വീട്ടുജോലിക്ക് തടവുകാരനെ ഉപയോഗിച്ചു, ക്രൂരമായി മർദിച്ചു: ജയിൽ മുൻ ഡിഐജി കുറ്റക്കാരി
Mail This Article
ചെന്നൈ∙ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച വെല്ലൂർ റേഞ്ച് ജയിൽ മുൻ ഡിഐജി ആർ.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ‘തടവുകാരെ മാത്രമല്ല, പൊലീസുകാരെയും വീട്ടുജോലിക്ക് ഓർഡർലിമാരായി നിയമിക്കരുത്. മുൻ ഡിഐജിക്കെതിരെ വകുപ്പുതല നടപടിയെടുക്കണം’– കോടതി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ഗൗരവമായി തന്നെ നേരിടുമെന്നും കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസിന്റെ പേരിൽ വകുപ്പുതല നടപടി വൈകിപ്പിക്കരുതെന്നും നിർദേശിച്ചു. മറ്റാരെങ്കിലും ജയിൽ തടവുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡിജിപിയെ കോടതി ചുമതലപ്പെടുത്തി.
ശിവകുമാർ എന്ന തടവുകാരനെക്കൊണ്ടാണു രാജലക്ഷ്മി വീട്ടുജോലി ചെയ്യിച്ചിരുന്നത്. അതിനിടെ, ഇവരുടെ വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. തുടർന്ന്, ശിവകുമാറാണു മോഷ്ടാവെന്ന് ആരോപിച്ച് ജയിൽ അധികൃതർ ഇയാളെ ക്രൂരമായി മർദിച്ചു. അതിനെതിരെ ശിവകുമാറിന്റെ മാതാവാണു ഹൈക്കോടതിയെ സമീപിച്ചത്. രാജലക്ഷ്മിയെ കൂടാതെ ജയിൽ അഡിഷനൽ സൂപ്രണ്ട് എ.അബ്ദുൽറഹ്മാൻ അടക്കം 5 പേർ കേസിൽ പ്രതികളാണ്.