‘പഞ്ചകച്ചം’ ഉടുത്ത് നവവരനായി കാളിദാസ്; മരുമകളല്ല, മകൾ: താരിണിയുടെ കൈപിടിച്ചു നൽകി ജയറാം
Mail This Article
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു പ്രമുഖതാരം ജയറാമിന്റെ മകൻ കാളിദാസിന്റേത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുനടന്ന വിവാഹത്തിൽ മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതസഖിയാക്കിയത്. വിവാഹത്തിൽ ഏറെ ശ്രദ്ധേയമായത് കാളിദാസിന്റെ വസ്ത്രം തന്നെയാണ്. സാധാരണ മലയാളി വരൻമാർ ക്രിംനിറത്തിലുള്ള കസവുമുണ്ടാണ് വിവാഹത്തിനു തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാളിദാസിന്റെ വസ്ത്രം.
കടുംചുവപ്പിൽ കസവ് ബോർഡർ വരുന്ന മുണ്ടായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. ഇതിന് ഇണങ്ങുന്ന രീതിയിൽ ചുവപ്പു കസവ് മേൽമുണ്ടും സ്റ്റൈൽ ചെയ്തിരുന്നു. ‘പഞ്ചകച്ചം’ രീതിയിലായിരുന്നു കാളിദാസ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു താരിണിയുടെ വസ്ത്രം. സാരിക്ക് മാച്ചിങ്ങായി ഹെവി വർക്കുള്ള പീച്ച് നിറത്തിലുള്ള ബ്ലൗസും സ്റ്റൈൽ ചെയ്തിരിക്കുന്നു. സാരിയിലും ബ്ലൗസിലും ഗോൾഡൻ വർക്കുകൾ തുന്നിച്ചേർത്തിരിക്കുന്നു.
സാരിക്ക് ഇണങ്ങുന്ന രീതിയിൽ ഹെവി ചോക്കറും മാങ്ങാമാലയുമാണ് താരിണിയുടെ ആക്സസറീസ്. കല്ലുകൾ പതിച്ച വളകളും നെറ്റിച്ചുട്ടിയും അണിഞ്ഞിട്ടുണ്ട്. ജിമിക്കി കമ്മലാണ്. സാരിയോട് ചേർന്ന് കിടക്കുന്ന രീതിയിൽ ഹിപ് ചെയിനും സ്റ്റൈൽ ചെയ്തിരിക്കുന്നു. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ വച്ചാണ് ഹെയർ സ്റ്റൈൽ.
ഡിസംബർ എട്ടിനു രാവിലെ 7.15നും 8നും ഇടയിലുള്ള മുഹൂർത്തത്തിലാണ് കാളിദാസ് താരിണിക്ക് താലി ചാർത്തിയത്. ജയറാം തന്നെയാണ് താരിണിയുടെ കൈപിടിച്ചു നൽകിയത്. മരുമകളല്ല, മകളാണ് താരിണി എന്ന് ജയറാം പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കിടെ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്.