‘ഞാൻ ഡബിൾ അമ്മായി അമ്മ ആയി’; മക്കളുടെ വിവാഹത്തിൽ പാർവതി
Mail This Article
രണ്ടു മക്കളുടെയും വിവാഹം ഒരേ വർഷം നടന്നതിന്റെ സന്തോഷം തുറന്നു പറഞ്ഞ് പാർവതി. കാളിദാസിന്റെയും താരിണിയുടെ വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം. അതിഥികളെ സ്വീകരിച്ചും മക്കൾക്കു വേണ്ട നിർദേശങ്ങൾ നൽകിയും വിവാഹചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു പാർവതി.
ഒരു വർഷം തന്നെ ഒരുപാട് ചടങ്ങുകളായെന്നായിരുന്നു പാർവതിയുടെ ആദ്യ പ്രതികരണം. അതിനു ശേഷം രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്റെ ഇരട്ടി സന്തോഷം താരം വെളിപ്പെടുത്തി. "പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിൾ അമ്മായി അമ്മ ആയി," പാർവതി പുഞ്ചിരിയോടെ പറഞ്ഞു.
അതേസമയം, ഏറെ വൈകാരികമായിരുന്നു ജയറാമിന്റെ പ്രതികരണം. "ഈ നിമിഷത്തിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഞങ്ങളുടെ കുടുംബം ഇപ്പോൾ വലുതായി. ഒരു മോളെയും മോനെയും കൂടി കിട്ടി," നിറകണ്ണുകളോടെ ജയറാം പറഞ്ഞു.
താരിണിക്കുള്ള വിവാഹപുടവയുടെ താലമേന്തി ഗുരുവായൂർ നടയിലൂടെ നടന്നു വരുന്ന പാർവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരിണി മരുമകളല്ല, മകളാണെന്ന് ആവർത്തിക്കുന്നത് അന്വർഥമാക്കും വിധമായിരുന്നു വിവാഹവേദിയിലെ പാർവതിയുടെ ഇടപെടൽ. താരിണിക്കൊപ്പം എല്ലാ കാര്യങ്ങളിലും കൈപിടിച്ച് പാർവതി മുന്നിലുണ്ടായിരുന്നു.
ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക.