എമ്പുരാനിൽ പ്രശ്നങ്ങളുണ്ട്, ആദ്യം കാണിക്കുന്നത് തന്നെ നുണ; മോഹൻലാൽ മാനസിക വിഷമത്തിൽ, അദ്ദേഹം മാപ്പ് പറയും: മേജർ രവി

Mail This Article
എമ്പുരാന്‍ റിലീസാകുന്നതിനു മുൻപ് മോഹന്‍ലാല്‍ കണ്ടിരുന്നില്ല എന്ന് സംവിധായകന്‍ മേജര്‍ രവി. ഒരു സിനിമയുടെ കഥ കേട്ടുകഴിഞ്ഞാൽ പിന്നെ മോഹൻലാൽ കഥയിൽ ഇടപെടില്ലെന്നും സിനിമ റിലീസിന് മുൻപ് കണാറില്ലെന്നും മേജർ രവി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളിൽ മോഹന്‍ലാലിന് വിഷമമുണ്ടെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുമെന്നും മേജര്‍ രവി പറയുന്നു. മോഹൻലാൽ മാപ്പ് എഴുതിവച്ചിട്ടുണ്ടെന്ന് തനിക്കറിയാം അത് അദ്ദേഹം താമസിയാതെ തന്നെ പോസ്റ്റ് ചെയ്യും. സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപിയോട് തനിക്ക് പറയാനുള്ളത് ചരിത്രം പറയുമ്പോൾ ആദ്യം മുതൽ പറയണം എന്നാണ്. ഗോധ്രയിൽ നടന്ന സംഭവം ഒന്നും പറയാതെ ഗുജറാത്ത് കലാപം പറഞ്ഞതാണ് ഇപ്പോൾ ഉണ്ടായ വിവാദത്തിനു കാരണം. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ജനങ്ങളുടെ വികാരം മാനിക്കണമായിരുന്നു. സൈനിക വേഷം ധരിച്ച് മോഹൻലാൽ മോശം കാര്യങ്ങൾ ചെയ്യുന്നതൊന്നും സിനിമയിൽ കാണിച്ചിട്ടില്ലെന്നും സിനിമയുടെ പേരിൽ മോഹൻലാലിന്റെ സൈനിക പദവി എടുത്തുകളയണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മേജർ രവി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച ലൈവ് വിഡിയോയിൽ പറഞ്ഞു.
‘എനിക്ക് ഇന്നലെ മുതൽ ഏറ്റവുമധികം കോൾസ് വന്നിരുന്നത് എന്റെ ആർമിയിലുള്ള ഫ്രണ്ട്സിന്റെ സർക്കിളിൽ. പലരും എന്നെ വിളിച്ച് ചീത്ത പറഞ്ഞു. എന്താടാ അവിടെ നടക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഞാൻ ഇവിടെ ആരെയും വൈറ്റ് വാഷ് ചെയ്യാനോ വെള്ള പൂശാനോ ഒന്നും വന്നതല്ല. നിങ്ങൾ വിശ്വസിക്കുന്ന മേജർ രവി പറയാൻ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. നിങ്ങൾ എപ്പോഴും എന്നെ മോഹൻലാലിന്റെ കൂടെ കാണില്ല പക്ഷേ ഞങ്ങൾ വളരെ വളരെയധികം ആത്മബന്ധമുള്ള സുഹൃത്തുക്കളാണ്. എല്ലാ സമയത്തും അദ്ദേഹത്തിന്റെ കൂടെ അവിടെ നടക്കാനും വഴി കാണിച്ചു കൊടുക്കാനും എന്നെ കാണാറുണ്ടാവില്ല. ചില സന്ദർഭങ്ങളിൽ കാണും അത് നല്ല കാര്യങ്ങൾ പലയിടത്തും ചെയ്യുന്ന സമയത്ത് ഞാൻ ലാലിന്റെ കൂടെ ഉണ്ടാകുന്നുണ്ട്.
