞ്ഞു. കുട്ടികള്‍ അവിടെ വളര്‍ന്ന് നില്‍ക്കുന്ന മണ്‍പ്പുറ്റുകളില്‍ കയറിയിരിക്കുന്നു. വലിയ രാജകീയകസേരയില്‍ ഇരിക്കുന്ന പോലെയാണ് കുട്ടികളെല്ലാം ആ മണ്‍പ്പുറ്റുകളില്‍ ഇരിക്കുന്നത്. ചേച്ചി ഇന്നു നല്ല സുന്ദരിയാണ്. നല്ല മൂക്കുത്തി. ചേച്ചിയുടെ മൂക്കുത്തി കാണാന്‍ നല്ല ഭംഗി. നല്ല തിളക്കം ഉണ്ട്. ആര്യ പറഞ്ഞു. അവളുടെ മൂക്കുത്തിയൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ! മൂര്‍ത്തി ഓര്‍ത്തു. തന്‍റെ കണ്ണിന് ഇനി എന്തെങ്കിലും പ്രശ്നമുണ്ടോ? മാന്ത്രികശക്തികള്‍ പൂര്‍വാധികം ശക്തിയോടെ പുറത്ത് വരണമെങ്കില്‍ തനിക്ക് ആദ്യം ഒരു ഇരിപ്പിടം വേണം. എന്നാലെ മന്ത്രങ്ങള്‍ ഉരുവിട്ട് പൂജകള്‍ നടത്താന്‍ സാധിക്കൂ. എല്ലാം ദുര്‍ദേവതകളെയും തിരിച്ചു കൊണ്ടുവരണം. ശക്തികളെല്ലാം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാം ആ ശേഖറിനെ സഹായിക്കാന്‍ പോയതിനാലാണ്. അവനുവേണ്ടി പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ നോക്കിയതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. അവനെയിപ്പോള്‍ കാണാനുമില്ല. വിശ്വാസമില്ലാത്ത നസ്രാണി കണ്ടുപിടിച്ച് നാട്ടുകാരെ അറിയിച്ചില്ലായിരുന്നെങ്കില്‍ തനിക്ക് സമാധാനമായി മുന്നോട്ട് പോകാമായിരുന്നു. തന്‍റെ ശക്തികള്‍ വര്‍ധിക്കാന്‍ രണ്ടു നാള്‍ ശേഷിച്ചപ്പോളല്ലെ നാട്ടില്‍ നിന്നും അടിച്ചോടിച്ചത്. വീടും പൂജാമുറികളും സാധനങ്ങളും എല്ലാം നാട്ടുകാര്‍ തകര്‍ത്തു. എല്ലാം തിരിച്ചു പിടിക്കണം. ആദ്യം ഇതെന്താണ് സംഭവമെന്നു നോക്കട്ടെ...

'ചേച്ചി.. ചേച്ചി.. കഥയുടെ ബാക്കി പറയൂ..' 'ഇന്ന് നിങ്ങള്‍ക്കൊപ്പം മറ്റൊരാളുകൂടി എന്‍റെ കഥ കേള്‍ക്കുവാന്‍ ഉണ്ട്. ഞാന്‍ പ്രതീക്ഷിച്ചിരുന്ന ആള്‍, ഞാന്‍ കാത്തിരുന്നൊരാള്‍' ചെമ്പകം കുട്ടികള്‍ക്ക് മാത്രം കേള്‍ക്കാനായി പതുക്കെ പറഞ്ഞു. 'അത് ആരാണ് ചേച്ചി?' 'അതൊക്കെയുണ്ട്' 'ഞങ്ങള്‍ക്ക് കഥ കേള്‍ക്കാന്‍ ധൃതിയായി, എന്നിട്ട് വേഗം പോകണം.' 'ശരി. ശരി. ഇപ്പോള്‍ പറയാം.' ചെമ്പകം ബാക്കി കഥ പറയാന്‍ തുടങ്ങി. മനപ്പൂര്‍വം മൂര്‍ത്തിയുടെയും ശേഖറിന്‍റെയും പേരുകള്‍ ഒഴിവാക്കിക്കൊണ്ടാണ് കഥ പറഞ്ഞു തുടങ്ങിയത്. അങ്ങനെ അയാള്‍ക്ക് പറ്റിയ സ്ത്രീകളെ കണ്ടെത്തി. അതില്‍ പല ജാതിക്കാരും പല മതത്തില്‍പെട്ടവരും ഉണ്ടായിരുന്നു. ഉന്നത ജോലിയുള്ളവരും വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. പലരുടെയും ഭാര്യമാരും മക്കളുമായിരുന്നു അവരെല്ലാം. പലരുടെയും പോരായ്മകള്‍ കണ്ടെത്തി അതിനെ നികത്താന്‍ വരുന്ന രക്ഷകനായി അയാള്‍ അവതരിച്ചു. വിദ്യയെന്നായുധം അയാളുടെ നീചപ്രവര്‍ത്തികള്‍ക്കായി ഉപയോഗിച്ചു. അതിനുവേണ്ടി ആളൊഴിഞ്ഞ ഒറ്റപ്പെട്ട വീട് അയാള്‍ സ്വന്തമാക്കി. മരങ്ങളുടെ നടുക്കുള്ള വീട്, അതിനുള്ളില്‍ കുറച്ച് പണികള്‍ അയാള്‍ നടത്തി. അയാൾ ഒരു മുറിയിലെ തറയുടെ ഉള്ളില്‍ ഭൂമിക്കടിയിലേക്ക് ഒരു വലിയ കുഴി നിര്‍മ്മിച്ചു. ഒറ്റയ്ക്ക് ആരുടെയും സഹായമില്ലാതെ. ആ പാതാള വഴി അങ്ങ് അകലെയുള്ള കാട്ടില്‍ ചെന്ന് അവസാനിക്കുന്നതായിരുന്നു. മനുഷ്യരാരും കടന്നുചെല്ലാത്ത കൊടും വനം. അക്രമകാരികളായ വന്യജീവികളുടെ വാസസ്ഥലം. അയാള്‍ മാസങ്ങള്‍ എടുത്തു അങ്ങനെയൊരു പാതാള വഴി നിര്‍മിക്കാന്‍. എന്നിട്ട് ആ മുറിയുടെ തറ പഴയ പോലെതന്നെ ആര്‍ക്കും സംശയമുണ്ടാകാത്ത രീതിയില്‍ ക്രമീകരിച്ചു. 

അയാളുടെ ആ വീട്ടില്‍ ധാരാളം കുന്തിരിക്കയും, ചന്ദനത്തിരികളും, സുഗന്ധം പരത്തുന്ന പലതരം സാധനങ്ങളും നിത്യവും കത്തിക്കുമായിരുന്നു. മനുഷ്യരുടെ ചോരയുടേയും മാംസത്തിന്‍റെയും മണം പുറത്ത് വരാതിരിക്കുവാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. ആ വീടിനകത്തു നിന്നും നല്ല സുഗന്ധവും മണിയടികളും കേള്‍ക്കുന്നതു മൂലം അയാളൊരു അസാമാന്യനായ വ്യക്തിയാണെന്നും സന്യാസിയാണെന്നും നാട്ടില്‍ പരന്നു. ആ വീട്ടിലേക്ക് അനുഗ്രഹത്തിനായി പലരും കടന്നു വരാന്‍ തുടങ്ങി. അയാളെ കാണാതിരുന്നാല്‍ ക്ഷേത്രത്തില്‍ പോയതാണെന്നും. അല്ല തപസ്സു ചെയ്യാന്‍ ഹിമാലയത്തില്‍ പോയതാണെന്നുമെല്ലാം ഗ്രാമത്തില്‍ പലരും പരസ്പരം പറഞ്ഞു നടന്നു. ആര്‍ക്കും സംശയം ഉണ്ടാകാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. പലസ്ഥലങ്ങളില്‍ നിന്നായി പെണ്‍കുട്ടികളെ കാണാനില്ലെന്ന വാര്‍ത്തകള്‍ നിത്യവും പത്രങ്ങളില്‍ ഇടം പിടിച്ചു. പൊലീസുകാരും നാട്ടുകാരും അന്വേഷണം പല വഴിക്കായി ആരംഭിച്ചു. അയാളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം അവരെ പാതാളക്കുഴിയിലേക്ക് തള്ളിയിടുകയാണ് പതിവ്. അപകടം മനസ്സിലാക്കി ഒന്നൊച്ച വയ്ക്കുന്നതിന് മുന്‍പ് തന്നെ പാതാളക്കുഴിയിലെ അഗാധതയിലേക്ക് അവര്‍ വീണുപോയിരിക്കും. 

ഒരോ ജീവനും പോകുന്നതിനു മുന്‍പ് പച്ചമാംസം ഭക്ഷിക്കുവാനായി മുതലയേക്കാള്‍ വലിപ്പമുള്ള വലിയൊരു ഉടുമ്പ് ആ പാതാളക്കുഴിയില്‍ താമസമാക്കിയിരുന്നു. അയാള്‍ എവിടെ നിന്നോ കൊണ്ടു വന്ന് പാതാള കുഴിയില്‍ പാര്‍പ്പിച്ചിരുന്നതായിരുന്നു അതിനെ. കൊണ്ടു വന്നപ്പോള്‍ സാമാന്യം വലിപ്പമില്ലാതിരുന്ന ആ ജീവി പച്ച ഇറച്ചി തിന്നു തടിച്ചു കൊഴുത്തു ഒരു നരഭോജിയായി മാറിയിരുന്നു. പച്ച മാംസത്തിന്‍റെയും, ചുടു ചോരയുടെയും മണം മാത്രം ശ്വസിച്ചു കഴിഞ്ഞിരുന്ന നരഭോജിക്ക് തനിക്ക് ഈ സ്വാദിഷ്ട ഭക്ഷണം തരുന്ന മനുഷ്യന്‍റെ മണം പോലും തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ അയാളുടെ നീച പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അയാളുടെ വീടിന്‍റെ നാലഞ്ചു കിലോമീറ്റര്‍ മാറി ഒരു കാവുണ്ട്. അവിടെ സ്ഥിരമായി വിളക്ക് കത്തിക്കുന്നത് മീനാക്ഷി ഭവനിലെ മീനാക്ഷി കുട്ടിയാണ്. ചിലപ്പോഴൊക്കെ അവളുടെ അമ്മയും കൂടെ കാണും. പത്തു വയസ്സുകാരി മീനാക്ഷിയെ അറിയുന്ന എല്ലാവര്‍ക്കും അവളെ വലിയ കാര്യമാണ്. വാ തോരാതെ വര്‍ത്തമാനം പറഞ്ഞു കിലു കിലെ ചിരിക്കുന്ന ചുരുണ്ടമുടിയുള്ള കവിളില്‍ നുണക്കുഴിയുള്ള പൂച്ചകണ്ണുള്ള വെളുത്തു സുന്ദരിയായ ഒരു മാലാഖ കുട്ടിയായിരുന്നു മീനാക്ഷി. അച്ഛന്‍റെയും അമ്മയുടെയും ഓമനമകള്‍. 

