വാർത്ത കണ്ട് ജീത്തുവും ഞെട്ടി, കൂമനിലെ സംഭവം കേരളത്തിലും: തിരക്കഥാകൃത്ത് പറയുന്നു
Mail This Article
ട്വൽത്ത് മാൻ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് കെ.ആർ.കൃഷ്ണകുമാറും ത്രില്ലർ സിനിമകളുടെ വിജയശിൽപി ജീത്തു ജോസഫും ഒരുമിച്ച ‘കൂമൻ’ തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. വൈരാഗ്യ ബുദ്ധിയോടെ മോഷണം ശീലമാക്കുന്ന കള്ളന്റെയും അവനു പിന്നാലെ പായുന്ന പൊലീസുകാരുടെയും കഥ പറയുന്ന ചിത്രം കണ്ട പ്രേക്ഷകർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയിരുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ ചില സമകാലീന സംഭവങ്ങളുടെ പ്രവചനം പോലെയായിരുന്നു ചിത്രത്തിലെ ചില കാര്യങ്ങൾ. റിലീസിനൊരുങ്ങുമ്പോൾ, കൂമനിലെ ചില സീനുകൾ യഥാർഥ സംഭവങ്ങളായി വാർത്തകളിൽ ഇടംപിടിച്ചതിന്റെ ഞെട്ടലിലായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ എന്ന് കൃഷ്ണകുമാർ പറയുന്നു. കണ്ണുകൾ കൊണ്ട് അഭിനയിക്കാൻ കഴിയുന്ന ആസിഫ് അലി തന്നെയാണ് കൂമനിലെ കഥാപാത്രമാകാൻ ഏറ്റവും അനുയോജ്യനായ നടനെന്നും കൃഷ്ണകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
കൂമൻ എഴുതാനുണ്ടായ പ്രചോദനം?
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കള്ളനെ പിടിച്ചപ്പോൾ അയാൾ പറഞ്ഞതിൽ നിന്നാണ് കൂമന്റെ കഥയുടെ ത്രെഡ് മനസ്സിൽ വരുന്നത്. വല്ലാത്ത സ്വഭാവമുള്ള ഒരു കള്ളനാണ് അയാൾ. എറണാകുളം നോർത്തിൽ മാത്രമേ മോഷ്ടിക്കുകയുള്ളൂ. അയാൾ അതിനു പറയുന്ന കാരണമുണ്ട്. ഈ സംഭവം ഒരു പത്രവാർത്തയായി വന്നു. വൈരാഗ്യബുദ്ധിയോടെ ഒരു പ്രത്യേക സഥലത്ത് മാത്രം മോഷ്ടിക്കുന്ന കള്ളനെപ്പറ്റി ഉള്ള ചിന്ത അങ്ങനെ വന്നതാണ്. ഗിരി എന്ന കഥാപാത്രത്തിന്റെ പാത്രസൃഷ്ടി വന്നപ്പോൾ, പക തീർക്കുന്ന ഒരാളുടെ കഥയിൽ അതൊരു പൊലീസുകാരനാണെങ്കിൽ എങ്ങനെയായിരിക്കും എന്നതു കൂടി ചേർത്താണ് ഈ കഥ എഴുതിയത്. ഒരു സൈക്കളോജിക്കൽ ഡിസോർഡർ മൂലം വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അയാൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും തിരിച്ചടികളും ഒക്കെയാണ് ഈ സിനിമയുടെ കഥാപരിസരം.
ഇതുപോലെ ചൊരുക്ക് തീർക്കുന്ന പൊലീസുകാർ ഉണ്ടോ?
ചൊരുക്കു തീർക്കുന്ന സ്വഭാവം ഉള്ളവർ നമ്മുടെ ചുറ്റിനും ഒരുപാടുണ്ട്. ഈ സ്വഭാവം നിയന്ത്രിക്കാൻ പറ്റാത്ത ഒരു പൊലീസുകാരൻ ആണെങ്കിൽ അത് വലിയ അപകടമാണ്. അതാണ് ഞാൻ ആലോചിച്ചത്. അങ്ങനെയുള്ള ഒരാൾ ചൊരുക്ക് തീർക്കുന്നത് ചിലപ്പോൾ മേലുദ്യോഗസ്ഥനോടാകാം, അയാളുടെ സ്ഥലത്തുള്ള ആളുകളോടാകാം, രാഷ്ട്രീയ നേതാവിനോടാകാം. അത്തരം ഒരാൾ എന്തൊക്കെ ചെയ്യാൻ സാധ്യതയുണ്ട് എന്നത് എന്റെ ഭാവന മാത്രമാണ്. ഇത്തരം ആൾക്കാർ എല്ലാ മേഖലയിലുമുണ്ട്. അടുത്ത കാലത്തുതന്നെ അത്തരം വാർത്തകൾ ഒരുപാടു കേട്ടിട്ടുണ്ട്.
സമകാലീന സംഭവങ്ങളുമായി ഒരുപാട് സാമ്യമുള്ള കഥയാണ് കൂമൻ. ഇത് യാദൃച്ഛികമാണോ?
തികച്ചും യാദൃച്ഛികമാണ്. ഈ സിനിമയിൽ പറയുന്നതിന് സമാനമായ സംഭവങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ അതിർത്തി ജില്ലയായ ഇടുക്കി, അതിനോടു ചേർന്നു കിടക്കുന്ന കമ്പം, തേനി ഭാഗത്തൊക്കെ. കന്യാകുമാരിക്കു സമീപം നടന്നതായി അറിയാം. എന്റെ വ്യക്തിപരമായ അനുഭവത്തിൽ, ഒരിക്കൽ ഒരു വിദേശ വനിത ഇത്തരം ഒരു പ്രശ്നത്തിൽ ചെന്നു പെട്ടു. അവസാനം അവരെ അവിടെനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നത് എന്റെ ഒരു സുഹൃത്താണ്. ഒരു ഫാഷൻ ഡിസൈനർ ആയ അവർ പെട്ടത് വലിയൊരു അപകടത്തിലാണ്. ഒടുവിൽ മാനസിക നില തെറ്റിയാണ് അവർ തിരിച്ചു വന്നത്. ഞാൻ അതിൽ ഇടപെടുകയും എന്റെ സുഹൃത്തായ മനോരമ ലേഖകനോടു പറയുകയും അത് പരമ്പരയായി വരികയും ചെയ്തിരുന്നു. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ കേരളത്തിലും അതിർത്തി പ്രദേശങ്ങളിലും പുത്തരിയല്ല.
സിനിമ റിലീസിനു തയാറെടുക്കുമ്പോൾ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നു. എന്താണു തോന്നിയത്?
റിലീസ് ചെയ്യുന്നതിനു മുൻപാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തത് എന്നുള്ളത് വലിയൊരു ആശ്വാസമാണ്. റിലീസിനു ശേഷമാണ് സംഭവം നടന്നതെങ്കിൽ സിനിമ കണ്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്ന ആരോപണം വന്നേനേ. ചില രംഗങ്ങൾ പിന്നീട് ഷൂട്ട് ചെയ്തു ചേർത്തതാണോ എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. അങ്ങനെ പോലും തോന്നിപ്പോയി എന്നു പറഞ്ഞു. ഈ പടം മേയ് മാസത്തിൽ ഷൂട്ട് ചെയ്‌തതാണ്. അതുകഴിഞ്ഞ് ജീത്തു ജോസഫിന് റാമിന്റെ വർക്ക് തീർക്കാൻ ഉള്ളതുകൊണ്ടാണ് പോസ്റ്റ് പ്രൊഡക്‌ഷൻ താമസിച്ചത്. ഓണത്തിന് ഇറങ്ങേണ്ട സിനിമയായിരുന്നു ഇത്. സിനിമയുടെ റിലീസും ഈ സംഭവം നടന്ന സമയവും ഒത്തുവന്നു എന്നുള്ളത് വളരെ വലിയ യാദൃച്ഛികതയാണ്. ആ വാർത്ത അറിഞ്ഞപ്പോൾ ഞാൻ ജീത്തുവിനെ വിളിച്ചു. അദ്ദേഹം യുകെയിൽ ആയിരുന്നു. ഞാൻ വാർത്ത അയച്ചുകൊടുത്തു. ജീത്തു വായിച്ചിട്ട് എന്നെ വിളിച്ച് എന്താണ് ഈ കാണുന്നത് എന്ന് ചോദിച്ചു. ഞങ്ങൾ എല്ലാം അദ്ഭുതപ്പെട്ടുപോയി.
ഒരു മോഷ്ടാവുമായി സംസാരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെയാണ് അവരുടെ ടെക്‌നിക്കുകൾ മനസ്സിലാക്കിയത്?
