അവസാന നിമിഷം പേടകം തകർന്നു വീണു? ചന്ദ്രനിൽ വീണ്ടുമൊരു ലാൻഡിങ് ‘ദുരന്തം’
Mail This Article
ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാമെന്ന ജപ്പാന്റെയും റാഷിദ് റോവർ ഇറക്കി ചരിത്രം കുറിയ്ക്കാമെന്ന യുഎഇയുടെയും ഹകുട്ടോ-ആർ ദൗത്യം പരാജയപ്പെട്ടു. ഇന്ത്യക്ക് മുൻപേ ജപ്പാന്റെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ലാൻഡിങ്ങിന്റെ അവസാന നിമിഷം പേടകം തകർന്നു വീണെന്നാണ് റിപ്പോർട്ട്.
ജപ്പാനിലെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ദൗത്യമാണ് രാജയപ്പെട്ടത്. യുഎഇയുടെ റാഷിദ് റോവറും വഹിച്ചുള്ള ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇന്ത്യയുടെ ചന്ദ്രയാനും ഇസ്രയേലിന്റെ സ്വകാര്യ കമ്പനിയുടെ പേടകത്തിനും സംഭവിച്ചത് തന്നെയാകാം കഴിഞ്ഞ ദിവസത്തെ ലാൻഡിങ്ങിലും സംഭവിച്ചതെന്ന് ഗവേഷകർ പറയുന്നു.
പേടകവുമായി ആശയവിനിമയം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല, പേടകത്തിന് ചന്ദ്രോപരിതലത്തിൽ ലാൻഡിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് കരുതുന്നതെന്നും ഐസ്പേസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ സ്‌പേസ് എക്‌സ് ഫാൽക്കൺ-9 റോക്കറ്റിൽ വിക്ഷേപിച്ച പേടകം ഒരു മാസം മുൻപാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത്.
മണിക്കൂറിൽ 6,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകം ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ലാൻഡിങ് ശ്രമം തുടങ്ങിയത്. എന്നാൽ, ലാൻഡിങ് ശ്രമത്തിനിടെ ആശയവിനിമയം തടസ്സപ്പെടുകയായിരുന്നു. സോഫ്റ്റ് ലാൻഡിങ്ങിന് പേടകത്തിന്റെ വേഗം കുറയ്ക്കേണ്ടതുണ്ട്. ഇത് സാധ്യമാകാതെ വരുമ്പോഴാണ് ദുരന്തം സംഭവിക്കുന്നത്.
ഹക്കുട്ടോ ആർ മിഷൻ1 എന്ന ലാൻഡർ ദൗത്യത്തിനൊപ്പമാണ് യുഎഇയുടെ റാഷിദ് റോവറും വിക്ഷേപിച്ചിരുന്നത്. ലാൻഡറിന്റെ പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് താഴേക്ക് ഇറങ്ങാനായിരുന്നു പദ്ധതി. ബ്രേക്കിങ് ബേൺ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിൽ വേഗം കുറച്ചുകൊണ്ടുവന്ന് ചന്ദ്രോപരിതലത്തിലെ മെയർ ഫ്രിഗോറിസ് എന്ന മേഖലയിലെ അറ്റ്‌ലസ് പടുകുഴിക്കു സമീപം ലാൻഡർ ഇറങ്ങാനായിരുന്നു പദ്ധതി. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗർത്തമാണ് അറ്റ്‌ലസ് ക്രേറ്റർ.
ലോകത്തെ ഏറ്റവും കോംപാക്ടായ റോവർ എന്നാണു റാഷിദ് റോവർ അറിയപ്പെടുന്നത്. ഡിസംബറിൽ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിലേറിയാണ് ഹക്കുട്ടോ റോവറും റാഷിദ് റോവറും ചന്ദ്രനിലേക്കു പുറപ്പെട്ടത്. പത്തു വർഷങ്ങൾക്കു മേൽ സമയമെടുത്താണ് ഈ ലാൻഡർ വികസിപ്പിച്ചെടുത്തത്.
റാഷിദ് റോവറിൽ ചന്ദ്രോപരിതല ദൃശ്യങ്ങൾ പകർത്താനായി 2 ഹൈ റസലൂഷൻ ക്യാമറകളുണ്ട്. കൂടാതെ ചെറിയ ചെറിയ സവിശേഷതകൾ പകർത്താൻ ഒരു മൈക്രോസ്‌കോപിക് ക്യാമറയും ഇവ കൂടാതെ ഒരു തെർമൽ ക്യാമറയുമുണ്ട്. ചന്ദ്രന്‌റെ പ്ലാസ്മ വിവരങ്ങൾ വിലയിരുത്താനായി ലാങ്മ്യുയിർ പ്രോബ് എന്ന ഉപകരണവുമുണ്ട്. ചന്ദ്രനിലെ പൊടിപടലങ്ങളുടെ പശിമ എന്തുകൊണ്ടാണെന്ന വിവരങ്ങൾ ഈ ഉപകരണം നൽകാൻ സാധിക്കും.
English Summary: Japan's 1st private Hakuto-R mission lost with UAE's Rashid rover on the Moon