കേരളത്തിലെ ഏക അംഗീകൃത കന്നുകാലി ഇനമായ വെച്ചൂർ പശുക്കൾക്ക് 90 സെന്റി മീറ്ററിൽ താഴെ മാത്രം ഉയരവും പശുക്കൾക്ക് ശരാശരി 130 കിലോഗ്രാമും കാളകൾക്ക് ശരാശരി 170 കിലോഗ്രാമും ഭാരവുമേ ഉണ്ടാവൂ. പുള്ളികളോ വരകളോ ഇല്ലാത്ത വെള്ളയോ എണ്ണ കറുപ്പ് അല്ലെങ്കിൽ കടും തവിട്ടു നിറമോ ഉള്ള വർണലാവണ്യമാണ് വെച്ചൂർ പശുക്കൾക്ക് ഉള്ളത്. കോട്ടയം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമായ വെച്ചൂരിലാണ് ഈ ഇനം കൂടുതലായി കാണപ്പെട്ടത്. അതിനാൽ വെച്ചൂർ പശു എന്ന പേരിൽ പിൽക്കാലത്തു അവ അറിയപ്പെട്ടു. പഠനങ്ങൾ വെളിപ്പെടുത്തുന്നത് പ്രകാരം ചെറിയ കൊഴുപ്പ് കണികൾ (fat globules) അടങ്ങിയതിനാൽ വെച്ചൂർ പശുവിന്റെ പാൽ കുട്ടികൾക്ക് ഏറ്റവും ഉത്തമമാണ്. മറ്റു സങ്കരയിനം പശുക്കളേക്കാൾ പാലുൽപാദനം കുറവാണെങ്കിലും ഒരു കുടുംബത്തിന് ആവശ്യമുള്ള ഗുണമേന്മയുള്ള പാൽ പ്രധാനം ചെയ്യാൻ ഇവയ്ക്കാവും.