അങ്ങനെയിരിക്കെ ഒരു ദിവസം കാവില്‍ തിരികത്തിക്കാന്‍ പോയ മീനാക്ഷി തിരിച്ചുവന്നില്ല. അവളുടെ അമ്മയും അച്ഛനും വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചു പലയിടത്തും നടന്നു. പക്ഷെ അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തു. എന്നിട്ടും ഒരു തുമ്പും അവര്‍ക്ക് ലഭിച്ചില്ല. ആകെയുണ്ടായിരുന്ന പൊന്നോമനയ്ക്ക് കേവലം 10 വര്‍ഷം മാത്രമേ ഭൂമിയില്‍ കഴിയുവാന്‍ യോഗം ഉണ്ടായിരുന്നുള്ളൂവെന്ന് എണ്ണി പറഞ്ഞു മീനാക്ഷിയുടെ അച്ഛനും അമ്മയും ഏങ്ങി കരഞ്ഞു. മീനാക്ഷിയെ കാണാത്ത രണ്ടു ദിവസം കഴിഞ്ഞ രാത്രിയില്‍ മീനാക്ഷിയുടെ അച്ഛന്‍ ഒരു വിചിത്രമായ സ്വപ്നം കണ്ടു. ഒരു കാടിനുനടുവില്‍ നിന്നും അവള്‍ കരഞ്ഞുകൊണ്ട് അച്ഛനെയും അമ്മയേയും വിളിക്കുകയാണ്. ഞെട്ടി എഴുന്നേറ്റ മീനാക്ഷിയുടെ അച്ഛന്‍ കരഞ്ഞു തളര്‍ന്നു കിടക്കുന്ന മീനാക്ഷിയുടെ അമ്മയോട് വിവരം പറഞ്ഞു. അവര്‍ വാവിട്ടു കരഞ്ഞു. എന്തായാലും രാവിലെ തന്നെ നമുക്ക് സ്വപ്നത്തില്‍ കണ്ട സ്ഥലം അടുത്ത് എങ്ങാനും ഉണ്ടൊയെന്നു നോക്കാം. ദൈവമായിട്ട് ഒരു സൂചന തന്നതാണെങ്കിലോ.. 

അന്ന് രാവിലെ തന്നെ മീനാക്ഷിയുടെ അച്ഛനും അമ്മയും അവിടെ അടുത്ത് കാടോ ഒറ്റപ്പെട്ട സ്ഥലങ്ങളോ ഉണ്ടോന്ന് അന്വേഷിച്ചിറങ്ങി. മീനാക്ഷിയില്ലാതെ ജീവിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. അങ്ങനെ നടന്നുനടന്ന് സന്ധ്യയോടെ ആ ദുഷ്ടന്‍ താമസിക്കുന്ന വീടിന്‍റെ അടുക്കല്‍ എത്തി. അവിടുത്തെ ചന്ദനത്തിന്‍റെ സുഗന്ധം അവരെ അങ്ങോട്ട് ആകര്‍ഷിച്ചു. ഇവിടെ ഒരു സന്യാസി ഉണ്ടെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്. നമുക്ക് അദ്ദേഹത്തോട് നമ്മുടെ സങ്കടം പറയാം. എന്തേലും ഒരു വഴി കാണാതിരിക്കില്ല. അങ്ങനെ പറഞ്ഞ് അവര്‍ ആ വീടിന്‍റെ പുറകുവശത്ത് കൂടി നടന്നു മുന്‍വശത്തെ വാതിലിന് അടുത്തു എത്താറായി. അപ്പോഴാണ് അയാളുടെ ഒരു മുറിയില്‍ നിന്നും തീ ആളിക്കത്തുന്നതായി ജനല്‍ പാളിയുടെ ചെറിയ വിടവിലൂടെ അവര്‍ കണ്ടത്. ജനല്‍പാളിയിലെ ചെറിയ ദ്വാരത്തിലൂടെ മീനാക്ഷിയുടെ അച്ഛനും അമ്മയും ഒളിഞ്ഞു നോക്കി. അവര്‍ ഞെട്ടിപോയി. ഒരു വലിയ ഇരുമ്പുവടി കൊണ്ട് കത്തിയമരുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരത്തെ എങ്ങോട്ടോ തള്ളിയിടുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ തീഗോളം അപ്രത്യക്ഷമായി. അവര്‍ പെട്ടെന്ന് അവിടെ നിന്ന് പോകാന്‍ തുടങ്ങി. ഇയാള്‍ എല്ലാവരും വിചാരിക്കുന്ന പോലെ സന്യാസിയല്ല. ഒരു വലിയ ദുഷ്ടനാണെന്ന് തോന്നുന്നു. ഒരു പക്ഷേ നമ്മുടെ മകളെയും ഇയാള്‍ ആയിരിക്കുമോ കൊണ്ടുപോയത്. മീനാക്ഷിയുടെ അമ്മ മീനാക്ഷിയുടെ അച്ഛന്‍ പറഞ്ഞതു കേട്ട് വാപൊത്തി എങ്ങി കരയുകയാണ്. 

