കെ.കെ.കൊച്ച്: ദലിത് രാഷ്ട്രീയത്തിന്റെ അകം കണ്ട ജ്ഞാനസഞ്ചാരി

Mail This Article
തളരാത്ത ധൈഷണികജാഗ്രതയുടെയും പോരാട്ടവീര്യത്തിന്റെയും മറുപേരായിരുന്നു കെ.കെ.കൊച്ച്. ജാതീയതയിൽ മുങ്ങിയ പൊതുശീലങ്ങളോടു രാജിയാകാതെ അദ്ദേഹം ചരിത്രത്തെയും വർത്തമാനത്തെയും നിരന്തരമായി വിചാരണ ചെയ്തു. സ്വന്തം ബോധ്യങ്ങളുടെ വെളിച്ചത്തിൽ മാത്രം സഞ്ചരിച്ചു. ദലിത് ചിന്തകൻ, സാമൂഹികപ്രവർത്തകൻ എന്നീ നിലകളിലെല്ലാം മായാത്ത കയ്യൊപ്പിട്ടാണ് അദ്ദേഹം മടങ്ങുന്നത്.
പുരോഗമനത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന മലയാളിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ജാതീയത തുറന്നുകാട്ടുന്നതിനുള്ള പോരാട്ടത്തിനിടെ ദലിത് ജീവിതത്തിന്റെ തീവ്രയാഥാർഥ്യങ്ങളും അദ്ദേഹം കാട്ടിത്തന്നു. അവരുടെ ക്ഷേമത്തിനായി നിരന്തരം പോരാടി. തന്റെ ആത്മകഥയ്ക്ക് ‘ദലിതൻ’ എന്നല്ലാതെ മറ്റൊരു പേരിടാൻ അദ്ദേഹം ആലോചിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന് അതിനാകുമായിരുന്നില്ല താനും.

പുല്ലു വിറ്റുകിട്ടിയ വരുമാനം കൊണ്ടാണ് കൊച്ചിന്റെ അമ്മ കുഞ്ഞുപെണ്ണ് വീടു പുലർത്തിയത്. പാലും പഞ്ചസാരയും ചേർത്ത ചായയോ കാപ്പിയോ വീട്ടിലൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പിൽക്കാലത്ത് ഓർമിച്ചു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളപ്പെടുന്ന ദലിത് ജീവിതവ്യഥകൾ അദ്ദേഹം കുട്ടിക്കാലത്തേ അറിഞ്ഞ യാഥാർഥ്യമായിരുന്നു.
ഭക്തിമാർഗം, യുക്തിവാദം, ഇടതുചിന്ത, ദലിത് ചിന്ത...വേറിട്ട വഴികളിലൂടെയായിരുന്നു സഞ്ചാരം. കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെക്കുറിച്ചുള്ള വായനയിലൂടെയായിരുന്നു ഭക്തി ഉപേക്ഷിച്ചു യുക്തിവാദിയായത്. പിന്നീടു ശ്രീനാരായണഗുരുവിന്റെ കൃതികളിലൂടെയുള്ള യാത്രയിൽ മാർക്സിസ്റ്റ് ദാർശനികധാരകളെ ഒന്നാകെ കൈവെടിഞ്ഞു. ദലിത് ജീവിതത്തെ മുൻനിർത്തിയുള്ള ധൈഷണിക, സാമൂഹിക പ്രവർത്തനങ്ങളിൽ അവസാന ശ്വാസം വരെ ഇടപെട്ടു. ആ ധൈഷണിക സംഭാവനകളെ വിസ്മരിച്ചുകൊണ്ട് കേരളസമൂഹത്തിനു മുന്നോട്ടുപോകാനാകില്ല.
സ്കൂളിൽ പഠിക്കുമ്പോൾ പാവം കുട്ടിയായിരുന്ന കൊച്ച്, വർഷങ്ങൾക്കുശേഷം നക്സലൈറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതു ബന്ധുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാനായില്ല. അവിശ്വസനീയമായ അത്തരം ഇടപെടലുകൾ പിന്നീട് നിരന്തരം നടത്തി. മധുരവേലി ഇൻഫന്റ് ജീസസ് എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കെ 16 ദിവസം ജയിൽശിക്ഷ അനുഭവിച്ചു. പ്രീഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം സാഹിത്യത്തിലും മുഴുകി. കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയത്തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നീ സംഘടനകൾ രൂപീകരിക്കുന്നതിനു നേതൃത്വം വഹിച്ചു. സീഡിയൻ സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും ‘സീഡിയൻ’ വാരികയുടെ പത്രാധിപരുമായിരുന്നു. സൂചകം വാരികയുടെ പത്രാധിപത്യവും വഹിച്ചു. സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസിന്റെ ജനറൽ മാനേജരായും പ്രവർത്തിച്ചു.
വല്യച്ഛൻ പകർന്ന തീപാറുന്ന ഓർമകളിൽനിന്നാണ് ദലിത് അവസ്ഥയുടെ തീവ്രത അദ്ദേഹം ആദ്യമായി അനുഭവിച്ചത്. അവഗണനയുടെ ഓരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ട സ്വന്തം ജനതയെ കരകയറ്റാനുള്ള ഇച്ഛാശക്തി എക്കാലവും പ്രകടിപ്പിച്ചു. അർബുദം പിടികൂടിയപ്പോഴും അതു ശരീരത്തിലല്ലാതെ, ആ നിതാന്ത ജാഗ്രതയിൽ തൊട്ടില്ല.