എക്സിലെ സൈബർ ആക്രമണം: യുക്രെയ്നെ ലക്ഷ്യം വച്ച് മസ്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡാർക്ക് സ്റ്റോം; അറിയേണ്ടതെല്ലാം

Mail This Article
"വമ്പൻ സൈബർ ആക്രമണം" - തന്റെ സമൂഹമാധ്യമ കമ്പനിയായ എക്സിൽ തിങ്കളാഴ്ച നിരവധി തവണ ആവർത്തിച്ച പ്രവർത്തന തടസം വിശദീകരിക്കാൻ ഇലോൺ മസ്ക് ഉപയോഗിച്ചത് ഈ വാക്കുകളാണ്. ഓൺലൈൻ സേവന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം മാത്രം, തിങ്കളാഴ്ച രാത്രിയോടെ മാത്രം ആയിരത്തിലേറെ പരാതികൾ ലഭിച്ചു. രാജ്യാന്തര വ്യാപകമായി 50,000-ലധികം റിപ്പോർട്ടുകളും രേഖപ്പെടുത്തി.
എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇലോൺ മസ്ക് സംശയമില്ലാതെ തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. വലിയൊരു സൈബർ ആക്രമണം നേരിട്ടതായും പിന്നിൽ ഒരു സംഘടിത ശക്തിയോ രാജ്യമോ ഉണ്ടാകാമെന്നും മസ്ക് ആരോപിച്ചു. യുക്രെയ്നിൽ നിന്നുള്ള ഐപി വിലാസമാണ് അക്രമകാരികൾ ഉപയോഗിച്ചതെന്നും മസ്ക് ഒളിയമ്പെയ്തു.

ഡാർക്ക് സ്റ്റോം ടീം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
മസ്കിന്റെ ഈ പ്രസ്താവനകൾക്ക് തൊട്ടുപിന്നാലെ, ഡാർക്ക് സ്റ്റോം ടീം എന്നറിയപ്പെടുന്ന ഒരു ഹാക്കർ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2023-ൽ സ്ഥാപിതമായ ഈ ഗ്രൂപ്പ് സൈബർ ആക്രമണങ്ങളുടെ പേരിൽ കുപ്രസിദ്ധരാണ്.
"ട്വിറ്റർ ഞങ്ങൾ ഓഫ്‌ലൈനാക്കി.": ഡാർക്ക് സ്റ്റോം ടീം ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു:ഒരു തത്സമയ കണക്റ്റിവിറ്റി സ്റ്റാറ്റസ് പേജിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ ഓറഞ്ച് സൈബർ ഡിഫൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡാർക്ക് സ്റ്റോം ടീം പലസ്തീൻ അനുകൂല അജണ്ടയുമായി പ്രവർത്തിക്കുന്ന സംഘമാണ്. നാറ്റോ രാജ്യങ്ങൾ, ഇസ്രയേൽ, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങൾ എന്നിവയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുമെന്ന് അവർ മുൻപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

DDoS ആക്രമണ സാധ്യത
സൈബർ ആക്രമണം ഒരു ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ-ഓഫ്-സർവീസ് (DDoS) ആക്രമണമായിരിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമിതമായ ട്രാഫിക്കിലൂടെ ഒരു പ്ലാറ്റ്‌ഫോമിന്റെ സെർവറുകളെ തകർക്കുകയും സ്ലോഡൗണുകളോ പൂർണ്ണമായ തടസ്സങ്ങളോ ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ ആക്രമണത്തിന്റെ രീതി.
യുക്രെയ്ൻ കണക്ഷൻ?
ഫോക്സ് ബിസിനസ് നെറ്റ്‌വർക്കിന്റെ ലാറി കുഡ്‌ലോയുമായുള്ള അഭിമുഖത്തിൽ, ഈ ആക്രമണം യുക്രെയ്നിൽ നിന്ന് ഉത്ഭവിച്ചതാകാമെന്ന് മസ്ക് ആരോപിച്ചു. "യുക്രെയ്നിൽ നിന്നുള്ള ഐപി വിലാസങ്ങളിൽ നിന്ന് എക്സ് സിസ്റ്റത്തെ തകർക്കാൻ ശ്രമിക്കുന്ന ഒരു വലിയ സൈബർ ആക്രമണം നടന്നുവെന്ന്," അദ്ദേഹം പറഞ്ഞു. എന്നാൽ, ആക്രമണകാരികൾ പലപ്പോഴും തങ്ങളുടെ യഥാർഥ ഐപി മറച്ച് മറ്റ് രാജ്യങ്ങളിലെ ഐപി സംവിധാനങ്ങളിലൂടെ ആക്രമണം നടത്താറുണ്ടെന്നും വിദഗ്ദർ പറയുന്നു

സംശയവും സോഷ്യൽ മീഡിയ പ്രതികരണങ്ങളും
മസ്കിന്റെ അഭിപ്രായങ്ങൾ ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ആഗോള ആശയവിനിമയത്തിന്റെ പ്രധാന ചാനലായ എക്സിനെ യുക്രെയ്ൻ ലക്ഷ്യം വയ്ക്കുമോ എന്ന് ചോദിച്ച് നിരവധി ഉപയോക്താക്കൾ അദ്ദേഹത്തിന്റെ അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ചു.
ഇതുവരെ, ആക്രമണത്തിന്റെ സാങ്കേതിക വിശദാംശങ്ങളോ സാധ്യമായ പ്രതിരോധ നടപടികളോ വ്യക്തമാക്കുന്ന ഔദ്യോഗിക പ്രസ്താവന എക്സ് പുറത്തിറക്കിയിട്ടില്ല. എന്നാൽ, പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മസ്ക് ഉറപ്പിച്ചു പറഞ്ഞു.
താൽക്കാലികം
DDoS ആക്രമണങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും, അവ പലപ്പോഴും താൽക്കാലികമാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. ആക്രമണം രാഷ്ട്രീയ പ്രേരിതമോ, രാജ്യം സ്പോൺസർ ചെയ്തതോ, അതോ ഒരു ഹാക്കിങ് സംഘത്തിന്റെ ഏകോപിത പ്രവർത്തനമോ എന്ന് ഇപ്പോഴും വ്യക്തമല്ല. വരും ദിവസങ്ങളിൽ ചിലപ്പോൾ നിർണായക നീക്കങ്ങൾ ഇലോൺ മസ്ക് നടത്തിയേക്കാം.
