നവകേരള സദസ്: വിമാനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഫർസീൻ മജീദ് കരുതൽ തടങ്കലിൽ
Mail This Article
കണ്ണൂർ∙ നവകേരള സദസ് മട്ടന്നൂരിൽ നടക്കുന്നതിനു മുന്നോടിയായി ഫർസീൻ മജീദിനെ കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ ഉൾപ്പെടെ ഒൻപതുപേരെയാണ് മട്ടന്നൂരിലും ഇരിട്ടിയിലുമായി കരുതൽ തടങ്കലിലാക്കിയത്. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ പ്രതിയാണ് ഫർസീൻ മജീദ്.
ഫർസീൻ മജീദിനൊപ്പം യുത്ത് കോൺഗ്രസ് പ്രവർത്തകരായ ഷാനിദ്, ജിതിൻ, അർജുൻ, എബിൻ, തുടങ്ങി യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയുമാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. നവകേരള സദസിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.