ADVERTISEMENT

ഒരുമിച്ചെടുത്ത ഭവനവായ്പയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേപോലെ ആദായ നികുതി ഇളവ് കിട്ടുമെന്ന വിശ്വാസത്തില്‍ നികുതി ആസൂത്രണം ചെയ്തവര്‍ ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട് പണിയാനായി ശമ്പളവരുമാനക്കാരായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഭവന വായ്പ എടുക്കുന്നത് പതിവാണ്. ഏറ്റവും കൂടുതല്‍ ആദായ നികുതി ഇളവ് ലഭിക്കുന്ന ഏക വായ്പയാണ് ഭവന വായ്പ. മുതലിന്റെ തിരിച്ചടവ് 80 സിയിലും പലിശയടവില്‍ രണ്ട് ലക്ഷം രൂപവരെ 80 സിക്ക് പുറത്തും ലഭിക്കും. ഈ ഇളവുകള്‍ ജോയിന്റായി വായ്പ എടുത്ത ഭാര്യയ്ക്കും ഭര്‍ത്താവിനും ലഭിക്കുമോ? രണ്ട് പേര്‍ക്കും ലഭിക്കില്ലെങ്കില്‍ ഭാര്യയ്ക്ക് എത്രവീതവും ഭര്‍ത്താവിന് എത്രവീതവും ലഭിക്കും? ഈ വര്‍ഷത്തെ നികുതിയാസൂത്രണത്തിന്റെ  ഈ അവസാനഘട്ടത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഭാര്യയ്ക്കും ഭര്‍ത്താവിനും നികുതി ഇളവ് കിട്ടാന്‍ എന്താണ് വ്യവസ്ഥ?

വായ്പ എടുത്ത് വാങ്ങുന്ന അല്ലെങ്കില്‍ നിര്‍മിക്കുന്ന വീടിന്റെ ഉടമസ്ഥതയില് രണ്ട് പേര്‍ക്കും  അവകാശം ഉണ്ടായിരിക്കണം. രണ്ട് പേരും കൂടി വായ്പ എടുത്ത് നിര്‍മിക്കുന്ന വീടിന്റെ ഉടമസ്ഥതയില്‍ ഭാര്യയ്ക്ക് അവകാശം ഇല്ലെങ്കില്‍ ആദായ നികുതി ഇളവ് ഭാര്യയ്ക്ക് ലഭിക്കില്ല. അതായത് വീട് റജിസ്റ്റര്‍ ചെയ്യുന്നത് ഒരാളുടെ പേരില്‍ മാത്രമാണ് എങ്കില്‍ രണ്ടാമത്തെ ആള്‍ക്ക് നികുതി ഇളവ് ലഭിക്കില്ല.

വീടിന്റെ ഉടമസ്ഥത രണ്ട് പേര്‍ക്കുമുണ്ട്. പക്ഷേ വായ്പ ഒരാളുടെ പേരിലാണ്. എങ്കില്‍ രണ്ട് പേര്‍ക്കും നികുതി ഇളവ് ലഭിക്കുമോ

ഭാവന വായ്പ എടുത്തിരിക്കുന്നതും രണ്ട് പേരും കൂടി ചേര്‍ന്നായിരിക്കണം. അല്ലെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല. അതായത് ഒരാള്‍ വായ്പയുടെ അപേക്ഷകനും മറ്റേയാള്‍ കോ ആപ്ലിക്കന്റോ കോ ബോറോവറോ ആയിരിക്കണം.

പലിശയടവ്, മുതലടവ് എന്നിവയില്‍ രണ്ട് പേര്‍ക്കും എത്രവീതം നികുതിയിളവ് ലഭിക്കും.

ഭവന വായ്പയില്‍ ലഭ്യമാകുന്ന ആദായ നികുതി ഇളവ് രണ്ട് പേര്‍ക്കും മുഴുവനായി ലഭിക്കില്ല. വീടിന്റെ ഉടമസ്ഥതയില്‍ എത്രമാത്രം അവകാശമാണോ അതിനനുസരിച്ച് ആദായ നികുതി ഇളവും ഭാഗിച്ച് എടുക്കണം. വീടിന്റെ ഉടമസ്ഥതയില്‍ രണ്ട് പേര്‍ക്കും തുല്യ അവകാശം ആണെങ്കില്‍ നികുതി ഇളവും തുല്യമായി ഭാഗിച്ച് എടുക്കാം. ഉദാഹരണത്തിന് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയടവിനാണ് നികുതി ഇളവ്. അത്രയും തുക പലിശയടവായി നല്‍കിയിട്ടുണ്ട് എങ്കില്‍ ഭാര്യയ്ക്ക് ഒരു ലക്ഷവും ഭര്‍ത്താവിന് ഒരു ലക്ഷവും ക്ലെയിം ചെയ്ത് നികുതി ഇളവ് നേടാം.

ഭാര്യയ്ക്ക് നികുതിയിളവ് ആവശ്യമില്ലെങ്കില്‍ ഭര്‍ത്താവിന് മുഴുവനായും നികുതിയിളവ് ക്ലെയിം ചെയ്യാമോ?

വീടിന്റെ ഉടമസ്ഥതയില്‍ തുല്യപങ്കാളിത്തവും വായ്പ ജോയിന്റായിട്ടാണ് എടുത്തതുമെങ്കില്‍ പലിശയടവ്, മുതലടവ് എന്നിവയുടെ പകുതി മാത്രമേ ഒരാള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയൂ. ഭാര്യയ്ക്ക് നികുതി ഇളവ് ആവശ്യമില്ലെങ്കില്‍ ആ തുകകൂടി ഭര്‍ത്താവിന് ക്ലെയിം ചെയ്യാന്‍ കഴിയില്ല.

ഒരാള്‍ മാത്രമേ തിരിച്ചടവിന് പണം മുടക്കുന്നുള്ളൂ എങ്കില്‍ ഇളവ് പൂര്‍ണമായും അയാള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുമോ?

കോ ബോറോവറില്‍ നിന്ന് നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം ക്ലെയിം ചെയ്യാം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേപോലെ ഇളവ് ക്ലെയിം ചെയ്യാം എന്ന വിശ്വാസത്തില്‍ നികുതി കണക്കാക്കിയിരുന്നുവെങ്കില്‍ അക്കാര്യം പരിശോധിച്ച് ഉചിതമായ മാറ്റം വരുത്തണം.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Can Couple Claim Housing Loan Tax Benefits togrethe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com