ADVERTISEMENT

വിസ്മയം എന്ന വാക്കിന് തന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യത്തെ കുറിച്ച് മോഹൻലാൽ ഒരുപാടു പറഞ്ഞിട്ടുണ്ട്. മകളുടെ പേര് മുതൽ ഇങ്ങോട്ടു പലപ്പോഴും ‘വിസ്മയം’ മോഹൻലാലുമായി ചേർന്നിരിന്നു. ഒരുപാടുസിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭത്തിലും അത്പോലൊരു വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.  

മലയാള സിനിമ എത്തിച്ചേർന്നിരിക്കുന്ന ഏറ്റവും ഉയർന്ന ദൃശ്യവിസ്മയമാണ് ബറോസ്. വിഎഫ്എക്സിന്റേയും 3ഡി ദൃശ്യമികവിന്റെയും അദ്ഭുത ലോകം. നൂറ്റാണ്ടുകളായി വിശ്വസ്തതയോടെ നിധികാക്കുന്ന  ഭൂതം- ബറോസ്, അനന്തരാവകാശിക്കു ആ നിധി കൈമാറാൻ അക്ഷമനായി കാത്തിരിക്കുകയാണ്. വഴികാട്ടാൻ ആഫ്രിക്കൻ മാന്ത്രികവിദ്യയുടെ പ്രതീകമായ വുഡൂ എന്ന പാവയും, ഒപ്പം ഭാവി രേഖപ്പെടുത്തിയിരിക്കുന്ന മാന്ത്രിക പുസ്തകവും. 

barroz-mohanlal

ബറോസിനെ നിധി കാവലേൽപ്പിച്ച ഡി ഗാമയുടെ പതിമൂന്നാം തലമുറയിലെ  ഇസബെല്ല എന്ന കുട്ടി നിധിയിലേക്കു തിരികെ എത്തുമ്പോൾ കാത്തിരിക്കുന്ന ഒരുപാട് പ്രതിബന്ധങ്ങളും തക്കം നോക്കിയിരിക്കുന്ന ദുഷ്ടശക്തികളും പലപ്പോഴും ഈ പ്രവചനങ്ങളെ തെറ്റിക്കുന്നുണ്ട്. ഇതൊക്കെ മറികടന്ന് ബറോസിന് ഇസബെല്ലയ്ക്ക് ആ താക്കോൽ കൈമാറാകുമോ?.  മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കിയത്.

എന്താണ് ബറോസിൽ മോഹൻലാൽ എന്ന സംവിധായകനും നടനും നൽകിയിരിക്കുന്നത്?

വിമോചനത്തിനായി നിധിയുടെ താക്കോൽ കൈമാറാൻ കാത്തിരിക്കുന്ന ബറോസിനെ വഴികാട്ടിയും ചിലപ്പോഴൊക്കെ കളിയാക്കിയും  കൂടെ നിൽ‍ക്കുന്ന വൂഡു പാവയും, ഇതാ മോചനമെത്തിയെന്നു തോന്നിപ്പിച്ചു ഒളിച്ചുകളിക്കുന്ന ഇസബെല്ലയും ഇരുവരും ലക്ഷ്യത്തിലെത്താതിരിക്കാനുള്ള മാർഗം നോക്കിയിരിക്കുന്ന ദുഷ്ട ശക്തികളെയുമൊക്കെ ഒരു മുത്തശ്ശിക്കഥ പോലെ, മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് സന്തോഷ് ശിവൻ. ത്രിഡി ക്യാമറയിൽ തന്നെ ഷൂട്ട് ചെയ്തിരിക്കുന്നതുകൊണ്ടു തന്നെ മോഹൻലാൽ സൃഷ്ടിച്ചെടുത്ത അമ്പരപ്പിക്കുന്ന കാഴ്ചാനുഭവം അതേ അളവിൽ പ്രേക്ഷകനും അനുഭവപ്പെടും.

മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്തമായ രീതിയിലാണ് മോഹൻ‍ലാൽ ബറോസെന്ന ഭൂതത്തെയും, ഒപ്പം അയാളുടെ 3 പതിറ്റാണ്ട് മുൻപുള്ള ജീവിതത്തെയും അവതരിപ്പിച്ചിരിക്കുന്നത്.

3ഡി ദൃശ്യങ്ങളുടെ മികവ് എടുത്തുപറയാതിരിക്കാന്‍ കഴിയില്ല. ഒപ്പം കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിലുള്ള നിറപ്പകിട്ടാര്‍ന്ന വിഎഫ്എക്സാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാമത്തമ്പുരാന്റെ കാലഘട്ടവും, നിലവിലെ ഗോവയും മറഞ്ഞുകിടക്കുന്ന ബറോസിന്റെ നിലവറയുമൊക്കെ സന്തോഷ് രാമൻ അതിഗംഭീരമായി ഒരുക്കിയിരിക്കുന്നു.  ഹോളിവുഡ് സിനിമകളിലെ വിഷ്വൽ എഫക്ടുകള്‍ കണ്ടുശീലിച്ചവർക്കും ഇത് കൊള്ളാമല്ലോ എന്നുതോന്നുന്ന ചില രംഗങ്ങളും ബറോസിലുണ്ട്.

വിസ്മയം- മോഹൻലാൽ എന്ന അതുല്യനടന്റെ ഒരു പക്ഷേ ഏറ്റവും ഇഷ്ടമുള്ള ആവർത്തിക്കുന്ന വാക്ക്. ഇത്തരത്തിലുള്ള വിസ്മയക്കാഴ്ചകൾ പകർന്നു തരുന്നതിനൊപ്പം സിനിമയുടെ അവസാനം ഒരു ചെറിയ അമ്പരപ്പും ഒരുക്കിയിട്ടുണ്ട്. കയ്യടിയോടെയാണ് തിയറ്ററിൽ ആ വരവ് ആളുകൾ സ്വീകരിച്ചത്.

1980 ഡിസംബർ 25ന് വില്ലനായെത്തി മലയാളികളുടെ മനസ് കീഴടക്കിയ മോഹൻലാൽ, സംവിധാനക്കുപ്പായമണിഞ്ഞെത്തി  മറ്റൊരു ഡിസംബർ 25ന് കുട്ടികളുടെ ഉൾപ്പടെ ഹൃദയം കീഴടക്കുന്നു. പശ്ചാത്തല സംഗീതം മാർക്ക് കിലിയനാണ്. ലിഡിയൻ നാദസ്വരത്തിന്റെ അതി ലളിതവും ഹൃദ്യവുമായ ഗാനങ്ങളാണ് മറ്റൊരാകർഷണം. 

മലയാളത്തിലുള്ള ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും ലക്ഷ്മി ശ്രീകുമാറും കൃഷ്ണദാസും ചേർന്നാണ്. ഇംഗ്ലിഷ് ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഫെർണാണ്ടോ ഗ്വെയ്‌റോ, മിഗ്വൽ ഗുറേറോ എന്നിവരാണ്. ക്രിയേറ്റിവ് ഹെഡ് ടി.കെ. രാജീവ് കുമാർ. എഡിറ്റിങ് ബി. അജിത് കുമാർ. അഡിഷനൽ ഡയലോഗ് റൈറ്റർ കലവൂർ രവികുമാർ. സ്റ്റണ്ട്സ് ജെ.കെ. സ്റ്റണ്ട് കോ ഓഡിനേറ്റർ പളനിരാജ്. ഗുരു സോമസുന്ദരം, മോഹൻ ശർമ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ബറോസിൽ അഭിനയിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ഇഷ്ടപെടുന്ന ചിത്രമാണ് ബറോസ്. എന്നാൽ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള സിനിമയുമല്ല ഇത്. ഈ ക്രിസ്മസ്–പുതുവത്സരാവധിക്കാലത്ത് കുടുംബത്തിനും കുട്ടികൾക്കും മറ്റെല്ലാ സിനിമാപ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന, ഇഷ്ടപ്പെടുന്ന ലാൽ ഭാഷയിൽ പറഞ്ഞാൽ ‘വിസ്മയം’ തന്നെയാണ് ബറോസ്.

English Summary:

Barroz Malayalam Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com