അവര്‍ രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ പതുക്കെ നടന്നു. നമ്മള്‍ കണ്ട കാര്യങ്ങള്‍ എങ്ങനെയും പുറം ലോകത്തെ അറിയിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അതിനു ശേഷം തന്‍റെ മകളുടെ അരികിലേക്ക് പോകണമെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ കരിയിലകള്‍ അമരുന്ന ശബ്ദം അയാളുടെ കാതുകളിലെത്തി. ആ ദുഷ്ടന്‍ ചാടി പുറത്തിറങ്ങി. അയാള്‍ അവരെ കണ്ടു. മീനാക്ഷിയുടെ അച്ഛനും അമ്മയും നടുങ്ങി. ഒരു സംസാരത്തിന് കാത്തു നില്‍ക്കാതെ അയാളുടെ ഉരുക്കുപോലത്തെ കൈകള്‍ കൊണ്ട് അവരെ രണ്ടാളെയും പിടിച്ചു വലിച്ച് വീടിനകത്ത് കയറ്റി ഒരു കയറിട്ടു ബന്ധിച്ചു. എന്നിട്ട് വാതില്‍ അടച്ചു കുറ്റിയിട്ടു. മീനാക്ഷിയുടെ അച്ഛന്‍ ഉറക്കെ അതീവ ദേഷ്യത്തോടെ അലറി 'ഞങ്ങള്‍ കണ്ട കാര്യങ്ങളെല്ലാം പുറംലോകത്തെ അറിയിക്കും. നിന്‍റെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടു വരും. കാണാതാകുന്ന പെണ്‍കുട്ടികളെയെല്ലാം നീയാണല്ലെ കൊണ്ടുപോയി കൊന്നുകളയുന്ന ദ്രോഹീ. ഞങ്ങളുടെ ജീവന്‍ പോയാലും നിന്നെ ഞങ്ങള്‍ നശിപ്പിക്കും.' ഇതുകേട്ട് അയാള്‍ ഉറക്കെ ഉറക്കെ ആര്‍ത്ത് അട്ടഹസിച്ചു. എന്നിട്ടു പറഞ്ഞു. 'അതിനു നിങ്ങള്‍ പുറത്തിറങ്ങിയാല്‍ അല്ലേ.. അവരുടെയെല്ലാം അടുത്തേക്ക് നിങ്ങളെയും പറഞ്ഞു വിടാം' 'ഞങ്ങളുടെ പൊന്നുമകളെ നീയാണോ കൊന്നത്.. പറയടാ..' 'അവളെ ഞാന്‍ എന്‍റെ ദൈവങ്ങള്‍ക്ക് ബലി കൊടുത്തു. ഹ..ഹ' അയാള്‍ പൊട്ടിച്ചിരിച്ചു. 'കണ്ടോ കണ്ടോ  ഇപ്പോള്‍ എന്‍റെ ശക്തി ഇരട്ടിച്ചിരിക്കുന്നു.' അയാളുടെ  ഉരുക്കു കൈകള്‍ നെഞ്ചിലേക്ക് ചേര്‍ത്തു പിടിച്ച് പറഞ്ഞു. മീനാക്ഷിയുടെ അച്ഛനും അമ്മയും ഹൃദയം പൊട്ടുമാറു നിലവിളിച്ചു. പക്ഷേ ശബ്ദം ഒന്നും പുറത്തേക്ക് വന്നില്ല. അവരുടെ വായിലേക്ക് അയാള്‍ ഒരു തുണി തിരികി കയറ്റികൊണ്ടിരുന്നു. 

