ADVERTISEMENT

പ്രാദേശിക വംശീയ ന്യൂനപക്ഷ സമുദായങ്ങളും ബംഗാളി കുടിയേറ്റക്കാരും തമ്മിലുള്ള വിഭാഗീയ സംഘർഷങ്ങൾ കണക്കിലെടുത്ത്, മൂന്ന് തെക്കുകിഴക്കൻ മലയോര ജില്ലകളിൽ യാത്രാ നിരോധനം ഏർപ്പെടുത്തി ബംഗ്ലാദേശ്. അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വംശീയ സംഘർഷങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായാണ് ഞായറാഴ്ച അടിയന്തര യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഒക്ടോബർ 8 മുതൽ 31 വരെ ചിറ്റഗോംഗ് ഹിൽ ട്രാക്ട്സ് (CHT) എന്ന പ്രദേശം സന്ദർശിക്കരുതെന്ന് അധികൃതര്‍ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു. ഒരു ഡസനിലധികം ബുദ്ധമത ഭൂരിപക്ഷ വംശീയ ന്യൂനപക്ഷ ഗ്രൂപ്പുകളുടെ വാസസ്ഥലമാണ് ചിറ്റഗോംഗ് ഹിൽ ട്രാക്ട്സ്. സന്യാസിമാർക്ക് മഞ്ഞ വസ്ത്രങ്ങൾ സമർപ്പിക്കുന്ന "കാതിൻ ചിബോർ ഡാൻ" ഉത്സവം സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നിരോധനം. ഒക്ടോബർ പകുതിയോടെയാണ് ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരുന്നത്.

ചിറ്റഗോംഗ് ഹിൽ ട്രാക്ട്സ് പ്രദേശത്ത് വരുന്ന മൂന്നു മലയോര ജില്ലകളാണ് ഖഗ്രാചാരി, രംഗമതി, ബന്ദർബൻ എന്നിവ. ഈ മൂന്നു ജില്ലകളിലേക്കുമുള്ള പ്രവേശനമാണ് നിരോധിച്ചത്. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടങ്ങളാണ് ഈ മൂന്നു ജില്ലകളും.  

തെക്ക്കിഴക്കൻ ബംഗ്ലാദേശിലെ മനുഷ്യനിർമിത തടാകമാണ് കപ്തൈ തടാകം. രംഗമതി ജില്ലയുടെ കീഴിലുള്ള കപ്തൈ ഉപസിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് പ്രിയങ്കരമായ ജുലോന്റോ തൂക്കുപാലം രംഗമതിയുടെ അടയാളമാണ്. കർണാഫുലി, കപ്‌തൈ പർവതനിരകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന കപ്തൈ ദേശീയോദ്യാനം, ചിറ്റഗോംങ് നഗരത്തിൽ നിന്ന് ഏകദേശം 57 കിലോമീറ്റർ അകലെയായി രംഗമതിയിലാണ് ഉള്ളത്. ഷുവോലോങ് വെള്ളച്ചാട്ടം, ബംഗ്ലാദേശിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സജെക് താഴ്‌വര, സജെക് താഴ്‌വരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കോംഗ്ലാക് ഹഫോംഗിലെ സൂര്യാസ്തമയകാഴ്ചയുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

1437355350
Bangladesh Port

രംഗമതിയുടെ പടിഞ്ഞാറു ഭാഗത്താണ് ഖഗ്രാചാരി ജില്ല. ഇവിടുത്തെ ഗോലമൂൺ, ചോട്ടോ പഞ്ചാരി, കർമി മുറ, ലുട്ടിബാൻ, കുറാഡിയ, ഭംഗ മുറ, ജോപിസിൽ തുടങ്ങിയ മലനിരകള്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതാണ്. 

ബംഗ്ലാദേശിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായാണ് ബന്ദർബൻ കണക്കാക്കപ്പെടുന്നത്. ബന്ദർബൻ എന്ന വാക്കിനർത്ഥം 'കുരങ്ങന്മാരുടെ അണക്കെട്ട്' (Dam of Monkeys) എന്നാണ്. ബംഗ്ലാദേശിലെ ഏറ്റവും ഉയരത്തിലുള്ള തടാകമായ റെയ്ക്കിയാങ് തടാകം ബന്ദർബനിലാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശിലെ മൂന്നാമത്തെ വലിയ പർവ്വതമാഉയ ചിമ്പുക് കൊടുമുടിയും ബോഗ തടാകവും ഈ ജില്ലയിലാണുള്ളത്. പുതുതായി ഏറ്റവും കൂടിയ ഉയരമുള്ള കൊടുമുടിയെന്നു രേഖപ്പെടുത്തിയ താൻചി ഉപാസിലയിലെ സാക ഹപോങ് കൊടുമുടിയും (3488 അടി) ഇവിടെയാണ്.

ബന്ദർബൻ പട്ടണത്തിലെ ഏറ്റവും മനോഹരമായ തടാകമാണ് ബോഗ തടാകം. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തില്‍ നീലനിറത്തില്‍ പരന്നുകിടക്കുന്ന തടാകത്തിന്‍റെ കാഴ്ച അതിമനോഹരമാണ്. ബൌം, ഖുമി എന്നീ വർഗ്ഗക്കാരുടെ അധിവാസ സ്ഥലം ഈ തടാകത്തിനു സമീപമാണ്.

തേരാവദ ബുദ്ധക്ഷേത്രമായ ബുദ്ധ ധത്തു ജാദ, ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ പർവ്വതമായ കിയോക്രാഡോങ, ടൈഗർ ഹിൽ എന്നും പേരുള്ള നിലാചൽ ടൂറിസ്റ്റ് സ്പോട്ട്, സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലുള്ള മിരിഞ്ച പർജതൻ, നഫഖും, ഷോയിലോ പ്രോബത് എന്നീ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ബന്ദർബനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. 

സജീവമായ വിഭാഗീയ പിരിമുറുക്കങ്ങൾക്കിടയിൽ, സജെക് താഴ്‌വരയിലേക്കുള്ള യാത്ര അനിശ്ചിതകാലത്തേക്ക് അധികാരികൾ നിരോധിച്ചിരുന്നു. കഴിഞ്ഞ മാസം ഖഗ്രാചാരി ജില്ലയിൽ മോട്ടോർ സൈക്കിൾ മോഷ്ടിച്ച സംഭവത്തിൽ ബംഗാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതിനെ തുടർന്നാണ് വിഭാഗീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

English Summary:

Bangladesh Bans Tourists from Hill Districts Amidst Ethnic Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT