സഹോദരനെയും അമ്മാവനെയും വെടിവച്ച് കൊന്ന കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി
Mail This Article
കോട്ടയം ∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ (54) കുറ്റക്കാരനാണെന്ന് അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസർ കണ്ടെത്തി. ശിക്ഷയെപ്പറ്റി ഇന്നു വാദം നടക്കും. ഇന്നുതന്നെ കോടതി ശിക്ഷ വിധിച്ചേക്കും. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരാണു കൊല്ലപ്പെട്ടത്.
വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ (ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം), കൊലപാതകം (ഇരട്ട ജീവപര്യന്തമോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം), വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി (7 വർഷം വരെ തടവുശിക്ഷ ലഭിക്കാം) എന്നീ കുറ്റങ്ങൾ ജോർജ് കുര്യൻ ചെയ്തിട്ടുണ്ടെന്നാണു കോടതിയുടെ കണ്ടെത്തൽ.
50 വെടിയുണ്ടകൾ നിറച്ച വിദേശനിർമിത തോക്കുമായെത്തി 6 റൗണ്ട് വെടിവച്ചെന്നാണു തെളിഞ്ഞത്. തോക്കിനു ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചെന്നും കണ്ടെത്തി. പ്രധാന സാക്ഷികൾ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകൾ പ്രതിക്കെതിരായിരുന്നു.
ഹൈദരാബാദ് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടറും ബാലിസ്റ്റിക് എക്സ്പെർട്ടുമായ എസ്.എസ്.മൂർത്തി കോടതിയിൽ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതി ഉപയോഗിച്ച തോക്കുകൊണ്ട് ബാലിസ്റ്റിക് വിദഗ്ധൻ വെടിവച്ചു പരിശോധന നടത്തുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരുടെ ദേഹത്തുനിന്നു കണ്ടെടുത്ത വെടിയുണ്ട ഈ തോക്കിൽ മാത്രമേ നിറയ്ക്കാൻ കഴിയൂ എന്നും കണ്ടെത്തി. കൊലപാതകത്തിനു തലേദിവസം ജോർജ് കുര്യൻ സഹോദരിയുമായി നടത്തിയ വാട്സാപ് ചാറ്റ് അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കൊലപാതകം നടത്തുമെന്നുള്ള സൂചന അതിലുണ്ടായിരുന്നു. ചാറ്റ് ഡിലീറ്റ് ചെയ്തെങ്കിലും എറണാകുളം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്തിയാണു വീണ്ടെടുത്തത്.
2022 മാർച്ച് ഏഴിനാണു വെടിവയ്പുണ്ടായത്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്. 2023 ഏപ്രിൽ 24നു വിചാരണ ആരംഭിച്ചു. ജോർജ് കുര്യൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.
വാട്സാപ് സന്ദേശം തെളിവായി; മുൻകൂട്ടി തീരുമാനിച്ച കൊലപാതകമെന്ന് കണ്ടെത്തൽ
കോട്ടയം ∙ ‘നാളെ ചിലതു സംഭവിക്കും. അതു പത്രങ്ങളിൽ തലക്കെട്ട് ആകും.’ സ്വത്തുതർക്കത്തെത്തുടർന്ന് ഇരട്ടക്കൊലപാതകം നടത്തിയ കേസിലെ പ്രതി ജോർജ് കുര്യൻ സഹോദരിക്കയച്ച ഈ വാട്സാപ് സന്ദേശം വീണ്ടെടുക്കാനായതിലൂടെ കൊലപാതകത്തിനു പ്രതി മുൻകൂട്ടി പദ്ധതി തയാറാക്കിയെന്നു കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞു. അനുരഞ്ജനത്തിനു സഹോദരി ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞുപോയെന്നായിരുന്നു ജോർജ് കുര്യന്റെ മറുപടിയെന്നും കണ്ടെത്തി.
സഹോദരങ്ങൾ തമ്മിൽ കാലങ്ങളായി നടന്നുവന്ന സ്വത്തുതർക്കം വെടിവയ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിനു തലേദിവസം ജോർജ് കുര്യൻ വീട്ടിലെത്തി പാർക്കിൻസൺസ് രോഗബാധിതനായ പിതാവിനെയും മാതാവിനെയും ദേഹോപദ്രവം ഏൽപിച്ചതായും പൊലീസ് കണ്ടെത്തി. കുടുംബസ്വത്തിൽ നിന്നു 2.33 ഏക്കർ സ്ഥലം വീതമായി കിട്ടണമെന്നതായിരുന്നു ആവശ്യം. സ്വത്ത് നൽകാൻ മാതാപിതാക്കളും സഹോദരനും തയാറായിരുന്നു. എന്നാൽ ജോർജ് കുര്യൻ ആവശ്യപ്പെടുന്ന അത്രയും സ്വത്ത് നൽകാൻ തയാറായിരുന്നില്ല. ഇതാണു തർക്കത്തിന് ആധാരമെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിനു രണ്ടാഴ്ച മുൻപ് കാഞ്ഞിരപ്പള്ളി പ്ലാന്റേഴ്സ് ക്ലബ്ബിലെ ഗെസ്റ്റ് ഹൗസിൽ താമസം തുടങ്ങിയ പ്രതി, സഹോദരനും അമ്മാവനും വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. അമിതവേഗത്തിൽ കാറോടിച്ചു വീട്ടിലെത്തി വാതിൽ തുറന്ന് വെടിവച്ചുകൊണ്ട് മുറിക്കകത്തേക്കു കടക്കുകയായിരുന്നു. മാത്യു സ്കറിയയ്ക്കും രഞ്ജുവിനും വാതിലിൽവച്ചുതന്നെ വെടിയേറ്റു. ആദ്യം ഹൃദയത്തിൽ വെടിയേറ്റ രഞ്ജു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും വെടിവച്ചെന്നും നെഞ്ചിൽ വെടിയേറ്റു വീണ മാത്യു സ്കറിയയുടെ നെറ്റിയിൽ വീണ്ടും വെടിവച്ചെന്നും പൊലീസ് കണ്ടെത്തി.
ശബ്ദം കേട്ടെത്തിയവരെയും വീട്ടിലെ ജോലിക്കാരി ഉൾപ്പെടെയുള്ളവരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചെന്നും കേസ് ഡയറിയിലുണ്ട്. കേസിൽ എസ്റ്റേറ്റ് റൈറ്റർ വിൽസൻ, വീട്ടിലെ ഡ്രൈവർ മഹേഷ്, ജോലിക്കാരി സുജ എന്നിവരുടെ മൊഴി നിർണായകമായി. ഹൈദരാബാദ് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ ഡിഎൻഎ വിദഗ്ധൻ ഡോ. എ.കെ.റാണയുടെ മൊഴിയും നിർണായകമായി.