ആദ്യം ഈ കേണൽ റാങ്കിന്റെയും കേണലിന്റെ പ്രശ്നവും പറയാം. ഈ സിനിമ എന്നുള്ളതല്ല ഏത് സിനിമയാണെങ്കിലും എന്താണെങ്കിലും ശരി ഒരു കേണൽ റാങ്ക് എടുത്തുകളയുക അല്ലെങ്കിൽ കിട്ടുക എന്നൊക്കെ പറയുന്നത് അതിനു അതിന്റെതായിട്ടുള്ള ചില മാനദണ്ഡങ്ങളും അതിന്റെ പ്രൊസീജസും എല്ലാം ഉണ്ട്. മേജറിന്റെ പടത്തിൽ അഭിനയിച്ചുകൊണ്ട് കിട്ടിയതല്ല അത്. അതിനകത്ത് കുറെ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. അന്ന് കോൺഗ്രസ് ഗവൺമെന്റ് ആയിരുന്നു ഭരിച്ചിരുന്നത് ആ സമയത്ത് നമ്മൾ ചെയ്തിട്ടുള്ള കുറച്ചു സിനിമകളെല്ലാം അവിടെ സെൻസറിന് പോകുന്ന സമയത്ത് ഇങ്ങനെ ഒരു ആശയം വന്നു. സൗത്തിൽ നിന്ന് ഒരാളിനെ ബ്രാൻഡ് അംബാസഡർ ആയിട്ട് കിട്ടികഴിഞ്ഞാൽ നല്ലതാണ് എന്ന്. അതുപോലെതന്നെ അദ്ദേഹം രാജ്യസ്നേഹമുള്ള സിനിമകൾ ചെയ്തു എന്നുള്ളത് എല്ലാവരും ഓർക്കും. നിങ്ങൾ ഓരോരുത്തരും മോഹൻലാൽ എന്നുള്ള നടന് കൊടുക്കുന്ന ഇഷ്ടം എനിക്കറിയാം. എനിക്ക് പറയാൻ ആഗ്രഹമുള്ള ചില ഡയലോഗുകൾ ഞാൻ പറയുന്നതിനേക്കാൾ മോഹൻലാൽ എന്ന നടൻ പറയുമ്പോൾ അദ്ദേഹം ഒരു പെട്രിയോട്ടിക് ഫീലിങ് ഉള്ള ഒരു മനുഷ്യനായിട്ട് നിങ്ങൾ കണ്ടു.
എന്റെ മനസ്സിനകത്തുള്ള എന്റെ ഹീറോ എന്തു പറയണം എന്നുള്ളത് ഞാൻ എഴുതുന്ന സമയത്ത് എന്റെ മനസ്സിൽ ഉണ്ടായിരിക്കും. ആ ഡയലോഗ് ഞാൻ ശരിയായിട്ട് എഴുതിയിട്ടില്ലെങ്കിൽ അത് മോഹൻലാൽ പറഞ്ഞു കഴിഞ്ഞാലും നിങ്ങൾ നിങ്ങൾക്ക് ആ ഇമ്പാക്റ്റ് ചിലപ്പോൾ കിട്ടിയ എന്ന് വരില്ല. ഓണറി റാങ്ക് ആയിട്ടുള്ള ഈ ലെഫ്റ്റനന്റ് കേണൽ എന്ന പദവി എടുത്തു കളയൂ എന്ന് പറയുന്നത് വല്ലാത്ത മാനസിക വിചാരമാണത്. ആ റാങ്ക് എന്ന് പറയുന്നത് വളരെ റെയർ ആയിട്ട് കിട്ടിയിട്ടുള്ള ഒന്നാണ്, അത് സിനിമാ ഫീൽഡിനകത്ത് ആദ്യമായിട്ട് കിട്ടിയിരിക്കുന്ന ഒരു വ്യക്തിയാണ് ശ്രീ മോഹൻലാൽ. നമ്മളൊക്കെ ആരാധിക്കുന്ന ഒരു വ്യക്തി. ഈ സിനിമയിൽ അഭിനയിച്ചതിന് നിങ്ങൾ എന്തെല്ലാം രീതിയിൽ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ അതിനെല്ലാം നിങ്ങളുടെ വികാരത്തെ ഞാൻ മാനിക്കുന്നു. അത് അദ്ദേഹവും മാനിക്കുമായിരിക്കും. പക്ഷേ ഈ ലെഫ്റ്റ് കേണൽ എന്ന് പറയുന്നത് ഇതും ഇതുമായിട്ട് കൂട്ടികുഴക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം പട്ടാള യൂണിഫോം ഇട്ടിട്ട് ഈ സിനിമയക്കകത്ത് ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യുകയോ അല്ലെങ്കിൽ അനാശ്വാസ്യമായിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്തോ ഇല്ല. അതുകൊണ്ട് ഇതും യൂണിഫോമും ആയിട്ട് നിങ്ങൾ കൂട്ടികുഴക്കണ്ട. പട്ടാളത്തിനെ കുറിച്ചുള്ള സംസാരം ഇനിയെങ്കിലും ദയവ ചെയ്ത് നിർത്തുക. അതും ഇതുമായിട്ട് എന്താ ബന്ധം. അതുകൊണ്ട് പട്ടാളക്കാരോടും കൂടിയാണ് പറഞ്ഞത്. ഞാൻ പട്ടാളാക്കാർക്ക് കുറെ ആൾക്കാരോട് സംസാരിച്ചപ്പോൾ അവരെല്ലാം അത് നീ പറയുന്നത് ശരിയാടാ എന്നാണ് പറഞ്ഞത്.
ഞാൻ ചെയ്ത സിനിമയിലൊക്കെ പെട്രിയോട്ടിസം എന്നുള്ള ഒരു ഫീൽ അത് ഞാൻ എഴുതുന്നതാണ്. എന്റെ വികാരമാണ് ഞാൻ എഴുതിയിട്ട് ഒരു കഥയായിട്ട് കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ മുന്നിൽ പ്രസന്റ് ചെയ്യുന്നു. അദ്ദേഹം അത് ചെയ്യുന്നു. പിന്നെ ഞാൻ അറിയുന്ന മോഹൻലാലിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ ഒരു പ്രാവശ്യം ഇദ്ദേഹം കഥ കേട്ടു കഴിഞ്ഞാൽ ഓവറോൾ ഓക്കെ എന്ന് തോന്നിക്കഴിഞ്ഞാൽ പിന്നീട് ഒരിക്കലും ആ കഥയിൽ ഇടപെടില്ല. അഞ്ച് സിനിമ ഞാൻ ചെയ്തിട്ടുണ്ട് അദേഹവുമായിട്ട്. മറ്റുള്ള ആർട്ടിസ്റ്റിന്റെ ഷോട്ട് കുറയക്കാനോ അല്ലെങ്കിൽ കഥയിൽ എന്തെങ്കിലും തിരുത്തുവരുത്താനോ ഒന്നും പറയില്ല. കീർത്തിചക്ര തൊട്ട് ഞാൻ അഞ്ച് സിനിമ ചെയ്തിട്ടുണ്ട്. കീർത്തിചക്ര പോലും അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ സത്യം ചെയ്യാം. സിനിമ റിലീസ് ആകുന്നതിനു മുന്നേ അദ്ദേഹം ഫുൾ സിനിമ കാണില്ല. ഒരു കാര്യം നമ്മൾ ഒരാളെകുറിച്ച് പറയുന്നതിനു മുന്നേ ആ ആളെ കുറിച്ചിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾ അറിയണം. അദ്ദേഹം കീർത്തിചക്ര ഫുൾ സിനിമ റിലീസിനു മുന്നേ കണ്ടിട്ടില്ല. പിന്നെ അന്നൊക്കെ ഈ പ്രിവ്യു ഷോസും ഒന്നും ഇല്ലാത്തതുകൊണ്ടും എന്റെ ദാരിദ്ര്യം കൊണ്ടും ഞാൻ പ്രിവ്യു ഷോ ഒന്നും ഇവിടെ വെച്ചിട്ടില്ല. കാരണം അത് എന്റെ ആദ്യത്തെ സിനിമയായിരുന്നു. ഞങ്ങൾ മദ്രാസിന് മാത്രം ഒരു പ്രിവ്യൂഷൻ ചോദിച്ചു അതിൽ മോഹൻലാലോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയോ ആരും വന്നിട്ടില്ല. മോഹൻലാൽ ഈ പടം റിലീസിന് മുന്നേ കാണുന്ന ഒരു സ്വഭാവം ഇല്ല. അദ്ദേഹത്തിന് ഇഷ്ടംപോലെ പണികളുണ്ട്. ഇല്ലാത്ത സമയത്ത് കിട്ടുന്ന സമയത്ത് അദ്ദേഹം ഫാമിലി സമയം ചെലവഴിക്കും. നിങ്ങൾ വിചാരിക്കും മോഹൻലാൽ എന്താ പടം കണ്ടിട്ടില്ലേ എന്നുളള കുറെ കമന്റുകൾ ഞാൻ കണ്ടായിരുന്നു. ദയവുചെയ്തിട്ട് എന്നെ വിശ്വസിക്കു അദ്ദേഹം പടം റിലീസിന് മുന്നേ കണ്ടിട്ടില്ല. ഇതിന്റെ കുറ്റം നിങ്ങൾ മോഹൻലാലിൽ ചാർത്തിക്കൊണ്ടു അദ്ദേഹം കഥ വായിച്ചിട്ടില്ലേ സിനിമ കണ്ടിട്ടില്ലേ എന്നൊന്നും പറയരുത്. പലയിടത്തും പല സിസ്റ്റം ആണ്. അതുകൊണ്ട് മോഹൻലാൽ ഇത് കണ്ടിട്ട് റിലീസ് ചെയ്തു എന്ന് നിങ്ങൾ പറയരുത്. അപ്പോ അത് ഞാൻ ക്ലാരിഫൈ ചെയ്യുന്നു അദ്ദേഹം പടം കണ്ടിട്ടില്ലായിരുന്നു.
ബിജെപിക്കാരുടെയും രാജ്യസ്നേഹമുള്ള ഓരോരുത്തന്റെയും വികാരം ഞാൻ മനസ്സിലാക്കുന്നു, അതാണ് ഞാൻ ഈ ലൈവിൽ വരാം എന്ന് പറഞ്ഞത്. നിങ്ങൾ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ ഞാൻ സത്യം പറയും. പല മിസ്റ്റേക്കുകളിൽ നിന്നുമാണ് നമ്മൾ പഠിക്കുന്നത്. ഞാൻ ചെറിയൊരു ഒരു അഹങ്കാരം കാണിച്ചിട്ട് പൊട്ടിപ്പോയ ഒരു പടമാണ് കാണ്ഡഹാർ എന്നുള്ളത്.. പക്ഷേ അത് ഞാൻ അഞ്ചു കോടിക്ക് തീർത്ത പടമാണ്. അതിനകത്ത് ഒരാൾക്കും പറയാൻ പറ്റില്ല. പ്രൊഡ്യൂസറിന് അഞ്ചു പൈസ നഷ്ടം വന്നു എന്നുള്ളത്. റിലീസിന് മുന്നേ തന്നെനാലു കോടിയോളം ഞങ്ങൾ ബിസിനസ്സ് ചെയ്തു, റിലീസ് കഴിഞ്ഞ് എനിക്ക് ആ പൈസ എല്ലാം തിരിച്ചു കിട്ടി. പക്ഷേ അതിനുശേഷം ഞാൻ മനസ്സിലാക്കി മോഹൻലാലും അമിതാബ് ബജനും വന്നു എന്നുള്ളതിന്റെ ഒരു ചെറിയൊരു അഹങ്കാരം എനിക്ക് എവിടെയോ ഉണ്ടായിരുന്നു എന്നുള്ള ഒരു തോന്നലുണ്ട്. അതിനുശേഷം പിന്നെ ഞാൻ അഹങ്കരിച്ചിട്ടില്ല. അതിനുശേഷം ഞാൻ ഒരിക്കലും എന്റെ സിനിമയെകുറിച്ച് അഹങ്കരിക്കാറില്ല. അപ്പോ അതുകൊണ്ട് മോഹൻലാൽ സിനിമ കണ്ടിട്ട് ശ്രദ്ധിക്കാതെ വിട്ടു എന്ന് പറയുന്നിടത്താണ് ഇത് പറയുന്നത്.
മോഹൻലാൽ മാപ്പു പറയണം എന്ന് കമന്റ് വരുന്നുണ്ട്. അദ്ദേഹം ഇതിനകം തന്നെ മാപ്പ് എഴുതി വച്ചിട്ടുണ്ട് അത് റിലീസ് ചെയ്തോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല, പക്ഷെ അത് ഞാൻ കണ്ടതാണ്. അദ്ദേഹത്തിന് വളരെയധികം മാനസികമായിട്ട് വിഷമമുണ്ട്. ഫസ്റ്റ് ഷോ കണ്ടത് ഞങ്ങളൊക്കെ ഒരുമിച്ചിരുന്നിട്ടാണ്. പിന്നെ ഇത്രയധികം പ്രശ്നം ഉണ്ടാക്കാനുള്ള കാരണങ്ങൾ സിനിമാക്കകത്തുള്ളത് കട്ട് ചെയ്തു കളയാൻ വേണ്ടി അദ്ദേഹം ഓൾറെഡി ഇൻസ്ട്രക്ഷൻ കൊടുത്തുകഴിഞ്ഞു. ഇന്ന് ആറു മണിക്ക് ശേഷം 26ഓളം മിനിറ്റിന്റെ കട്ടിങ് ആ സിനിമയ്ക്കകത്ത് വരുന്നുണ്ട് എന്നുള്ളതാണ് ഞാൻ കേട്ടത്. അത് മോഹൻലാൽ അത് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം അവിടെയാണ് ജസ്റ്റിഫിക്കേഷൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഇദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്തിട്ടുള്ള ഒരു സിനിമ അല്ല ഇത്. അത് എനിക്ക് ആധികാരികമായിട്ട് പറയാൻ പറ്റും.
ആ സിനിമയുടെ കഥയിൽ എല്ലാവർക്കും വിഷമിക്കത്തക്ക രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ മോഹൻലാൽ വരുന്നത് ആ സിനിമയ്ക്കകത്ത് ഒരു മണിക്കൂറും അഞ്ചു മിനിറ്റും കഴിഞ്ഞിട്ടാണ്. ഇതിനു മുന്നേയാണ് ഈ ഗോധ്ര ഇഷ്യൂവും മറ്റു പ്രശ്നങ്ങളൊക്കെ വരുന്നത്. സിനിമ തന്റെ പോർഷൻ മാത്രം ഡബ്ബ് ചെയ്തു പോകുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ. അവിടെയിരുന്ന് മറ്റുള്ള പോർഷൻസ് ഒന്നും കാണില്ല. അപ്പോൾ ഒരു സിനിമയെ ടോട്ടാലിറ്റിയിൽ കാണാൻ പലപ്പോഴും സാധിച്ചു എന്ന് വരില്ല. ആദ്യമായിട്ട് കാണുന്ന സമയത്ത് പെട്ടെന്ന് തോന്നും അയ്യോ ഇതെന്താണ് എന്നുള്ളത്. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളുടെ മുന്നിൽ മാപ്പ് പറയും, അത് അദ്ദേഹം അറിയാതെ
ചെയ്തതാണെങ്കിലും ശരി അദ്ദേഹം അത് ചെയ്തിരിക്കും എന്നുള്ള ഉറപ്പ് എനിക്കുണ്ട്. കാരണം അദ്ദേഹത്തിന് വളരെയധികം മാനസികമായിട്ട് വിഷമം ഉണ്ടായിട്ടുണ്ട്. നമ്മളെല്ലാം സ്നേഹിക്കുന്ന ഒരു വ്യക്തി ഇതുപോലെ എന്തെങ്കിലുമൊക്കെ കേൾക്കുന്ന സമയത്ത് പെട്ടെന്ന് തളർന്നുപോകും.
നിങ്ങളെപ്പോലെ അദ്ദേഹത്തിന്റെ വലിയൊരു ഫാൻ ആണ് ഞാൻ. പിന്നെ ആ സിനിമയ്ക്കകത്ത് എഴുത്തുകാരൻ എന്ന് പറയ മുരളി ഗോപി എന്ന എന്റെ സഹോദരനോട് എനിക്ക് ഒന്നേ പറയാനുള്ളു ആ പടം തുടങ്ങുന്ന സമയത്ത് കലാപങ്ങളിൽ മുസ്ലിം സഹോദരി സഹോദരന്മാരെ പോയി അറ്റാക്ക് ചെയ്യുന്ന, ഹിന്ദു ശൂലം കൊണ്ടുപോയിട്ട് കുത്തുന്നതൊക്കെ കാണിക്കാനുള്ള ഗട്ട്സ് കാണിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തുടക്കം മുതൽക്കെ എവിടുന്നു തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കമ്പാർട്ട്മെന്റകത്ത് 53 പേരും മരിച്ചുപോയി, കാരണം നാലു വശത്തും വാതിലടച്ചു വെച്ചിട്ടാണ് ഈ ആളുകൾ അവരെ കത്തിച്ചു കളഞ്ഞിരിക്കുന്നത്. ഇതെല്ലാം സുപ്രീം കോടതി അടക്കം ശരിവെച്ച് ശിക്ഷയും കഴിഞ്ഞിട്ടുള്ള കാര്യമാണ്. സിനിമ അതിൽ തുടങ്ങി വച്ചിരുന്നെങ്കിൽ ഇത് ഇത്രയും വലിയ ഇഷ്യൂ ആവില്ലായിരുന്നു. അത് പറയാതെ വെറും മുസ്ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കൾ എന്ന് കാണിച്ചു കഴിഞ്ഞാൽ വർഗീയത അല്ലേ സംസാരിച്ചിരിക്കുന്നത്. അപ്പോ അവിടെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇതെല്ലാം കഴിഞ്ഞ് പടത്തിൽ ഗുജറാത്തിന്റെ മുഖ്യമന്ത്രിയെ കാണിക്കുന്നു അതുകഴിഞ്ഞ് യുപി പറയുന്നു, ഗുജറാത്തിനെ പറയുന്നു ഹോം മിനിസ്റ്ററിനെ പറയുന്നു എല്ലാം കഴിഞ്ഞിട്ട് ലോകത്തുള്ള എല്ലാ രാജ്യങ്ങളും പോയിട്ട് നിങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അതെന്താണെന്നുള്ളത് എനിക്ഒരു പിടിയില്ല. അത് മാത്രം മതിയായിരുന്നു ഈ പടത്തിനകത്ത്. നിങ്ങൾ ചെയ്തതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കണം. ജനങ്ങൾ എന്ത് പറഞ്ഞു കഴിഞ്ഞാലും ശരി നിങ്ങളുടെ എല്ലാം വികാരം ഞാൻ മനസ്സിലാക്കുന്നുണ്ട്. ഇവർ ചെയ്യുന്ന കാര്യം കാര്യങ്ങൾ എന്താണെന്ന് നോക്കിയിട്ടാണ് ജനങ്ങൾ ഇവരെ വിലയെടുത്തുന്നത്.
എന്റെ ഒരു സ്റ്റാമ്പ് എന്ന് പറയുന്നത് ഞാൻ പട്ടാളപ്പടങ്ങൾ എടുക്കും. അതിലാണ് ദേശസ്നേഹം കുറച്ചുകൂടെ കൂടുതൽ കിട്ടുന്നത്. ഇനിയും വരുന്ന സിനിമകളും അങ്ങനെയൊക്കെ തന്നെയാണ്. നമ്മുടെ രാജ്യത്തെ ആളുകളെ തിരിച്ചുകൊണ്ടുവരാൻ മറ്റൊരു രാജ്യത്ത് പോയിട്ട് ചങ്കൂറ്റം കാണിച്ചിട്ടുള്ള ഒരു പ്രധാനമന്ത്രി ഉള്ള രാജ്യമാണ്. 2015 ൽ ആദ്യമായിട്ട് ഇന്ത്യ ചെയ്തിട്ടുള്ള ഒരു ഓപ്പറേഷൻ. അതിനെ ഞാൻ ഹൈലൈറ്റ് ചെയ്യും. കാരണം ഏതൊരുഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു സംഭവമാണത്. അതുകഴിഞ്ഞാൽ ഓപ്പറേഷൻ ഗംഗ എന്ന് പറയുന്ന യൂക്രൈനിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നത്.
ഞാനും ബിജെപിക്കാരനാണ്, ബിജെപിയുടെ വൈസ് പ്രസിഡന്റ് ആണ് ഇതുവരെക്ക്, ഇനി അടുത്ത സെഷനിൽ എന്താവും എന്നുള്ളത് എനിക്കറിയില്ല. അത് അടുത്ത പ്രസിഡന്റ് തീരുമാനിക്കും. ബിജെപിക്കാർ പറഞ്ഞു അതിനകത്ത് സെൻസറിൽ രണ്ട് ബിജെപി അനുഭാവികളും ഉണ്ടായിരുന്നു എന്നുള്ളത്. ഞാൻ ഒരു കാര്യം പറയട്ടെ നമ്മളൊക്കെ ചെയ്യുന്ന ചില മിസ്റ്റേക്കുകൾ എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ പലപ്പോഴും ബിജെപിക്ക് ഒരു ഉപകാരവുമില്ലാത്ത കുറെ ഇത്തിക്കണ്ണികൾ ഈ പാർട്ടിക്ക് ചുറ്റം നടക്കുന്നുണ്ട്. ഈ സെൻസർ ബോർഡിനകത്ത് ഇരിക്കുന്ന കുറെ എണ്ണംഉണ്ട് ഇവരെയൊക്കെ ആദ്യം ചെകഞ്ഞെടുത്ത് വെളിയിൽ തള്ളണം. ഒരു രാജ്യസ്നേഹിയായ ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും പടം കണ്ടിട്ട് മനസ്സിലാക്കും അയ്യോ ഇത് പ്രശ്നമാണെന്നുള്ളത്. ഈ സെൻസർ ബോർഡിൽ തിരഞ്ഞെടുത്ത് പറഞ്ഞയച്ചിരിക്കുന്ന വ്യക്തികൾക്ക് പാർട്ടിയോടുള്ള വികാരം എന്താണെന്നു അറിഞ്ഞാൽ കൊള്ളാം.
അതുപോലെ പൃഥ്വിരാജ് എന്നുള്ള ഡയറക്ടറും ഇത് നോക്കേണ്ടതായിരുന്നു. ഇങ്ങനെയുള്ള ഒരു ഇഷ്യൂ വരുന്നുണ്ടെങ്കിൽ നമ്മുടെ വികാരങ്ങളെ മാറ്റി വെച്ചുകൊണ്ട് ജനങ്ങളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടായിരിക്കണം ഒരു സിനിമ പുറത്തിറക്കുന്നത്. ഇവിടെ ഒരു കേരള സ്റ്റോറി വന്നപ്പോഴത്തേക്കും ഇവിടെ പലർക്കും കുരുപൊട്ടിയിട്ട് ഒച്ചയും ബഹളവുമൊമ്മേ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അത് ഒരു സത്യസന്ധമായിട്ട ഒരു കഥയായിരുന്നെങ്കിൽ അങ്ങനെ വരില്ല.
ഇത് സത്യസന്ധമായി നടന്ന ഒരു കാര്യത്തിനെ തുടക്കത്തിൽ തന്നെ നുണയാണ് കാണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മോഹൻലാലിനെ മാത്രം ആരും കുറ്റം പറയരുത്. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം അത് തിരുത്തും അതല്ലാതെ അദ്ദേഹത്തിന്റെ പട്ടാള റാങ്കിന് മുകളിൽ കയറി കളിക്കരുത്. അദ്ദേഹം പട്ടാളത്തിന് വേണ്ടിയും രാജ്യസ്നേഹത്തിനു വേണ്ടിയുള്ള പടങ്ങൾ ചെയ്തതും മറക്കരുത്. ഈ കഥ എഴുതിയിട്ടുള്ള വ്യക്തി എന്ത് ഉദ്ദേശത്തിലാണ് ഇങ്ങനെ ഒരു കഥ എഴുതിയിട്ടുള്ളത് എന്ന് ചടോയ്‌ച്ചൽ എനിക്കറിയില്ല പക്ഷെ അതിനു എല്ലാവരും കൂടി മോഹൻലാലിന്റെ മേലേക്ക് മാത്രം കുറ്റം ചാരരുത്. ഞാൻ ആരെയും വൈറ്റ് വാഷ് ചെയ്യാൻ വന്നതല്ല. തെറ്റ് ചെയ്തിട്ടുള്ളവർ അത് അവർ കറക്ഷൻ ചെയ്തു. പടത്തിൽ കുറെ കട്ടുകൾ ചെയ്തിട്ടായിരിക്കും ഇന്ന് ആറു മണിക്കു ശേഷമുള്ള ഷോകൾ വരിക എന്നുള്ള ഒരു ഗ്യാരണ്ടി എനിക്ക് കിട്ടിയിട്ടുണ്ട്. അത് അങ്ങനെ തന്നെ ആയിരിക്കും. ഞാനിപ്പോൾ ഇത് പറയാൻ വന്നതിനു കാരണം എനിക്ക് അറിയാവുന്ന ലാലിനെ കുറിച്ച് നിങ്ങൾ ഇങ്ങനെ പറയുമ്പോൾ എനിക്ക് സങ്കടമുണ്ട്’, മേജർ രവി പറഞ്ഞു.