ADVERTISEMENT

കേരളത്തിൽ ഇൻഡോർ ഷൂട്ടിങ്ങിനു പോലും അനുമതി നൽകാതിരിക്കുന്നത് സങ്കടകരമാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഉത്തരവാദിത്തപ്പെട്ടവരോടെെല്ലാം ഈ വിഷയം സംസാരിച്ചിരുന്നുവെന്നും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലേക്കു മാറ്റിയതെന്നും ആന്റണി അറിയിച്ചു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂലൈ 15 ന് ചിത്രീകരണം തുടങ്ങും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉടൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഈ രണ്ടു സിനിമകളും കേരളത്തിൽത്തന്നെ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ ഷൂട്ടിങ്ങിന് അനുവാദം ലഭിച്ചില്ല.

ഇതിനായി ഒരുപാടു ശ്രമിച്ചു. സാഹചര്യം മോശമാണെന്ന് അറിയാം. എന്നിരുന്നാലും ഈ സിനിമ ഇൻഡോറിൽ മാത്രം ഷൂട്ട് ചെയ്യാൻ കഴിയുന്നതായിരുന്നു. അക്കാര്യവും അറിയിച്ചിരുന്നെങ്കിലും അനുവാദം കിട്ടിയില്ല. അങ്ങനെയാണ് പൃഥ്വിരാജിന്റെ ചിത്രം ഹൈദരാബാദിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

വലിയ പ്രതിസന്ധിയിലാണ് മലയാളസിനിമാലോകം. എങ്ങനെ മുന്നോട്ടുപോകും എന്നറിയാൻ കഴിയാത്ത സാഹചര്യമാണ്. മലയാള സിനിമയ്ക്കു താങ്ങാൻ കഴിയാന്‍ പറ്റാത്ത ബജറ്റിൽ നിർമിച്ച കുഞ്ഞാലി മരക്കാർ 18 മാസം മുമ്പ് സെൻസർ ചെയ്ത് കഴിഞ്ഞതാണ്. ഇതുവരെ റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല. അതുപോലെ ബറോസ് എന്ന സിനിമയുെട കേരളത്തിലെ ഷൂട്ടിങ് നടക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നത്.

അൻപതു പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിന് അനുവാദം തരാതിരിക്കുന്നത് സങ്കടകരമാണ്. ഇതുമായി ബന്ധപ്പെട്ട്, സംസാരിക്കേണ്ട എല്ലാവരോടും ഞാൻ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടുവരെ അവസ്ഥ വിവരിച്ചിരുന്നു. സാംസ്കാരിക, ആരോഗ്യ മന്ത്രിമാരോടും പറയുകയുണ്ടായി. എന്നാൽ ഇതുവരെയും അനുവാദം ലഭിക്കാത്ത സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിലേക്കു പോകേണ്ടി വന്നത്.

ജീത്തു ജോസഫിന്റെ ചിത്രത്തിനായി ഇടുക്കിയില്‍ വലിയൊരു സെറ്റ് നിർമിച്ചിട്ടുണ്ട്. പക്ഷേ അതിന്റെയും ഷൂട്ടിങ് തുടങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ജീത്തു, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുള്‍പ്പടെ ചിത്രത്തിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും വലിയ പ്രതിസന്ധിയിലാണ്.

ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേക്കു മാറ്റിയപ്പോൾ എനിക്കു ഭീമമായ നഷ്ടമുണ്ടായി. ബജറ്റ് വീണ്ടും കൂടും. കേരളത്തിൽ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ബജറ്റ് കൂടുതലാണ് ഇവിടെ. മാത്രമല്ല ആളുകളുടെ യാത്രച്ചെലവ്, ലൊക്കേഷൻ റെന്റ് അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. എന്നിരുന്നാലും കേരളത്തിൽ ജോലി ചെയ്യുന്ന പരമാവധി ആളുകളെ ചിത്രത്തിനു വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com