ADVERTISEMENT

ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ടുള്ള പ്രൗഢനാമങ്ങളിലൊന്നാണ് ഐഎൻഎസ് രാജ്പുത്. രാജ്പുത് ക്ലാസ് എന്നൊരു കപ്പൽശ്രേണി തന്നെ നേവിയിലുണ്ട്.ഇതിനു തുടക്കമിട്ടത് ഇന്ത്യ 1948ൽ ബ്രിട്ടനിൽ നിന്നു വാങ്ങിയ എച്ച്എംഎസ് റോത്തർഹാം എന്ന കപ്പലാണ്. ഇതിന്റെ പേര് ഐഎൻഎസ് രാജ്പുത് എന്നാക്കി മാറ്റി. ബ്രിട്ടിഷ് നാവികസേനയുടെ ഭാഗമായിരുന്നപ്പോൾ ജപ്പാനെതിരെയുള്ള ഒട്ടേറെ നാവിക ദൗത്യങ്ങളിൽ റോത്തർഹാം പങ്കെടുത്തിരുന്നു.സിംഗപ്പൂരിൽ 34000 ജാപ്പനീസ് നാവികർ കീഴടങ്ങിയത് റോത്തർഹാമിലെ കമാൻഡറുടെ മുന്നിലാണ്.

1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ  പാക്കിസ്ഥാൻ അന്തർവാഹിനി പിഎൻഎസ് ഗാസിയെ മുക്കിയ കപ്പൽ. ഐഎൻഎസ് രാജ്പുത് എന്ന യുദ്ധക്കപ്പലിന്റെ ഏറ്റവും വലിയ വിശേഷണം അതാണ്.1963ൽ യുഎസ് തങ്ങളുടെ മുങ്ങിക്കപ്പൽ ഡയബ്ലോയെ പാക്കിസ്ഥാനു നൽകി.1964 ൽ ‘പിഎൻഎസ് ഗാസി’ എന്ന പുതിയ പേരു സ്വീകരിച്ച ഡയബ്ലോ പാക്ക് നാവികസേനയുടെ ഭാഗമായി കറാച്ചി നാവികകേന്ദ്രത്തിലെത്തി.

പാക്ക് സൈന്യത്തിന്‌റെ ആദ്യ അന്തർവാഹിനിയായിരുന്നു ഇത്.1971ൽ ബംഗ്ലാ വിമോചന പ്രസ്ഥാനം കിഴക്കൻ പാക്കിസ്ഥാനിൽ ശക്തി പ്രാപിച്ചു.ഇന്ത്യയുടെ പിന്തുണയും ബംഗ്ലാ പോരാളികൾക്കു ലഭിച്ചതോടെ പാക്കിസ്ഥാൻ യുദ്ധത്തിനൊരുങ്ങി.കരസേന മാത്രമല്ല, നാവിക, വ്യോമസേനകളും യുദ്ധത്തിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ കണക്കുകൂട്ടി.ഐഎൻഎസ് വിക്രാന്തെന്ന ഇന്ത്യൻ സേനയുടെ കൈയിലുള്ള മികവേറിയ വിമാനവാഹിനിക്കപ്പലിനെ മുക്കാൻ ഉദ്ദേശിച്ച് അവർ ഗാസിയെ അയച്ചു.

ship - 1
Image Credit: Canva AI

ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു. എന്നാൽ നീക്കം തിരിച്ചറിഞ്ഞ ഇന്ത്യൻ നേവി വിക്രാന്തിനെ സുരക്ഷിതമായി വിശാഖപട്ടണത്തു നിന്ന് ആൻഡമാൻ ദ്വീപുകളിലെ പോർട് എക്സ്റേ എന്ന രഹസ്യ സ്ഥലത്തേക്കു മാറ്റി.

ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് രാജ്പുത്തിനെ വിക്രാന്ത് എന്ന വ്യാജേന വിശാഖപട്ടണത്തു നിർത്തി.വിക്രാന്തിലേക്കെന്ന രീതിയിൽ രാജ്പുത്തിലേക്കു സേനാകേന്ദ്രങ്ങൾ സന്ദേശങ്ങൾ അയച്ചു.ഇതു പിടിച്ചെടുത്ത പാക്കിസ്ഥാൻ സേന വിക്രാന്ത് വിശാഖപട്ടണത്തു തന്നെയുണ്ടെന്നു തെറ്റിദ്ധരിച്ചു.

പിഎൻഎസ് ഗാസി മുംബൈ നാവിക മേഖല വിട്ട് ശ്രീലങ്ക ചുറ്റി മദ്രാസ് മേഖലയിൽ എത്തി. പിന്നീട് വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടർന്നു.ഡിസംബർ മൂന്നിന് രാത്രി പന്ത്രണ്ടോടെ ഐഎൻഎസ് രാജ്പുത് ഗാസിയെ തേടി വിശാഖപട്ടണത്തു നിന്നു പുറപ്പെട്ടു.

രാത്രി പന്ത്രണ്ടേകാലോടെ രാജ്പുത് വിശാഖപട്ടണത്തിനു സമീപമുള്ള ഡോ‍ൾഫിൻ‌ ബോയ് എന്ന സമുദ്രമേഖലയിലെത്തി.അന്തർ വാഹിനികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡെപ്ത് ചാർജ് എന്ന ബോംബുകൾ കപ്പൽ തയാറാക്കി നിർത്തി.അര നോട്ടിക്കൽ മൈൽ അകലെ ഏതോ അന്തർവാഹിനി എത്തിയതായി ഇതിനിടെ രാജ്പുത്തിന്റെ സോണാർ റൂമിൽ അറിയിപ്പു വന്നു.

രാജ്പുത്തിന്റെ ക്യാപ്റ്റൻ ഇന്ദർ സിങ് കപ്പലിനെ വെട്ടിച്ചുമാറ്റാൻ നിർദേശം നൽകി.കടലിലേക്കു രണ്ട് ബോംബുകൾ അയയ്ക്കുകയും ചെയ്തു.രണ്ട് വൻസ്ഫോടനങ്ങൾ കടലിൽ നടന്നു.നിമിഷങ്ങൾ കടന്നു പോയി.വെള്ളത്തിലേക്ക് എണ്ണ ഉയർന്ന് ഒരു പാട രൂപപ്പെട്ടു.പിഎൻഎസ് ഗാസി സ്ഫോടനത്തിൽ തകർന്നു.

ഐഎൻഎസ് രാജ്പുത് 5 വർഷം കൂടി ഇന്ത്യൻ നാവികസേനയിൽ തുടർന്നു 1976ൽ ഇതു ഡീക്കമ്മിഷൻ ചെയ്തു.1980ൽ ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മറ്റൊരു പടക്കപ്പലിന് ഇതിന്റെ സ്മരണാർഥം രാജ്പുത്തെന്നു പേരു നൽകി. ഇന്ത്യയുടെ ആദ്യ ഡിസ്ട്രോയർ ആ കപ്പലാണ്. ആദ്യമായി ബ്രഹ്മോസ് മിസൈൽ ഫയർ ചെയ്ത നാവിക കപ്പലും ഇതു തന്നെ. ഈ കപ്പൽ കുറച്ചുവർഷങ്ങൾക്കു മുൻപ് ഡീക്കമ്മിഷൻ ചെയ്തു.

English Summary:

INS Rajput, the destroyer of Pakistani submarine PNS Ghazi during the 1971 war, is a legend of the Indian Navy. Learn about its heroic role in the Bangladesh Liberation War and its legacy.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com