കുറച്ചു സമയം ആ ദുഷ്ടന്‍ എന്തോ പണികളില്‍ മുഴുകി. ആദ്യം തള്ളിയിട്ട പെണ്‍കുട്ടിയുടെ കത്തുന്ന ശരീരത്തിലെ തീയും പുകയും ശമിക്കാന്‍ ആയിരിക്കും അയാള്‍ കാത്തിരിക്കുന്നത്. കൈയ്യില്‍ കെട്ടിയിരിക്കുന്ന കയര്‍ അഴിക്കാന്‍ മീനാക്ഷിയുടെ അച്ഛന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് കണ്ണുകള്‍ കൊണ്ടും തല അനക്കികൊണ്ടും മീനാക്ഷിയുടെ അമ്മയോട് എന്തെല്ലാമോ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ തുണി വായില്‍ കയറ്റിയതുമൂലം ഒന്നും പറയാന്‍ സാധിക്കുന്നില്ല രണ്ടാള്‍ക്കും. പെട്ടന്നായിരുന്നു ഒരു വലിയ ഇരുമ്പ് വടിയെടുത്ത് മീനാക്ഷിയുടെ അച്ഛന്‍റെ തലയില്‍ അയാള്‍ ആഞ്ഞടിച്ചത്. ഒരു തുള്ളിപോലും രക്തം പുറത്തേക്ക് വന്നില്ല. അയാള്‍ മീനാക്ഷിയുടെ അച്ഛനെ പാതാള ഗുഹയിലേക്ക് തള്ളിയിടാനായി വലിച്ചുകൊണ്ട് പോയി. ഈ സമയം മീനാക്ഷിയുടെ അമ്മയുടെ കൈയ്യില്‍ കെട്ടിയിരുന്ന കയര്‍ എങ്ങനെയോ അഴിക്കപ്പെട്ടിരുന്നു. അവര്‍ ഫ്രണ്ടിലെ വാതില്‍ തുറന്നിട്ടു. എന്നിട്ട് ശബ്ദമുണ്ടാക്കാതെ പാതാള ഗുഹയുടെ വാതിലിന്‍റെ പുറകില്‍ ഒളിച്ചു. മീനാക്ഷിയുടെ അച്ഛനെ പാതാള ഗുഹയിലേക്ക് തള്ളിയിട്ടതിനു ശേഷം തിരിച്ചുവന്നു നോക്കിയ ദുഷ്ടന്‍ മീനാക്ഷിയുടെ അമ്മയെ കാണുന്നില്ല. അയാള്‍ ഭ്രാന്തനെ പോലെ ചുറ്റുപാടും അന്വേഷിച്ചു അവള്‍ രക്ഷപെട്ടാല്‍ തന്‍റെ കാര്യം കഷ്ടത്തിലാകും. പൊലീസ് അന്വേഷിച്ചു വരും അധികം ദൂരെ അവള്‍ പോയി കാണില്ല. പാതാള ഗുഹയുടെ വാതില്‍ അടച്ചില്ലെന്ന കാര്യം ഓര്‍ത്തുകൊണ്ട് വാതില്‍ അടയ്ക്കാനായി അയാള്‍ വീണ്ടും ആ മുറിയിലേക്ക് ചെന്നു. ഈ സമയം മീനാക്ഷിയുടെ അമ്മ അതിശക്തമായി അയാളെ പുറകില്‍ നിന്നും അതിനുള്ളിലേക്ക് തള്ളിയിട്ടു. പെട്ടെന്നുള്ള ആ ആക്രമണം അയാള്‍ പ്രതീക്ഷിച്ചില്ല. അയാള്‍ക്കൊപ്പം മീനാക്ഷിയുടെ അമ്മയും കൂടി ആ പാതാള ഗുഹയിലേക്ക് വീണു.

