മൂർക്കനാട്ട് മിൽമ അഗ്രി -ഡെയറി ഫെസ്റ്റും ഭക്ഷ്യമേളയും തുടങ്ങി
Mail This Article
മൂർക്കനാട് ∙ കേരള ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ വഴി ക്ഷീര മേഖലയിൽ പുതുസംരഭങ്ങൾ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകൾ അനുവദിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക് പൗഡർ ഫാക്ടറിയുടെയും മലപ്പുറം ഡെയറിയുടെയും ഉദ്ഘാടനത്തിന് മുന്നോടിയായി അഗ്രി -ഡെയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ഞളാംകുഴി അലി എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.
നാടൻപശുക്കളുടെ പ്രദർശനത്തിന്റെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് നിർവഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്.മണി നിർവഹിച്ചു. മിൽമ ഭരണസമിതി അംഗങ്ങളായ പി.ശ്രീനിവാസൻ, പി.പി.നാരായണൻ, മലബാർ മിൽമ ഭരണസമിതി അംഗങ്ങളായ കെ.കെ.അനിത, എസ്.സനോജ്, കെ.ചെന്താമര, വി.വി.ബാലചന്ദ്രൻ, ടി.പി.ഉസ്മാൻ, പി.ടി.ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കൊളത്തൂർ ∙ കൗതുകമുണർത്തി നാടൻപശുക്കളുടെ അപൂർവ പ്രദർശനം. ഡെയറി ക്യാംപസിൽ ഒരുക്കിയ പ്രദർശനമാണ് ജനശ്രദ്ധ ആകർഷിച്ചത്. ഗുജറാത്തിൽ നിന്നുള്ള ഗിർ, ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള പുങ്കന്നൂർ, ഗുജറാത്തിൽ നിന്നുള്ള കാൺക്രജ്, വടക്കൻ കർണാടകയിൽ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയിൽ നിന്നുള്ള കപില, രാജസ്ഥാനിൽ നിന്നുള്ള രാത്തി, കേരളത്തിന്റെ സ്വന്തം ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ, പാകിസ്ഥാൻ ജന്മസ്ഥലമായുള്ള താർപാർക്കർ, റെഡ് സിന്ധി എന്നീ ഇനങ്ങളാണ് പ്രദർശനത്തിനുള്ളത്.ഉരുണ്ട നെറ്റിയും നീണ്ടു പിരിഞ്ഞു കിടക്കുന്ന ചെവിയുമുള്ള ഗിർ ഇനങ്ങളിലുള്ള പശുക്കളാണ് ഏറെ കൗതുകമുണർത്തുന്നത്.
പ്രതിദിന പാലുൽപാദനം 6 മുതൽ എട്ടു ലീറ്റർ വരെയാണ്. വലുപ്പത്തിലും ആകാരത്തിലും ഗിർ മുന്നിട്ടു നിൽക്കുന്നുവെങ്കിൽ ഏറ്റവും കുള്ളന്മാരാണ് ആന്ധ്രയിൽ നിന്നുള്ള പുങ്കന്നൂരും കേരളത്തിന്റെ നാടൻ ഇനങ്ങളായ വെച്ചൂരും കാസർകോട് കുള്ളനും. 97 സെന്റീമീറ്റർ മാത്രമാണ് പുങ്കന്നൂരിന്റെ ശരാശരി ഉയരം. കൃഷി ആവശ്യത്തിനും ഭാരം വലിക്കുന്നതിനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.
കൊളത്തൂർ∙ സൗജന്യ മെഡിക്കൽ ക്യാംപ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ.ശശീന്ദ്രൻ, ഫൗസിയ പെരിമ്പള്ളി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സി.ലക്ഷ്മി ദേവി, സിന്ധു, സക്കീർ കളത്തിൽ, വാർഡ് അംഗങ്ങളായ പി.കാസിം, പി.കെ.ഷാഹിന, മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ.സി.ജയിംസ്, മിൽക് പൗഡർ ഫാക്ടറി മാനേജർ പി.അരുൺ എന്നിവർ പ്രസംഗിച്ചു.