മോഷണം തൊഴിലാക്കി അത് നിർത്തിയ രണ്ടുമൂന്ന് ആൾക്കാരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർ നമ്മളോടു പറയുന്നത് വളരെ റോ ആയിട്ടായിരിക്കും. നമ്മൾ അത് കാണിച്ചപ്പോൾ ഫിലോസഫി കൂടി ഉൾപ്പെടുത്തി എന്നേയുള്ളൂ. അതുപോലെ വളരെ സീനിയർ ആയ ഒന്നുരണ്ടു പൊലീസുകാരുമായും സംസാരിച്ചിട്ടുണ്ട്. സൈക്കോളജിയെപ്പറ്റി എഴുതുമ്പോൾ പ്രവൃത്തിപരിചയമുള്ള സൈക്യാട്രിസ്റ്റുകളുമായി സംസാരിച്ച് എനിക്ക് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കും. ഇത്തരം സ്വഭാവ വിശേഷങ്ങളുള്ളവർ അവരുടെ അടുത്ത് വരാറുണ്ട് എന്ന് പറയുകയും എനിക്ക് ഉദാഹരണങ്ങൾ പറഞ്ഞു തരികയും ചെയ്യും. ഇത്തവണയും ഞാൻ ഡോക്ടർ സി.ജെ.ജോണുമായി സംസാരിച്ചിരുന്നു. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ മാനസികാവസ്ഥ, അവരെ പിടിക്കുന്നവരുടെ മാനസിക നില തുടങ്ങിയവയെപ്പറ്റി അതാതു മേഖലകളുമായി ബന്ധപ്പെട്ടവരോട് സംസാരിക്കാറുണ്ട്.
കഥ പറഞ്ഞപ്പോൾ ജീത്തു ജോസഫിന്റെ പ്രതികരണം?
ട്വൽത്ത് മാൻ ചെയ്യുന്നതിനു മുൻപാണ് ഞാൻ ജീത്തു ജോസഫിനോട് കൂമന്റെ കഥ പറഞ്ഞത്. ഞങ്ങൾ വേറൊരു കഥ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഒരു ത്രില്ലർ ചെയ്യണം എന്നു പറഞ്ഞു. ഞാൻ പറഞ്ഞു, ഇങ്ങനെ ഒരു കഥയുണ്ട്, ഗിരി എന്നൊരു പൊലീസുകാരനും അയാൾ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് അടിപ്പെട്ടുപോകുന്നതുമായ ത്രെഡ് ആണ് പറഞ്ഞത്. അപ്പോൾ ജീത്തു പറഞ്ഞു, ‘അത് ഗംഭീര സാധനമാണ്. വർക്ക് ചെയ്തു എടുക്കൂ. പക്ഷേ ഒടുവിൽ ഒരു ത്രില്ലർ എലമെന്റ് വേണം’. അങ്ങനെയാണ് ഈ കഥ എഴുതുന്നത്.
എന്തുകൊണ്ട് ആസിഫ് അലി?
സിനിമ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ കഥാപാത്രമായി ആസിഫ് അലിയല്ലാതെ മറ്റൊരാളെ സങ്കൽപിക്കാൻ കഴിയില്ല എന്നാണ്. മാനസിക നിലയിൽ ഭയങ്കര കയറ്റിറക്കങ്ങൾ ഉള്ള ആളാണ് ആ കഥാപാത്രം. പല സമയത്ത് പല രീതിയിൽ ആണ് അയാൾ പ്രതികരിക്കുന്നത്. പല രീതിയിൽ ചിരിക്കുന്ന ഒരാളാണ് ഗിരി. ചായക്കടയിൽ ഇരുന്ന അയാളെ ഒരാൾ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന സമയത്ത് ഒരു പ്രത്യേക രീതിയിൽ ചിരിക്കുന്നുണ്ട്. ഇരയെ കയ്യിൽ കിട്ടുമ്പോൾ വേറൊരു രീതിയിൽ ആണ് ചിരി. പ്രതികാര മനോഭാവത്തോടെ അങ്ങേയറ്റം റിസ്ക് ഉള്ള ഒരു കാര്യം ചെയ്യാൻ തീരുമാനം എടുക്കുമ്പോൾ മറ്റൊരു ചിരിയാണ് ചുണ്ടിൽ വിടരുക. അങ്ങനെ പല രീതിയിൽ സ്വഭാവം പ്രകടമാക്കുന്ന ആളാണ് ഗിരി.
ആസിഫ് അലിയുടെ കണ്ണ് ഭയങ്കര എക്സ്പ്രസീവ് ആണ്. കഥാപാത്രത്തിന്റെ മനോനിലയിൽ ഒരുപാട് വ്യതിയാനങ്ങൾ വരാറുണ്ട്. അത് പ്രകടിപ്പിക്കാൻ പറ്റുന്ന ഒരാൾ യുവനടന്മാരിൽ ആസിഫ് ആണെന്നു തോന്നി. അയാൾ ഒരിക്കലും സൂപ്പർ ഹീറോ ആകരുത്. അയാൾ ഒരു കാര്യത്തിനു പോയാൽ ജയിച്ചു വരും എന്നു പ്രേക്ഷകർ കരുതരുത്. അങ്ങനെ തോന്നുന്ന നടനാണ് ആസിഫ്. കാരണം സൂപ്പർ ഹീറോ പരിവേഷമുള്ള, മാസ്സ് പടം ചെയ്തിട്ടുള്ള ആളല്ല. പക്ഷേ അയാൾ ഒരുഗ്രൻ നടനാണ്. ഇതൊക്കെയാണ് ആസിഫ് അലി ആണ് ഏറ്റവും അനുയോജ്യം എന്നു കരുതാൻ കാരണം. സിനിമ കണ്ടവരും അതുതന്നെയാണ് പറഞ്ഞത്. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ആണ് ഈ കഥാപാത്രം എന്നുവേണമെങ്കിൽ പറയാം.
ഗോത്രവർഗജനതയിൽ കുറ്റം ചാരിയിട്ടു ബ്രാഹ്മണ്യത്തെ രക്ഷിച്ചെടുത്തു എന്നൊരു വിമർശനമുണ്ടല്ലോ?
ഇത്തരം ഒരു കമന്റ് ഞാൻ എവിടെയോ വായിച്ചു. പക്ഷേ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. തന്ത്രവിദ്യ പഠിക്കുന്ന പല ജാതിക്കാരുണ്ട്. ആലുവ തന്ത്ര വിദ്യാപീഠത്തിൽ പോയാൽ ബ്രാഹ്മണർ മാത്രമല്ല എല്ലാ ജാതിക്കാരും തന്ത്രവിദ്യ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. അവിടെ എല്ലാവരും പൂണൂൽ ഇട്ടാണ് നിൽക്കുന്നത്. പിന്നെ ടിബറ്റിൽ നിന്നൊക്കെ കുടിയേറി വന്ന കാലത്തെ കഥയാണ് ഇതിൽ പരാമർശിക്കുന്നത്. ആ സമയത്ത്, ഒരു ഗോത്ര വർഗ സംസ്കൃതിയിൽ ജീവിച്ചിരുന്ന സമയത്താണ് ഇങ്ങനെ ഒരു സംസ്കാരം ഉടലെടുത്തു വന്നത്. പക്ഷേ ആചാര്യന്മാരുടെ നിരന്തര ഇടപെടൽ കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. കേരളത്തിന്റെ സാഹചര്യത്തിൽ ബ്രാഹ്മണ ആചാര്യന്മാർ മാത്രം അല്ലല്ലോ ഉള്ളത്. ശങ്കരാചാര്യർ, ശ്രീനാരായണ ഗുരു തുടങ്ങിയവർ നവോത്ഥാനം നടത്തിയ സ്ഥലമാണ്. പുരാതന കാലത്ത് ഇങ്ങനെയൊക്കെ നടന്നു എന്നാണു ഞാൻ പറഞ്ഞത്. അത് തെറ്റിദ്ധരിച്ചു പരാമർശിക്കുന്നത് ഒരിടത്ത് ഞാൻ കണ്ടിരുന്നു. ഞാൻ അങ്ങനെ ആലോചിച്ചിട്ടേയില്ല. ചില അനാചാരങ്ങൾ പണ്ട് ഉണ്ടായിരുന്നു. പക്ഷേ ആളുകൾ പുരോഗമിച്ചപ്പോൾ അതൊക്കെ ഒഴിവായിപ്പോയി എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ജനത്തിന് ആസ്വദിക്കാൻ എടുത്ത സിനിമയാണ് കൂമൻ.
പ്രതികരണങ്ങൾ?
നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. സാധാരണ പ്രേക്ഷകർ 99 ശതമാനവും സിനിമ ഇഷ്ടപ്പെട്ടവരാണ്. തിയറ്ററുകൾ ഹൗസ് ഫുൾ ആണ്, നല്ല കയ്യടി കിട്ടുന്നുണ്ട്, ഷോകളുടെ എണ്ണം കൂടുന്നുണ്ട്, നല്ല കലക്‌ഷൻ വരുന്നുണ്ട്. ചിത്രം പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി മെസ്സേജുകൾക്ക് മറുപടി കൊടുത്തു തളർന്നു. അത്രയും നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്.
പുതിയ ചിത്രം?
ജീത്തു ജോസഫുമായി വേറെ ഒരു ജോണറിൽ ഒരു ചിത്രം ആലോചിക്കുന്നു. അതിന്റെ എഴുത്ത് മുക്കാലും കഴിഞ്ഞു. വേറെ ഒന്നു രണ്ടു സബ്ജക്റ്റ് ഞങ്ങൾ രണ്ടും കൂടി ആലോചിക്കുന്നുണ്ട്. ഒന്നുരണ്ടു യുവ സംവിധായകരുമായി ചില ചിത്രങ്ങൾ ആലോചിക്കുന്നു. എല്ലാത്തിന്റെയും എഴുത്ത് പുരോഗമിക്കുകയാണ്.