മീനാക്ഷിയുടെ അമ്മയേയും അച്ഛനേയും കാണാനില്ലെന്ന വാര്‍ത്ത കാട്ടു തീ പോലെ ഗ്രാമത്തില്‍ പടര്‍ന്നു. അവര്‍ മകളെ കാണാത്ത മനോവിഷമത്തില്‍ നാടുവിട്ടു കാണുമെന്ന് എല്ലാവരും വിശ്വസിച്ചു. കുട്ടികളെല്ലാവരും കഥ കേട്ടു. ഭയത്തോടെ പരസ്പരം കൈകള്‍ ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. ആര്യന്‍ ചോദിച്ചു 'അപ്പോള്‍ ആ ദുര്‍മന്ത്രവാദി മൂര്‍ത്തിയോ? എവിടെ പോയി ചേച്ചി..' ദുര്‍മന്ത്രവാദി മൂര്‍ത്തിയെന്ന് കേട്ടതും പതുങ്ങിയിരിക്കുന്ന മൂര്‍ത്തി കരിമ്പടം മാറ്റി തല പുറത്തേക്ക് നീട്ടി. 'കുട്ടികളെ ഇനി നിങ്ങള്‍ ഇവിടെ നില്‍ക്കണ്ട വേഗം പൊയ്ക്കോളൂ.. നേരം ഇരുട്ടി തുടങ്ങി. വേഗം. സമയം കളയാനില്ല. തിരഞ്ഞു നോക്കാതെ എല്ലാവരും ഓടി വീടുകള്‍ പറ്റാന്‍ നോക്ക്' ചേച്ചിയുടെ ഭാവം മാറുന്നതായി കുട്ടികള്‍ക്ക് തോന്നി. അവര്‍ക്ക് വല്ലാത്ത ഭയം തോന്നി. പിന്നീട് അവര്‍ അവിടെ നിന്നില്ല തിരിഞ്ഞു നോക്കാതെ കുറെ ദൂരം ഓടിയതിനു ശേഷം അവര്‍ തിരിഞ്ഞുനോക്കി. വീട് കുറേശ്ശെയായി പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്നു. വെള്ള സാരിയുടുത്ത ഒരു രൂപം ഒരു സന്യാസിയെ പോലെ തോന്നിക്കുന്ന ഒരാളെ തൂക്കിയെടുക്കുന്നുണ്ട്. വീട് കത്തിയമരുന്നു. തീ ഗോളം മുകളിലേക്ക് പൊങ്ങുന്നു. അവര്‍ പേടിച്ച് സ്വന്തം വീടുകളിലേക്ക് ഓടി. രാത്രി കുട്ടികള്‍ ആരും തന്നെ ഉറങ്ങിയില്ല. പിറ്റേന്ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ ആര്‍ക്കും സ്കൂളില്‍ പോകേണ്ട. വീട്ടുകാരോട് എങ്ങനെയാ ഇന്നലെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പറയുമെന്ന് വിചാരിച്ച് കുട്ടികള്‍ ആകെ വിഷമിച്ചു. നമ്മുടെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കും അങ്ങോട്ട് പോകരുതെന്ന് പറഞ്ഞിട്ടുള്ളതാണ്. നമ്മളാണ് അത് കേള്‍ക്കാഞ്ഞത്. അമ്മാളുവമ്മയുടെ വീട്ടില്‍ എല്ലാവരും ഒത്തുകൂടി. 

'ഇന്ന് കളിയൊന്നുമില്ലേ കുട്ടികളെ..' മുത്തശ്ശി ചോദിച്ചു. 'ഇല്ല മുത്തശ്ശി'. കുട്ടികളില്‍ ആരോ മറുപടി പറഞ്ഞു. 'എന്നാല്‍ ആര്യന്‍ ഒരു പേപ്പറും തീപ്പെട്ടിയും എടുത്തുകൊണ്ടു വന്നേ നമ്മുക്ക് ഈ ചവറൊക്കെ കത്തിച്ചു കളയാം.' പേപ്പറും, തീപ്പട്ടിയും എടുക്കാന്‍ വേണ്ടി ആര്യന്‍ അകത്തേക്ക് ഓടി. തീപ്പെട്ടി അടുക്കളയില്‍ നിന്നെടുത്തു. ന്യൂസ് പേപ്പര്‍ എടുക്കാന്‍ പത്രം അടുക്കിവയ്ക്കുന്ന ടീപ്പോയില്‍ നിന്ന് ഒരു കഷണം പേപ്പര്‍ കീറിയെടുത്തു. എന്നിട്ട് അത് നല്ല രീതിയില്‍ കത്തിക്കാന്‍ അരമതിലിന്‍റെ ഒരു വശം മുതല്‍ ചുരുട്ടാന്‍ തുടങ്ങി അപ്പോഴാണ് ആര്യന്‍റെ ശ്രദ്ധയില്‍ ഒരു വാര്‍ത്ത പെട്ടത്. അവന്‍ ഞെട്ടി. കൂട്ടുകാരെ വിളിച്ചു. 'എല്ലാവരും ഇങ്ങുവാ... എടാ ദാമു... അപ്പൂ... വാ... നോക്കിക്കേ..' 'എന്താടാ...' അവര്‍ ഓടി അവന്‍റെ അരികില്‍ എത്തി. 'എന്താ ചേട്ടായി..' ആര്യ, ആര്യനെ തോണ്ടി കൊണ്ട് ചോദിച്ചു. 'ദേ നമ്മുടെ ചെമ്പകചേച്ചി...' 'ശരിയാണല്ലോ... ഇംഗ്ലിഷ് മീഡിയത്തില്‍ പഠിക്കുന്ന അവര്‍ മലയാളം അക്ഷരങ്ങള്‍ പെറുക്കി പെറുക്കി വായിക്കാന്‍ തുടങ്ങി. 'മകളുടെ തിരോധാനത്തെ തുടര്‍ന്ന് കാണാതായ ചെമ്പക വല്ലി, ഉണ്ണികൃഷ്ണന്‍ ദമ്പതികളെ കാണാതായിട്ട് പത്തു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല കണ്ടുകിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ അറിയിക്കുക. സിറ്റി പൊലീസ്. കൂടെ രണ്ട് ഫോണ്‍ നമ്പറുകളും' കുട്ടികള്‍ വാര്‍ത്ത വായിച്ച് അന്തം വിട്ട് ഒന്നും പറയാനില്ലാതെ പരസ്പരം നോക്കി. അങ്ങനെ അവരുടെ റബ്ബര്‍ തോട്ടത്തിലെ വീടും ചെമ്പകവും ഒരു ഭയമായും എന്നാല്‍ തങ്ങളെ ഉപദ്രവിക്കാത്ത മീനാക്ഷിയുടെ അമ്മയോട് സ്നേഹവും ബഹുമാനവും തോന്നി. ആ ദുര്‍മന്ത്രവാദിയെ അവിടെ എത്തിക്കുവാനും പുറംലോകം അറിയാത്ത ഈ യാഥാര്‍ഥ്യങ്ങള്‍ കുട്ടികളായ തങ്ങളെങ്കിലും അറിയുവാന്‍ വേണ്ടിയും ഇനി മുന്നോട്ടു സൂക്ഷിച്ച് സഞ്ചരിക്കുവാനും മീനാക്ഷിയുടെ അമ്മ ചെമ്പകം തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉപദേശം നല്‍കിയതാവും സ്വന്തം ജീവിതകഥയിലൂടെ എന്ന് കുട്ടികളെല്ലാവരും കരുതി. ആ സമയം ഒരു തണുത്ത കാറ്റ് അവരെ തഴുകി കടന്നുപോയി. ആ കാറ്റിന് നല്ല ചെമ്പകത്തിന്‍റെ സുഗന്ധം ആയിരുന്നു.

English Summary:

Malayalam Short Story ' Chembakam Poothu ' Written by Simi Perumbilli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com